ചെറിയാന്‍ മഠത്തിലേത്ത്
ഹൂസ്റ്റണ്‍: ഇത് സ്പ്രിങ് സീസണാണ്. അതായത് വസന്തകാലം. ശൈത്യത്തിനും വേനലിനും ഇടയിലുള്ള സുഖകരമായ കാലം. വസന്തത്തിന്റെ തുടക്കത്തില്‍ ശീതകാലം രംഗമൊഴിയും. അതുപോലെ, വസന്തത്തിന്റെ സമാപനം വേനല്‍ക്കാലത്തിന്റെ തുടക്കവുമാണ്. കൂടാതെ, വടക്കന്‍ അര്‍ദ്ധഗോളത്തില്‍ വസന്തം വിരിയുമ്പോള്‍ ദക്ഷിണ അര്‍ദ്ധഗോളത്തില്‍ ശരത്കാലം സംഭവിക്കുന്നു. സ്പ്രിംങ് സീസണില്‍ പകലിനും രാത്രിക്കും ഒരേ ദൈര്‍ഘ്യമായിരിക്കും. തീര്‍ച്ചയായും, വസന്തം എല്ലാവര്‍ക്കും സന്തോഷം നല്‍കുന്നു. വസന്തകാല ആഘോഷങ്ങള്‍ പല സംസ്‌കാരങ്ങളിലുമുണ്ട്, സാധാരണയായി ആചാരങ്ങളും ഉത്സവങ്ങളും കൂടിച്ചേര്‍ന്നതാണ് വസന്തം.
വസന്തകാലം പൂക്കളുടെ ആവിര്‍ഭാവത്തെയും മൃഗങ്ങളുടെ പ്രജനനത്തെയും അടയാളപ്പെടുത്തുന്നു. അതിരാവിലെ പക്ഷികളുടെ ചിലമ്പു കേട്ട് ഉണരാം. രാത്രിയില്‍ തേനീച്ചകളുടെ മൂളക്കം ശ്രവിച്ച് ഉറങ്ങാം. തേന്‍കുരുവികള്‍ മടങ്ങയെത്തുന്ന സമയമാണിത്. പൂമ്പാറ്റ ഒരു പൂവില്‍ നിന്ന് മറ്റൊന്നിലേക്ക് പറന്നിറങ്ങുന്നതിന്റെ ഭംഗി അതിമനോഹരമാണ്. ശൈത്യകാലത്ത് പക്ഷികള്‍ സൗത്ത് അമേരിക്കയിലേയ്ക്ക് ദേശാടനം നടത്തും. വേനലില്‍ അവ നോര്‍ത്തിലേയ്ക്ക് പറക്കും, പ്രത്യേകിച്ച് അലാസ്‌കയിലേയ്ക്ക്.
വസന്തത്തില്‍ ആകാശം തെളിഞ്ഞു കാണപ്പെടുന്നു, കാറ്റ് തണുത്തതും ഉന്മേഷദായകവുമാണ്, എല്ലായിടത്തും സമാധാനപരമായ അന്തരീക്ഷം തന്നെ. വസന്തകാലത്ത് പലതരം പൂക്കള്‍ വിരിയുന്നു. ഈ സീസണിലെ ഏറ്റവും പ്രധാനപ്പെട്ട പൂക്കള്‍, ടെക്‌സസ് സ്റ്റേറ്റ് ഫ്‌ളവറായ ബ്ലൂ ബോണറ്റ്, റോസ, തുലിപ്‌സ്, ഡെയ്‌സികള്‍, താമരകള്‍, ഹയാസിന്ത്‌സ് എന്നിവയാണ്. പഴങ്ങളും പച്ചക്കറികളും ധാരാളമായി ലഭിക്കുന്ന സീസണ്‍ കൂടിയാണിത്. നമുക്ക് അവ ഏറ്റവും പുതുരുചിയില്‍ ആസ്വദിക്കാന്‍ കഴിയും. മാവിന്റെ ശിഖരങ്ങള്‍ മാമ്പൂകൊണ്ട് നിറയുന്നു. പിന്നെ മാമ്പഴം സമൃദ്ധമാവും. വസന്തഋതുവില്‍ മനുഷ്യര്‍ ഉള്‍പ്പെടെ എല്ലാ ജീവജാലങ്ങളും സജീവമാവുന്നു.
നമ്മള്‍ എവിടെയായിരുന്നാലും വര്‍ഷത്തിലെ ഏറ്റവും മികച്ച സീസണാണ് മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള വസന്തം. ഈ സീസണ്‍ സന്തോഷവും നല്‍കുന്നു. വസന്തകാലം യുവത്വം, സ്‌നേഹം, പ്രതീക്ഷ എന്നിവയെ പ്രതിനിധീകരിക്കുന്നു. നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമായ സമയമാണിത്. കാലാവസ്ഥ ഏറ്റവും സുഖകരമാണ്. ഇത് തീര്‍ച്ചയായും ‘ഋതുക്കളുടെ രാജാവ്’ എന്നാണ് അറിയപ്പെടുന്നത്.
എഴുത്തുകാരുടെയും സാഹിത്യ സ്‌നേഹികളുടെയും അമേരിക്കയിലെ പ്രഥമ മലയാളി കൂട്ടായ്മയായ, ഹൂസ്റ്റണിലെ കേരള റൈറ്റേഴ്‌സ് ഫോറം ഈ സ്പ്രിങ് സീസണില്‍ വേറിട്ട ഒരു മീറ്റിങ് സംഘടിപ്പിച്ചു. ഏപ്രില്‍ മസത്തെ ഈ യോഗം റൈറ്റേഴ്‌സ് ഫോറത്തിന്റെ ചരിത്രത്തിലെ അവിസ്മരണീയമായ മറ്റൊരു ഏടായി മാറി.
പുസ്തകപ്രകാശനവും പബ്ലിഷ് ചെയ്യാത്തവയുടെ അവതരണവുമായിരുന്നു യോഗത്തിന്റെ പ്രധാന അജണ്ട. പ്രമുഖ സാഹിത്യകാരനായ ഡോ. സണ്ണി എഴുമറ്റൂരിന്റെ രണ്ട് പുസ്തകങ്ങളാണ് തദവസരത്തില്‍ പ്രകാശനം ചെയ്തത്. വ്യത്യസ്തമായ വിഷയങ്ങള്‍ പ്രതിപാദിക്കുന്ന 56 ബുക്കുകളുടെ രചയിതാവാണ് ഡോ. സണ്ണി എഴുമറ്റൂര്‍. സോഷ്യല്‍, പൊളിറ്റിക്കല്‍, എക്കണോമിക്കല്‍, ബിബ്ലിക്കല്‍ തുടങ്ങിയ വിഷയങ്ങളാണ് പുസ്തക രചനയ്ക്കായി അദ്ദേഹം പ്രധാനമായും തിരഞ്ഞെടുക്കുന്നത്.
എന്നാല്‍ അപ്രതീക്ഷിതമായി റ്റാറ്റൂസ് (പച്ചകുത്തല്‍) എന്ന വിഷയത്തെ പറ്റി അദ്ദേഹം രചിച്ച പുസ്‌കമാണ് പ്രകാശനം ചെയ്തതില്‍ ഒന്ന്. ശരീരത്തെ ദോഷകരമായി ബാധിക്കുന്ന ഒരു പ്രവര്‍ത്തിയാണ് പച്ചകുത്തല്‍ എന്ന് അദ്ദേഹം പറഞ്ഞു. ഒന്നാം നൂറ്റാണ്ടില്‍ ജറുസലേം ദേവാലയത്തെ കുറിച്ചും ക്രിസ്തുമതത്തിന്റെ ഉദ്ഭവത്തെ കുറിച്ചും വിവരിക്കുന്ന ചരിത്ര ഗ്രന്ഥവും ഡോ. സണ്ണി എഴുമറ്റൂര്‍ രചിച്ചിട്ടുണ്ട്.
അലക്‌സാണ്ടര്‍ ദാനിയേല്‍, നിതിന് നല്‍കി പ്രകാശനം ചെയ്ത ഈ രണ്ട് ബുക്കുകളെല്ലാം വായനക്കാര്‍ക്ക് വളരെ താത്പര്യം ഉള്ളവയാണ് എന്ന് പൊതു അഭിപ്രായം ഉയരുന്നു. ഡോ. സി.എം ജേക്കബ്, അലക്‌സാണ്ടര്‍ ദാനിയേല്‍, നിധിന്‍, ലിന എന്നിവര്‍ തങ്ങളുടെ ഹ്രസ്വമായ വാക്കുകളില്‍ ഈ ബുക്കുകളുടെ സ്വീകാര്യതയെ കുറിച്ച് സംസാരിച്ചു. ഗ്രന്ഥകാരനായ ഡോ. സണ്ണി എഴുമറ്റൂര്‍ ഈ ബുക്കുകള്‍ രചിക്കാനിടയാക്കിയ സാഹചര്യങ്ങളെ കുറിച്ച് സംസാരിക്കുകയും ചെയ്തു.
പ്രമുഖ അമേരിക്കന്‍ മലയാളി സാഹിത്യകാരനായ മാത്യു നെല്ലിക്കുന്ന് രചിച്ച ‘സൂര്യവെളിച്ചം’ എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയും തദവസരത്തില്‍ പ്രകാശനം ചെയ്യുകയുണ്ടായി. റൈറ്റേഴ്‌സ് ഫോറം പ്രസിഡന്റ് ചെറിയാന്‍ മഠത്തിലേത്തില്‍ നിന്ന് പുസ്തകം സ്വീകരിച്ച പ്രമുഖ പിയാനോ വിദഗ്ധന്‍ റൂഡി എസ്പിനോസ മാത്യു നെല്ലിക്കുന്നിനെ അഭിനന്ദിച്ച് സംസാരിച്ചു. റൈറ്റേഴ്‌സ് ഫോറം മുന്‍ പ്രസിഡന്റ് ഡോ. മാത്യു വൈരമണും പ്രോഗ്രം കോ-ഓര്‍ഡിനേറ്റര്‍ ജോണ്‍ മാത്യുവും തങ്ങളുടെ ബുക്കുകളിലെ ചില ഭാഗങ്ങള്‍ അവതരിപ്പിച്ചു. നേര്‍ക്കാഴ്ച പത്രത്തിന്റെ ചീഫ് എഡിറ്റര്‍ സൈമണ്‍ വാളാച്ചേരില്‍, എ.സി ജോര്‍ജ്, ജോസഫ് തച്ചാറ, അറ്റോര്‍ണി ജൊനാഥന്‍ മൈക്കിള്‍, ആന്റണി അഗസ്റ്റിന്‍, ഷാജി എഡ്വേര്‍ഡ്, ബാബു കുരൂര്‍, അറ്റോര്‍ണി ഇന്നസെന്റ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
ഫോര്‍ട്ട് ബെന്റ് കൗണ്ടി സ്‌കൂളിന്റെ ട്രസ്റ്റി ബോര്‍ഡിലേക്ക് മത്സരിക്കുന്ന സിമ്രാന്‍ പട്ടേല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്റെ സാംഗത്യത്തെയും വോട്ടവകാശം വിനിയോഗിക്കുന്നതിന്റെ മൗലികാവകാശത്തെ പറ്റിയും സംസാരിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയകളില്‍ പങ്കാളികളാകാനുള്ള റൈറ്റേഴ്‌സ് ഫോറത്തിന്റെ നിലപാടുകളെ അവര്‍ അഭിനന്ദിക്കുകയും ചെയ്തു.
കേരള റൈറ്റേഴ്‌സ് ഫോറം പ്രസിഡന്റ് ചെറിയാന്‍ മഠത്തിലേത്ത് അദ്ധ്യക്ഷത വഹിച്ച പുസ്തക പ്രകാശന യോഗത്തില്‍ സെക്രട്ടറി മോട്ടി മാത്യു സ്വാഗതം പറഞ്ഞു. സംഘടനയുടെ മുന്‍ പ്രസിഡന്റ് ഡോ. മാത്യു വൈരമണ്‍ സാഹിത്യ സംവാദത്തിന്റെ മോഡറേറ്ററായി. റൈറ്റേഴ്‌സ് ഫോറം ട്രഷറര്‍ മാത്യു വെള്ളമറ്റം കൃതജ്ഞത പ്രകാശിപ്പിച്ചു.