ഹേഗ്: സമ്പൂർണ ഉപരോധം രണ്ടുമാസം പിന്നിടുന്ന ഗസ്സയിൽ ഭക്ഷ്യവസ്തുക്കളും മരുന്നുമടക്കം വിതരണം ചെയ്യുന്ന യു.എൻ ഏജൻസികളെ ഇസ്രായേൽ ആക്രമിക്കുന്നതിൽ തെറ്റില്ലെന്ന് യു.എസ് അന്താരാഷ്ട്ര കോടതിയിൽ. നിരവധി രാജ്യങ്ങൾ ഇസ്രായേലിനെതിരെ കടുത്ത എതിർപ്പ് ഉയർത്തിയതിനിടെയാണ് പൂർണ പിന്തുണയുമായി യു.എസ് പ്രതിനിധി കോടതിയിലെത്തിയത്.
അധിനിവേശം നടത്തുന്ന ശക്തിക്കുമേൽ നിരുപാധിക ബാധ്യതകൾ രാജ്യാന്തര നിയമം അടിച്ചേൽപിക്കുന്നില്ലെന്ന് ബുധനാഴ്ച യു.എസിനുവേണ്ടി ഹാജരായ ജോഷ്വ സിമ്മൺസ് പറഞ്ഞു. അധിനിവേശ നിയമത്തിൽ സൈനിക, മാനുഷിക താൽപര്യങ്ങൾ ഒന്നിച്ച് പോകുന്നതാണ്.
അധിനിവേശം നടത്തിയ ഭൂമിയിലെ ജനങ്ങൾക്ക് ആശ്വാസമെത്തിക്കൽ നിരുപാധിക ഉത്തരവാദിത്തമല്ല. യു.എൻ അഭയാർഥി ഏജൻസിയുടെ നിഷ്പക്ഷതയെ കുറിച്ച് ഗുരുതര ആശങ്കകളുണ്ടെന്നും അതിനാൽ മാനുഷിക സഹായം നൽകാൻ ഏജൻസിയെ അനുവദിക്കണമെന്നില്ലെന്നും സിമ്മൺസ് കൂട്ടിച്ചേർത്തു.
അതേ സമയം, 24 മണിക്കൂറിനിടെ ഇസ്രായേൽ ആക്രമണത്തിൽ 35 പേരുടെ മരണം സ്ഥിരീകരിച്ചു. ഗസ്സയിൽ മരണസംഖ്യ ഇതോടെ 52,400 കവിഞ്ഞു. വിദ്യാർഥികൾ മാത്രം 14,700 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. അതിനിടെ, സിറിയയിൽ ഇസ്രായേൽ വീണ്ടും ആക്രമണത്തിന് കോപ്പുകൂട്ടുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ഡമസ്കസിനു മുകളിൽ ഇസ്രായേൽ യുദ്ധവിമാനങ്ങൾ നിരന്തരം പറന്ന് ഭീഷണി സൃഷ്ടിക്കുന്നതായി സിറിയൻ സൈനിക വൃത്തങ്ങൾ പറഞ്ഞു.