വാഷിംഗ്ടണ്‍: അമേരിക്കന്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള എതിരാളികള്‍ ശ്രമിക്കുമെന്നും ജാഗ്രത പുലര്‍ത്തണമെന്നും ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്. സെനറ്റ് അംഗങ്ങള്‍ക്കാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇന്നലെ മുന്നറിയിപ്പ് നല്കിയത്. എഐ സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടെ ഉപയോഗിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച് വോട്ടര്‍മാരില്‍ ആശയക്കുഴപ്പം ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടത്തും.
വളരെ വേഗത്തില്‍ ചെലവുകുറഞ്ഞമാര്‍ഗത്തില്‍ ആളുകള്‍ക്കിടയില്‍ ഇത്തരത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയുമെന്നും ഇതില്‍ ജാഗ്രത പാലിക്കണമെന്നും യുഎസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ അവ്‌റില്‍ ഹെയ്ന്‍സ് സെനറ്റിനെ അറിയിച്ചു. നിലവിലെ പാലസ്തീന്‍ വിഷയങ്ങള്‍, ചൈന, റഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ നിലപാടുകള്‍ ഇവയുടെ എല്ലാം പശ്ചാത്തലത്തിലാണ് ഇത്തരമൊരു സൂചനയെന്നു കാണുന്നു.