വാഷിങ്ടൺ: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ഉടലെടുത്ത സംഘർഷം ലഘൂകരിക്കുന്നതിന് യോജിച്ച് പ്രവർത്തിക്കാൻ ഇന്ത്യയോടും പാകിസ്താനോടും അമേരിക്ക ആവശ്യപ്പെട്ടു. ഇന്ത്യൻ വിദേശകാര്യ മന്ത്രിയുമായും പാകിസ്താൻ പ്രധാനമന്ത്രിയുമായും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ പ്രത്യേകം ചർച്ചകൾ നടത്തുകയും ചെയ്തു. ദക്ഷിണേഷ്യയിൽ സമാധാനവും സുരക്ഷയും നിലനിർത്തണമെന്ന് അദ്ദേഹം ഇരുവരോടും ആവശ്യപ്പെട്ടു.
പഹൽഗാം ആക്രമണത്തിൽ ദുഃഖം രേഖപ്പെടുത്തിയ റൂബിയോ, ഭീകരതക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. പഹൽഗാം ഭീകരാക്രമണത്തിനുപിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് റൂബിയോയുമായുള്ള ചർച്ചക്കുശേഷം എസ്. ജയ്ശങ്കർ എക്സിൽ കുറിച്ചു. ഭീകരാക്രമണത്തെ അപലപിക്കേണ്ടതിന്റെ ആവശ്യകത പാകിസ്താൻ പ്രധാനമന്ത്രി ശഹ്ബാസ് ശരീഫുമായുള്ള സംഭാഷണത്തിൽ റൂബിയോ ചൂണ്ടിക്കാട്ടി. ഭീകരാക്രമണത്തെക്കുറിച്ചുള്ള അന്വേഷണത്തോട് സഹകരിക്കണമെന്നും അദ്ദേഹം പാകിസ്താനോട് ആവശ്യപ്പെട്ടു. എന്നാൽ, ഭീകരാക്രമണത്തെ പാകിസ്താനുമായി ബന്ധിപ്പിക്കാനുള്ള ഇന്ത്യയുടെ ശ്രമം പാക് പ്രധാനമന്ത്രി തള്ളിക്കളഞ്ഞതായി അദ്ദേഹത്തിന്റെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
അതിനിടെ, ഇന്ത്യയുടെ ഭാഗത്തുനിന്ന് സൈനിക നീക്കമുണ്ടായാൽ ദ്രുതഗതിയിലുള്ള പ്രതികരണമുണ്ടാകുമെന്ന് പാകിസ്താൻ സേനാ മേധാവി ജനറൽ അസിം മുനീർ പറഞ്ഞു. മേഖലയിലെ സമാധാനത്തിന് പാകിസ്താൻ പ്രതിജ്ഞാബദ്ധമാണെന്നും എന്നാൽ, രാജ്യതാൽപര്യം എന്ത് വിലകൊടുത്തും സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.