Friday, April 4, 2025

HomeAmericaരണ്ടാം ലോകമഹായുദ്ധ കാലത്ത് യുഎസ് സൈനികര്‍ ബലാത്സംഗം ചെയ്‌തെന്ന് ഫ്രഞ്ച് വനിതകളുടെ വെളിപ്പെടുത്തൽ

രണ്ടാം ലോകമഹായുദ്ധ കാലത്ത് യുഎസ് സൈനികര്‍ ബലാത്സംഗം ചെയ്‌തെന്ന് ഫ്രഞ്ച് വനിതകളുടെ വെളിപ്പെടുത്തൽ

spot_img
spot_img

രണ്ടാം ലോക മഹായുദ്ധ കാലത്ത് തന്റെ അമ്മയെ രണ്ട് യുഎസ് സൈനികര്‍ ബലാത്സംഗം ചെയ്‌തെന്ന് വെളിപ്പെടുത്തി ഫ്രഞ്ച് സ്വദേശിനിയായ ഐമി ഡുപ്രി. ഇപ്പോള്‍ 99 വയസ്സ് പ്രായമുള്ള ഐമിയാണ് ഈ ദാരുണ സംഭവം വിവരിച്ചത്. 1944ലാണ് സംഭവം നടന്നത്. യൂറോപ്പില്‍ നാസി ജര്‍മനിയുടെ ആധിപത്യം അവസാനിപ്പിക്കുന്നതിനായുള്ള സൈനിക ഓപ്പറേഷന് ശേഷം ഒരു മില്യണിലധികം വരുന്ന യുഎസ്, ബ്രിട്ടീഷ്, കനേഡിയന്‍, ഫ്രഞ്ച് പട്ടാളക്കാര്‍ നോര്‍മാണ്ഡി തീരത്ത് എത്തിയിരുന്നു.

അന്ന് ഐമിയ്ക്ക് 19 വയസ്സായിരുന്നു. ബ്രിട്ടാണിയിലെ ഗ്രാമമായ മോണ്ടോറിലാണ് ഐമിയും കുടുംബവും കഴിഞ്ഞത്. നോര്‍മാണ്ഡിയെ സ്വതന്ത്രമാക്കാന്‍ വരുന്ന സൈനിക സംഘത്തെ കണ്ട് അവര്‍ സന്തോഷിച്ചു. എന്നാല്‍ ആ സന്തോഷം അധികനേരം നീണ്ടുനിന്നില്ല. ആഗസ്റ്റ് 10ന് വൈകുന്നേരമായപ്പോഴേക്കും ജിഐ എന്ന് വിളിക്കപ്പെടുന്ന രണ്ട് യുഎസ് സൈനികര്‍ ഇവരുടെ ഫാമിലെത്തി. മദ്യപിച്ചെത്തിയ അവര്‍ ആദ്യം അന്വേഷിച്ചത് സ്ത്രീകളെയായിരുന്നു. ഈ സംഭവം വിവരിക്കുന്ന തന്റെ അമ്മയുടെ കത്ത് ഐമി മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഹാജരാക്കുകയും ചെയ്തു.

ആ രാത്രി നടന്ന സംഭവങ്ങള്‍ ഇവരുടെ അമ്മയായ ഐമി ഹെലൗഡൈസ് ഹോണര്‍ ആ കത്തില്‍ വിവരിക്കുന്നുണ്ട്. സ്ത്രീകളെ അന്വേഷിച്ചെത്തിയ പട്ടാളക്കാര്‍ ആദ്യം തന്റെ ഭര്‍ത്താവിനെ നേരെ വെടിയുതിര്‍ക്കാന്‍ ശ്രമിച്ചു. ശേഷം തന്റെ മകളിലേക്ക് അവരുടെ കണ്ണുകള്‍ തിരിഞ്ഞു. അവളെ രക്ഷിക്കാനായി അവരോടൊപ്പം തനിക്ക് പോകേണ്ടി വന്നുവെന്ന് അമ്മ കത്തിലെഴുതി. ആളൊഴിഞ്ഞ കൃഷിസ്ഥലത്ത് വെച്ച് അവര്‍ തന്നെ മാറി മാറി ബലാത്സംഗം ചെയ്തുവെന്ന് ഐമിയുടെ അമ്മ എഴുതിയ കത്തില്‍ പറഞ്ഞു.

