ലോട്ടറിയടിക്കുന്നതു സ്വപ്നം കാണാത്ത ആരും തന്നെയുണ്ടാകില്ല, ജാക്ക്പോട്ട് അടിച്ച് ഒറ്റരാത്രികൊണ്ട് തലവര മാറി കോടീശ്വരന്മാരായവർ ഉണ്ട്. അത്തരത്തിൽ ഒരു അമേരിക്കൻ വനിതയ്ക്ക് ഈയിടെ ഫോർച്യൂൺ കുക്കി വഴി 50,000 ഡോളറാണ് ( ഏകദേശം 41 .5 ലക്ഷം ) ലോട്ടറിയടിച്ചത്. ഒരു തവണയല്ല, രണ്ടു തവണയാണ് അമേരിക്കയിലെ വിർജീനിയ സ്വദേശിയായ ടിയറ ബാർലിയെ ഭാഗ്യദേവത കടാക്ഷിച്ചത്. ലോട്ടറിയടിച്ച പണം നഷ്ടപ്പെടുമെന്ന അവസ്ഥയിൽ നിന്നും അത്ഭുതകരമായി ഭാഗ്യം അവരെ വീണ്ടും തുണയ്ക്കുകയായിരുന്നു.
റിച്ച്മണ്ടിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ഹെൻറിക്കോയിലെ വരിന സൂപ്പർസ്റ്റോർ സൂപ്പർമാർക്കറ്റിൽ നിന്നാണ് ടിയറ ബാർലി ലോട്ടറി ടിക്കറ്റ് വാങ്ങിയത്.വിജയിച്ച നമ്പർ 7-41-43-44-51 ആയിരുന്നു, പവർബോൾ നമ്പർ 5 ആയിരുന്നു. മെയ് 8-ലെ ലോട്ടറി നറുക്കെടുപ്പിൽ ഫോർച്യൂൺ കുക്കിക്കുള്ളിലെ നമ്പറുകളിൽ അഞ്ചിൽ നാല് നമ്പറും പവർബോൾ നമ്പറുകളും അവർക്കു ഒത്തു വന്നു. എന്നാൽ മകളെ പാർക്കിലേക്ക് കൊണ്ടുപോകുന്ന തിരക്കിൽ അവർ ടിക്കറ്റ് കടയിൽ മറന്നു വച്ചുവെന്നും , ഓർമ വന്നപ്പോൾ തിരിച്ചു കടയിൽ പോയി തിരയുകയും, ടിക്കറ്റ് കണ്ടെത്തുകയുമായിരുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
റിപ്പോർട്ടുകൾ പ്രകാരം, ജാക്ക്പോട്ട് നേടുന്നതിന്, ആറ് നമ്പറുകളുമായി ടിക്കറ്റുകളിലെ നമ്പറുകൾ ഒത്തു വരാനുള്ള സാധ്യത 292.2 ദശലക്ഷത്തിൽ 1 മാത്രമാണ്.മെയ് 8 ലെ ലക്കി ഡ്രോയിലെ ലക്കി നമ്പറുകളെ അടിസ്ഥാനമാക്കി അഞ്ചിൽ നാലു നമ്പറുകളും യുവതിക്ക് ഒത്തു വന്നു. ആരെങ്കിലും ആറ് അക്കങ്ങളും പൊരുത്തപ്പെടുത്തിയിരുന്നെങ്കിൽ ആ വ്യക്തിയ്ക്ക് മെഗാ ജാക്ക്പോട്ട് അടിക്കുമായിരുന്നു.