Saturday, September 7, 2024

HomeAmericaഅമേരിക്കയിലെ മുതിർന്ന മലയാളികളുടെ പ്രശ്നങ്ങളും പരിഹാരങ്ങളും

അമേരിക്കയിലെ മുതിർന്ന മലയാളികളുടെ പ്രശ്നങ്ങളും പരിഹാരങ്ങളും

spot_img
spot_img

അജു വാരിക്കാട് 

കേരളത്തിൽ നിന്നുള്ള മലയാളി സമൂഹം അമേരിക്കയിലുള്ള ഇന്ത്യൻ വംശജനിൽ ഒരു പ്രധാനപ്പെട്ട വിഭാഗമാണ്. ഇവർ പതിറ്റാണ്ടുകൾക്കു മുൻപേ യുഎസിലേക്കു കുടിയേറിയവരാണ്. അവർ അവരുടെ സമ്പന്നമായ സാംസ്കാരിക പാരമ്പര്യവും, ശക്തമായ തൊഴിൽനൈപുണ്യവും, മികച്ച ഒരു ജീവിത നിലവാരം വേണമെന്ന ആഗ്രഹങ്ങളും ഒക്കെ അവരെ ഈ മണ്ണിൽ സ്ഥിരമാക്കി. ഇന്ന് അവർ ഇവിടെ ജീവിക്കുന്നു.  പതിറ്റാണ്ടുകൾക്ക് മുൻപേ എത്തിയവരിൽ പലരും അവരുടെ റിട്ടയർമെൻറ് ജീവിതം തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. നമ്മുടെ ഈ മുതിർന്ന മാതാപിതാക്കൾ വിരമിച്ചിരിക്കുമ്പോൾ, പ്രത്യേകിച്ച് അവർ തനിച്ച് താമസിക്കുന്നവർ ആണെങ്കിൽ അവർ അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ ഏറെയാണ്. എൻറെ ഈ ചെറിയ ലേഖനം ഇത്തരത്തിൽ ദുരിതവും പ്രയാസവും അനുഭവിക്കുന്ന മുതിർന്ന മലയാളികളായ ഒറ്റപ്പെട്ടു താമസിക്കുന്ന ആളുകളുടെ പ്രശ്നങ്ങൾ അന്വേഷിച്ച് എഴുതാൻ ശ്രമിച്ചതാണ്. എൻറെ മനസ്സിൽ തോന്നിയ ചില ആശയങ്ങളും പരിഹാരങ്ങളും ഇതിലൂടെ ഞാൻ പറയുവാൻ ശ്രമിച്ചിട്ടുമുണ്ട്. 