‘‘എന്നെ രക്ഷിക്കാന്‍ വേണ്ടിയാണ് എന്റെ അമ്മ ഇതെല്ലാം അനുഭവിച്ചത്. രാത്രി മുഴുവന്‍ അവര്‍ അമ്മയെ ബലാത്സംഗം ചെയ്യുകയായിരുന്നു. അപ്പോഴും അമ്മയ്ക്കായി ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു,’’ ഐമി ഓര്‍ത്തെടുത്തു. ഇതെല്ലാം ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. 1944 ഒക്ടോബറില്‍ നോര്‍മാണ്ഡി യുദ്ധം വിജയിച്ചതിന് ശേഷം ഫ്രഞ്ച് സ്ത്രീകളെ ബലാത്സംഗം ചെയ്‌തെന്നാരോപിച്ച് 152 സൈനികരെ യുഎസ് വിചാരണ ചെയ്തിരുന്നു. ഇക്കാലയളവില്‍ നൂറുകണക്കിന് ബലാത്സംഗങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോയതെന്ന് അമേരിക്കന്‍ ചരിത്രകാരിയായ മേരി ലൂയിസ് റോബര്‍ട്ട്‌സ് പറഞ്ഞു.

ഒരുപാട് സ്ത്രീകള്‍ നാണക്കേട് ഭയന്ന് തങ്ങള്‍ക്ക് സംഭവിച്ചതൊന്നും പുറത്ത് പറയാന്‍ തയ്യാറായില്ലെന്നും റോബര്‍ട്ട്‌സ് പറഞ്ഞു. എളുപ്പത്തില്‍ സ്ത്രീകള്‍ ലഭിക്കുന്ന രാജ്യമെന്ന് പറഞ്ഞ് സൈനികര്‍ക്ക് പോരാടാനുള്ള പ്രചോദനം നല്‍കിയ അന്നത്തെ സൈനിക നേതൃത്വത്തെയും റോബര്‍ട്ട്‌സ് വിമര്‍ശിച്ചു. വിജയശ്രീലാളിതരായി വരുന്ന അമേരിക്കക്കാരെ ചുംബിക്കുന്ന ഫ്രഞ്ച് സ്ത്രീകളുടെ ചിത്രമാണ് അന്നത്തെ യുഎസ് ആര്‍മി പത്രമായ സ്റ്റാര്‍സ് ആന്‍ഡ് സ്‌ട്രേപ്‌സിന്റെ മുന്‍പേജില്‍ കൊടുത്തിരുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

സമാനമായ അനുഭവം വെളിപ്പെടുത്തി ബ്രിട്ടാണിയുടെ പടിഞ്ഞാറൻ പ്രദേശത്ത് താമസിച്ചിരുന്ന ജീന്‍ പെംഗം, നീ ടൂര്‍ണെലെകും രംഗത്തെത്തിയിരുന്നു. തന്റെ സഹോദരിയായ കാതറീന്‍ ബലാത്സംഗം ചെയ്യപ്പെടുകയും തന്റെ പിതാവ് കൊലപ്പെടുകയും ചെയ്ത ആ രാത്രി ഇന്നും അവരുടെ മനസ്സില്‍ നിന്ന് മാഞ്ഞിട്ടില്ല. ‘‘എന്റെ മൂത്ത സഹോദരിയെ ബലാത്സംഗം ചെയ്യാനാണ് ആ കറുത്ത വംശജരായ അമേരിക്കക്കാര്‍ എത്തിയത്. അവരെ എതിര്‍ത്ത് എന്റെ പിതാവ് എത്തി. പിതാവിനെ അവര്‍ വെടിവെച്ച് കൊന്നു. ശേഷം വീടിന്റെ വാതില്‍പ്പൊളിച്ച് അവര്‍ അകത്തേക്ക് എത്തി,’’ 89 കാരിയായ ജീന്‍ എഎഫ്പിയോട് പറഞ്ഞു.

അന്ന് 9 വയസ്സുണ്ടായിരുന്ന ജീന്‍ ഉടനെ പുറത്തേക്ക് ഓടി. യുഎസ് ഗാരിസണില്‍ വിവരമറിയിക്കാനാണ് ജീന്‍ പോയത്. ‘‘അയാളൊരു ജര്‍മന്‍കാരനാണെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ അത് തെറ്റായിരുന്നു. ബുള്ളറ്റ് പരിശോധിച്ച ഉദ്യോഗസ്ഥര്‍ അയാള്‍ അമേരിക്കക്കാരനാണെന്ന് സ്ഥിരീകരിച്ചു,’’ ജീന്‍ പറഞ്ഞു. എന്നാല്‍ മരിക്കുന്നത് വരെ കാതറീന്‍ ഇക്കാര്യം പുറം ലോകത്തെ അറിയിച്ചിരുന്നില്ല. മരണത്തിന് തൊട്ടുമുമ്പ് തന്റെ മകളോടാണ് കാതറീന്‍ താന്‍ ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന കാര്യം പറയുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments