അനില്‍ ആറന്മുള
സ്റ്റാഫോര്‍ഡ്: ഉറച്ച ശബ്ദവും ആത്മവിശ്വാസം നല്‍കുന്ന ഉള്‍കരുത്തുമായി ഒരു ഇന്ത്യന്‍ വനിത തിരഞ്ഞെടുപ്പിനെ നേരിടുന്നു. ഫോര്‍ട്ട് ബെന്‍ഡ് സ്‌കൂള്‍ ഡിസ്ട്രിക്ട് ട്രസ്റ്റി പൊസിഷന്‍ 6 ലേക്കാണ് സിമ്രാന്‍ മത്സരിക്കുന്നത്. വളരെക്കാലം ഫോര്‍ട്ട് ബന്‍ഡ് ഐ എസ് ഡി യില്‍ വോളന്റിയര്‍ ആയിരുന്ന സിമ്രാന്‍ അധികാരികളുടെ കെടുകാര്യസ്ഥതക്കും ഉത്തരവാദിത്വമില്ലായ്മക്കും എതിരെയാണ് പോരിനിറങ്ങുന്നത്. കൗണ്‍സില്‍ മീറ്റിംഗില്‍ തന്റെ ചോദ്യങ്ങള്‍ക്കുത്തരം നല്‍കാന്‍ പോലും ഐ എസ് ഡി അധികാരികള്‍ തയ്യാറാവുന്നില്ലെന്നും നൂറുകണക്കിന് വിദ്യാര്‍ത്ഥികളുടെ അമ്മമാരെയാണ് താന്‍ പ്രതിനിധാനം ചെയ്യുന്നത് എന്നും പറഞ്ഞു.
‘നേര്‍ക്കാഴ്ച’ ഒരുക്കിയ സൗഹൃദ സംവാദത്തിനെത്തിയതായിരുന്നു സിമ്രാനും ഭര്‍ത്താവ് നീലും.
പുതിയ തലമുറക്കായി ഉറച്ച ശബ്ദത്തില്‍ സംസാരിക്കുന്ന സിമ്രാന് മലയാളി സംഘടനകളും മതസ്ഥാപനങ്ങളും ഉള്‍പ്പടെ നിരവധി ഇന്ത്യന്‍ സംഘടനകള്‍ പിന്‍തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
ടീച്ചര്‍മാര്‍ക്ക് ശമ്പള വര്‍ദ്ധനവ് നടപ്പാക്കാത്തതുകാരണം നല്ല ടീച്ചര്‍മാര്‍ ഫോര്‍ട്ട് ബന്‍ഡ് വിട്ടു പോകുന്നു. കുട്ടികളുടെ സംരക്ഷണത്തിനും വേണ്ടത്ര പണം അധികൃതര്‍ വകയിരുത്തുന്നില്ല. സ്‌കൂള്‍ കാമ്പസില്‍ പുകവലിയും മയക്കുമരുന്ന് ഉപയോഗവും നിര്‍ബാധം നടക്കുന്നു. സാധാരണജനങ്ങള്‍ കൊടുക്കുന്ന ഭൂരിഭാഗം ടാക്‌സ് തുകയും ഐ എസ് ഡിയിലേക്കു പോകുന്നു. എന്നാല്‍ ഈ പണം എങ്ങനെ ചിലവാക്കുന്നു എന്നറിയാന്‍ നമുക്കുള്ള അവകാശം നിലനിര്‍ത്തേണ്ടതുണ്ട്. പബ്‌ളിക്ക് സ്‌കൂളുകളെയും വിദ്യാഭ്യാസത്തെയും നശിപ്പിക്കാനാണ് ഗവര്‍ണ്ണര്‍ ഗ്രഗ് ആബിറ്റ് മുതല്‍ ശ്രമിക്കുന്നത് അതിനെതിരെ ശക്തിയായി പ്രതികരിക്കേണ്ടതുണ്ട് സിമ്രാന്‍ പറയുന്നു.
പതിനഞ്ചുവര്‍ഷത്തിലധിമായി മോര്‍ട്ട്‌ഗേജ് രംഗത്തുപ്രവര്‍ത്തിക്കുന്ന സിമ്രാന്‍ സ്വന്തമായി മോര്‍ട്ട് ഗേജ് കമ്പനി നടത്തുകയാണ്.
ഫോര്‍ട്ട് ബന്‍ഡ് സ്‌കൂളുകളിലെ കുട്ടികളുടെ അമ്മമാരുടെ കൂട്ടായ്മയുടെ പിന്തുണയില്‍ മത്സരിക്കുന്ന സിമ്രാന്‍ തന്റ വിജയം സുനിശ്ചിതമാണെന്നു പറഞ്ഞു.