കഴിഞ്ഞദിവസം മദേഴ്സ് ഡേ യോടനുബന്ധിച്ച് ചിലർ ഇവിടെ ഞാൻ താമസിക്കുന്ന ഹൂസ്റ്റണിൽ ഒരു മുതിർന്ന മാതാവിനെ കാണുവാനായി പോയിരുന്നു. 50 വർഷങ്ങൾക്ക് മുൻപേ അമേരിക്കയിൽ എത്തിയ ഈ മാതാവ് ഇപ്പോൾ തനിച്ചാണ് താമസിക്കുന്നത്. നിരവധി ആരോഗ്യ പ്രശ്നങ്ങളും ഈ മാതാവിന് ഉണ്ട്. കിടക്കയിൽ നിന്ന് ഒന്ന് ബാത്റൂമിലേക്ക് പോകണമെങ്കിൽ പോലും വീൽചെയറിനെ ആശ്രയിക്കണം. ആ വീട്ടിലെ അങ്കിൾ വർഷങ്ങൾക്കു മുമ്പേ മരണപ്പെട്ടതാണ്. രണ്ട് പെൺമക്കൾ ഉള്ളത് ന്യൂയോർക്കിലോ മറ്റോ ആണ്. തികച്ചും ഏകാന്തമായ ഒരു ജീവിതം’ ഒരുകാലത്ത് ഇടവകയിലെ എല്ലാ പ്രവർത്തനങ്ങളിലും സജീവമായി പ്രവർത്തിച്ചിരുന്ന ഈ മാതാവ് ഇന്ന് ഒറ്റപ്പെടൽ അനുഭവിക്കുന്നു. ഇടവകയിൽ നിന്നുപോലും എത്രപേർ ഇന്ന് ആ മാതാവിനെ ഓർക്കുന്നു എന്ന് എനിക്കറിയില്ല. വല്ലപ്പോഴും ആരെങ്കിലും ഓർത്താൽ ആയി. എൻറെ ഈ സുഹൃത്തുക്കൾ ആ മാതാവിന്റെ വീട്ടിൽ പോയപ്പോൾ ആ മാതാവിന് ഏറെ ഇഷ്ടമുള്ള കപ്പയും മീൻകറിയും ആയിട്ടാണ് പോയത്. അവർ അവിടെ ചെന്നപ്പോൾ ആ മാതാവിൻറെ മുഖത്ത് കണ്ട ആ പ്രസന്നത പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു. ആ മാതാവ് പറഞ്ഞത് എൻറെ മക്കൾ എൻറെ അടുത്ത് ഉണ്ടായിരുന്നപ്പോഴാണ് ഏറ്റവും അവസാനമായി ഒരു മദേഴ്സ് ഡേ ഞാൻ ആഘോഷിക്കുന്നത് എന്നാണ് . ഒരു കാപ്പി ഉണ്ടാക്കുവാൻ പോലും അടുക്കളയിൽ കയറുവാൻ ആരോഗ്യമില്ലാത്ത ഈ മാതാവ് എങ്ങനെ ആ വീട്ടിൽ തനിച്ച് താമസിക്കുന്നു എന്ന് ചിന്തിച്ചാൽ അതൊരു അത്ഭുതമാണ്’ ഒരു മീൻ കറി നാവിൽ വെച്ച് രുചി നോക്കിയിട്ട് വർഷങ്ങളായി എന്ന് ഈറനണിഞ്ഞ കണ്ണുകളോട് ആ മാതാവ് പറഞ്ഞപ്പോൾ അവിടെ വന്നവരുടെ കണ്ണ് നിറഞ്ഞുപോയി. പഴയ കാര്യങ്ങളുടെ ഓർമ്മ പുതുക്കലുകളും തമാശകളും ഒക്കെയായി ആ സായാഹ്നം അങ്ങനെ പോയെങ്കിലും ആ മാതാവിൻറെ ദയനീയമായ മുഖം എപ്പോഴും മനസ്സിൽ മായാതെ നിൽക്കുന്നു. 

ഞാൻ ഉൾപ്പെടുന്ന മാർത്തോമാ സഭ അമേരിക്കയിൽ ഏതാണ്ട് 50ൽ പരം വർഷമായി പ്രവർത്തിക്കുന്നു. അതുപോലെതന്നെ മറ്റ് സഭകളും. കൂണുപോലെ മുളയ്ക്കുന്ന നിരവധി മലയാളി അസോസിയേഷനുകളാണ് എല്ലാ നഗരങ്ങളിലും. സ്വന്തം പേര് പത്രത്തിൽ അച്ചടിച്ച് വരുന്നത് കാണുവാനും ഒക്കെയായി ആഴ്ച തോറും നിരവധി വാർത്തകളാണ് ഇവർ സൃഷ്ടിക്കുന്നത്. ഫോമായും

ഫോക്കാനായും പോലെയുള്ള അംബ്രല്ല അസോസിയേഷനുകളും കുറവല്ല. നിരവധി വാഗ്ദാനങ്ങളുമായി എല്ലാവർഷവും പുതിയ നേതൃത്വം വന്നുപോകുന്നു. 

എന്തുകൊണ്ട് സഭയും ഇടവകയും ഇതുപോലെയുള്ള അസോസിയേഷനുകളും ഇത്തരം മുതിർന്ന പൗരന്മാരെ പരിപോഷിപ്പിക്കുന്നതിൽ വിമുഖത കാണിക്കുന്നു? അവർക്ക് സാമ്പത്തിക ലാഭം ഇല്ലാത്ത, അല്ലെങ്കിൽ പേരെടുക്കാൻ സാധിക്കാത്ത ഒന്നിനോടും താല്പര്യമില്ലാത്തതുകൊണ്ടാണോ? ഇടവകയുടെ കെട്ടിടങ്ങൾ വലുതാക്കുന്നതിലും ടെക്നോളജിക്കൽ അഡ്വാൻസ് മെൻറ് ചെയ്യുന്നതിലും റക്രിയേഷൻ സെൻററുകൾ പണിയുന്നതിനും ആണ് ഇന്ന് പ്രാധാന്യം നൽകുന്നത്. ഇതൊന്നും വേണ്ട എന്നല്ല ഞാൻ പറയുന്നത്. അതു കാലഘട്ടത്തിന്റെ ആവശ്യമാണ് എന്നറിഞ്ഞ് നാം ചെയ്യുന്നുമുണ്ട് എന്നാൽ കാലഘട്ടത്തിൻറെ മറ്റൊരാവശ്യമാണ് ഇത്തരം മുതിർന്ന പൗരന്മാരെ സംരക്ഷിക്കേണ്ടത്. അത് നാം അറിഞ്ഞോ അറിയാതെയോ വിസ്മരിച്ചു പോകുന്നു. നമ്മെ ഈ അമേരിക്കൻ മണ്ണിൽ ഇത്രത്തോളം വളരുവാൻ സാഹചര്യം ഒരുക്കി തന്ന ഈ പ്രിയപ്പെട്ട മാതാപിതാക്കളെ നമുക്ക് എങ്ങനെ മറക്കുവാൻ സാധിക്കും? നാളെ നാമും ഇവരെപ്പോലെ തന്നെ ഈ ഒറ്റപ്പെടലും ഏകാന്തതയും അനുഭവിക്കേണ്ടവരാണ് എന്ന് മറക്കരുത്. 

 മലയാളി സമൂഹത്തിലെ മുതിർന്ന പൗരന്മാർ അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ

ഒറ്റപ്പെടലും ഏകാന്തതയും 

മലയാളി സമൂഹത്തിലെ മുതിർന്ന പൗരന്മാർക്ക് ഏറ്റവും പ്രധാനപ്പെട്ട പ്രശ്നങ്ങളിൽ ഒന്നാണ് ഏകാന്തത. അവരുടെ മക്കൾ അവരുടെ കരിയറിൻ്റെ ഭാഗമായി വിവിധ ഈ മാതാപിതാക്കളിൽ നിന്ന് അകന്ന് മറ്റ് ദേശങ്ങളിലും സംസ്ഥാനങ്ങളിലും രാജ്യങ്ങളിലുമാണ്. ദിവസം ഒരു നേരം അല്ലെങ്കിൽ ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഉള്ള ഇവരുടെ ഫോൺ കോളുകൾ മാത്രമാണ് അവരുടെ ഏകാന്തത അകറ്റുന്ന ഏക ആശ്രയം. ഈ മുതിർന്ന പൗരന്മാർ പലപ്പോഴും തനിച്ചാണ് താമസിക്കുന്നത്. സ്വയം വാഹനം ഓടിക്കുവാനും സ്വന്തം കാര്യങ്ങൾ ചെയ്യുവാൻ ആരോഗ്യം ഉള്ളപ്പോൾ പോലും അവർ വലിയ ഏകാന്തതയാണ് അനുഭവിക്കുന്നത്. എന്നാൽ പലരും പ്രായാധിക്യത്തിന്റെ അമൂർത്തമായ അവസ്ഥയിൽ സ്വന്തം വീടിന് പുറത്തോട്ട് ഇറങ്ങുവാൻ പോലും ആരോഗ്യം അനുവദിക്കാത്തവരാണ്. അമേരിക്കയിലെ പ്രത്യേക സാഹചര്യത്തിൽ വിവാഹത്തിനുശേഷം മറ്റൊരു താമസസ്ഥലത്തേക്ക് മാറുന്നവരാണ് പലരും . വളരെ ചുരുക്കമായി ചിലർ അരമണിക്കൂർ ചുറ്റളവിൽ മാതാപിതാക്കളുടെ അടുത്ത് താമസിക്കുന്നുമുണ്ട്. എന്നാൽ ബഹുഭൂരിപക്ഷവും അവരുടെ ജോലി സംബന്ധമായി അകലങ്ങളിലേക്ക് പോയവരാണ്. ചിലരുടെയെങ്കിലും മക്കൾ മരിച്ചുപോയവരുമാകാം മക്കളോ കൊച്ചുമക്കളോ ബന്ധുമിത്രാദികൾ ആരും ഇല്ലാത്തവരായി നിരവധി ആളുകൾ ആണ് ഇന്ന് അമേരിക്കയുടെ പല ഭാഗങ്ങളിലായി ഏകാന്ത ജീവിതം അനുഭവിക്കുന്നത്. മക്കളുടെയോ കൊച്ചുമക്കളുടെയോ അഭാവം മൂലം ദിവസേന അവർക്ക് ലഭിക്കേണ്ട സാന്ത്വനവും പിന്തുണയും ഇന്ന് അവർക്ക് ലഭിക്കാതെ വരുന്നു. പലരുടെയും അടുത്ത കുടുംബാംഗങ്ങൾ പോലും സമീപത്ത് ഇല്ലാ എന്നതും മറ്റൊരു പ്രശ്നമാണ്. ആരോടെങ്കിലും ഹൃദയം തുറന്നൊന്നു സംസാരിക്കുവാൻ പോലും ഇന്ന് ഇവർക്ക് സാധിക്കുന്നില്ല എന്നത് വേദനാജനകമായ ഒരു കാര്യമാണ്.

സാമൂഹ്യ സേവനങ്ങളുടെ ലഭ്യത.

 മറ്റൊരു പ്രധാന വെല്ലുവിളി കമ്മ്യൂണിറ്റി സേവനങ്ങൾ ആക്സസ് ചെയ്യുന്നതിനുള്ള ബുദ്ധിമുട്ടാണ്. സഭാ പ്രവർത്തനങ്ങളും സാമൂഹിക ഒത്തുചേരലുകളും വിവിധ സംഘടന പരിപാടികളും ഒക്കെ എല്ലാ ആഴ്ചകളിലും ഓരോ സ്ഥലങ്ങളിലുമായി നടക്കുന്നുണ്ടെങ്കിലും അത്തരം പരിപാടികളിൽ പങ്കെടുക്കുന്നതിന് ഗതാഗത പ്രശ്‌നങ്ങളോ ഈ സേവനങ്ങളെക്കുറിച്ചുള്ള അവബോധത്തിൻ്റെ അഭാവമോ കാരണം പല മുതിർന്നവർക്കും പങ്കെടുക്കുവാൻ സാധിക്കാതെ വരുന്നുണ്ട്. പല മുതിർന്നുവരും വാഹനം ഓടിക്കാൻ സാധിക്കാത്തവരാണ്. ടെക്സാസ് പോലെയുള്ള സംസ്ഥാനങ്ങളിൽ പൊതു ഗതാഗതത്തിന്റെ സൗകര്യം വളരെ പരിമിതവുമാണ്. ഒപ്പം ഊബർ പോലെയുള്ള ടാക്സി സർവീസുകൾ വളരെ ചെലവേറിയതും ആണ്. അതോടൊപ്പം തന്നെ മുതിർന്നവർക്കായി ഗവൺമെൻറ് തലത്തിൽ രൂപകൽപ്പന ചെയ്ത പല സേവനങ്ങളും പ്രവർത്തനങ്ങളും ലഭ്യമാക്കുന്നതിനെ കുറിച്ചുള്ള അറിവില്ലായ്മയും ഇവരെ പിന്നോട്ട് വലിക്കുന്നു. 

മലയാളി സമൂഹത്തിലെ മുതിർന്ന പൗരന്മാർക്ക് പലപ്പോഴും സാംസ്കാരികവും ഭാഷാപരവുമായ തടസ്സങ്ങളും നേരിടേണ്ടി വരുന്നുണ്ട്. ടെക്നോളജിയുടെ ഒരു വലിയ കുതിച്ചുചാട്ടം കഴിഞ്ഞ നൂറ്റാണ്ടിൽ ഉണ്ടായത് മൂലം പലർക്കും ഇത്തരം സേവനങ്ങൾ ലഭ്യമാകാതെ വരുന്നുണ്ട്. സോഷ്യൽ സെക്യൂരിറ്റിയും മെഡികെയറും മെഡിക് ഏയിഡും അതിൻറെ പൂർണ്ണ അർത്ഥത്തിൽ ലഭ്യമാകാതെ വരുന്നവരും ഏറെയുണ്ട്. പലരും ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം ഉള്ളവർ ആണെങ്കിലും ഇൻറർനെറ്റും ഫോൺ ആപ്ലിക്കേഷനുകളും എങ്ങനെ ഉപയോഗിക്കണം എന്ന് പൂർണ്ണ അർത്ഥത്തിൽ മനസ്സിലാക്കിയിട്ടില്ല. സാംസ്കാരിക വ്യത്യാസങ്ങൾ മൂലം നമ്മുടെ മുതിർന്ന പൗരന്മാർക്ക് ഈ അമേരിക്കൻ സമൂഹത്തിൽ പൂർണമായി ഉൾക്കൊള്ളുവാൻ ഇതുവരെ സാധിച്ചിട്ടില്ല എന്നുള്ളതാണ് വാസ്തവം. 

 സീനിയർ കെയർ കമ്മ്യൂണിറ്റി: 

ഒരു പരിഹാരം

നമ്മുടെ ഈ മുതിർന്ന മാതാപിതാക്കളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി, മലയാളി സമൂഹത്തിനു മാത്രമായുള്ള സൗകര്യങ്ങൾ സൃഷ്ടിക്കുന്നത് വളരെ പ്രയോജനപ്രദമാണ്.

മുതിർന്ന പൗരന്മാർക്കായുള്ള സീനിയർ കെയർ സൗകര്യങ്ങളുടെ പ്രയോജനങ്ങൾ

1. കമ്മ്യൂണിറ്റി ലിവിംഗ്: സമാന സാംസ്കാരിക പശ്ചാത്തലമുള്ള സമപ്രായക്കാരാൽ ചുറ്റപ്പെട്ട മുതിർന്നവർക്ക് ഒരു കമ്മ്യൂണിറ്റി ജീവിത അന്തരീക്ഷം നൽകാൻ സീനിയർ കെയർ ഫെസിലിറ്റികൾക്ക് കഴിയും. 

 ഇത് ഏകാന്തതയുടെയും ഒറ്റപ്പെടലിൻ്റെയും വികാരങ്ങളെ വളരെയധികം കുറയ്ക്കും.

2. സേവനങ്ങളിലേക്കുള്ള ആക്സസ്: ആരോഗ്യ സംരക്ഷണം, ഗതാഗതം, വിനോദ, ആത്മീയ പ്രവർത്തനങ്ങൾ എന്നിവയുൾപ്പെടെയുള്ള അവശ്യ സേവനങ്ങളിലേക്ക് എളുപ്പത്തിൽ ആക്സസ് ചെയ്യാൻ ഈ സൗകര്യങ്ങൾക്ക് കഴിയും. 

ഈ സേവനങ്ങൾ കേന്ദ്രീകൃതമാക്കുന്നതിലൂടെ, ബാഹ്യ സംവിധാനങ്ങൾ നാവിഗേറ്റ് ചെയ്യുന്നതിനുള്ള സമ്മർദ്ദമില്ലാതെ മുതിർന്നവർക്ക് ഉയർന്ന നിലവാരമുള്ള ജീവിതം ആസ്വദിക്കാനാകും.

3. കൾച്ചറൽ ഫെമിലിയാരിറ്റി: മലയാളം സംസാരിക്കുന്ന അല്ലെങ്കിൽ ഒരേ സംസ്കാരം ഉൾക്കൊള്ളുന്ന ഒരു സമൂഹത്തെ പരിചരിക്കുന്ന ഒരു ഫെസിലിറ്റി ഉണ്ടെങ്കിൽ അതേ സംസ്കാരങ്ങൾക്ക് ഉചിതമായ ഭക്ഷണവും മറ്റ് പ്രവർത്തനങ്ങളും മതപരമായ അല്ലെങ്കിൽ ആത്മീയമായ സേവനങ്ങളും ഒരേപോലെ നൽകുവാൻ സാധിക്കും. . 

 ഇത് മുതിർന്നവരെ അവരുടെ സാംസ്കാരിക ഐഡൻ്റിറ്റി നിലനിർത്താനും വീട്ടിൽ കൂടുതൽ സ്വാതന്ത്ര്യത്തോടെ ജീവിക്കുവാനും സഹായിക്കുന്നു.

4.ഹെൽത്ത് ആൻഡ് വെൽനസ് പ്രോഗ്രാമുകൾ: ക്രോണിക് ഡിസീസ് മാനേജ്മെൻ്റ്, ഫിസിക്കൽ തെറാപ്പി, മാനസികാരോഗ്യ പിന്തുണ എന്നിവ ഉൾപ്പെടെയുള്ള മുതിർന്നവരുടെ പ്രത്യേക ആരോഗ്യ ആവശ്യങ്ങൾ പരിഹരിക്കുന്നതിന് പ്രത്യേക പ്രോഗ്രാമുകൾ രൂപകൽപ്പന ചെയ്യാവുന്നതാണ്.

മലയാളി മുതിർന്ന പൗരന്മാർക്കുള്ള സൗകര്യങ്ങൾ സ്ഥാപിക്കാൻ സാധ്യമായ സംസ്ഥാനങ്ങൾ.

മലയാളി സമൂഹത്തിന് ഏറ്റവും അനുയോജ്യമായ സൗകര്യങ്ങൾ സാധ്യമാക്കുന്നതിന് ന്യൂയോർക്ക് ന്യൂ ജേഴ്സി, കാലിഫോണിയ, ടെക്സാസ് , ഇല്ലിനോയിസ്, ജോർജിയ ഫ്ലോറിഡ തുടങ്ങിയ സംസ്ഥാനങ്ങൾ വളരെ അനുയോജ്യമാണ്. അതിനുള്ള കാരണം ഈ സംസ്ഥാനങ്ങളിലെ ചില പ്രധാന നഗരങ്ങളിൽ മലയാളി സമൂഹം ഏറ്റവും കൂടുതലുണ്ട് എന്നുതന്നെയാണ് 

 മലയാളി സമൂഹത്തിലെ മുതിർന്ന പൗരന്മാർ ശാരീരികവും മാനസികവുമായ നിരവധി വെല്ലുവിളികളുമായാണ് അവരുടെ ദൈനംദിനജീവിതം നേരിടുന്നത്. ഇവർക്ക് മികച്ചതായ ഒരു ജീവിതം നൽകുവാൻ നമുക്ക് സാധിക്കും. ദൃഢനിശ്ചയവും ആത്മാർത്ഥതയും സേവന മനോഭാവവും ഉണ്ടെങ്കിൽ നമ്മുടെ സഭകൾക്കും അസോസിയേഷനുകൾക്കും ഇതൊക്കെ വളരെ എളുപ്പത്തിൽ സാധിച്ചെടുക്കാവുന്നതാണ്. ഗവൺമെൻറ് തലത്തിൽ നിന്നുള്ള എല്ലാ സൗകര്യങ്ങളും ലഭ്യമാക്കുന്നതിന് നമ്മുടെ മലയാളികൾ നിരവധി ആളുകളാണ് ഉന്നതമായ തസ്തികകളിൽ ഉള്ളത്. നമ്മുടെ ഈ പ്രിയപ്പെട്ടവരുടെ വാർദ്ധക്യകാലം സന്തോഷകരമാക്കുവാൻ അതിലൂടെ അടുത്തുവരുന്ന നമ്മുടെ വാർദ്ധക്യവും തൃപ്തികരമാക്കുവാൻ ഇത്തരം സൗകര്യങ്ങൾ ഒരുക്കുവാൻ നാം ബാധ്യസ്ഥരാണ്. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments