എ.എസ് ശ്രീകുമാര്‍
സൗത്ത് ഫ്‌ളോറിഡ: വ്യോമയാന മേഖലയില്‍ കൈയൊപ്പ് ചാര്‍ത്തി ലോകശ്രദ്ധയാകര്‍ഷിച്ച പ്രമുഖ മലയാളി വ്യവസായിയും ഫോമായുടെ മുന്‍ പ്രസിഡന്റുമായ ജോണ്‍ ടൈറ്റസും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ വിനോദ് മാത്യുവും ചേര്‍ന്നെഴുതിയ ‘ഏവിയേഷന്‍ ആര്‍ക്കെമിസ്റ്റ്’ എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ പ്രകാശനം നാളെ (4 ഞായര്‍) ഫ്‌ളോറിഡയില്‍ നടക്കും. ജോണ്‍ ടൈറ്റസിന്റെ ജീവിതമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. സൗത്ത് ഫ്‌ളോറിഡയിലെ മാര്‍ത്തോമ ചര്‍ച്ച് ഫെലോഷിപ്പ് ഹാളില്‍ (4740 SW Ave, Davie, Fl. 33328) ഉച്ചകഴിഞ്ഞ് പ്രാദേശിക സമയം 3.30-ന് നടക്കുന്ന ലളിതമായ ചടങ്ങില്‍ ജോണ്‍ ടൈറ്റസിന്റെ അഭ്യുദയകാംക്ഷികളും സുഹൃത്തുക്കളും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും.
പത്തനംതിട്ട ജില്ലയിലെ കുമ്പനാട് എന്ന ഗ്രാമത്തിലെ പുരാതന കുടുംബമായ പുരയ്ക്കല്‍ കെ.ജെ ടൈറ്റസിന്റെയും, മറിയാമ്മ ടൈറ്റസിന്റെയും മകനായ ജോണ്‍ ടൈറ്റസ് 1971-ല്‍ ഉന്നത പഠനത്തിനായാണ് അമേരിക്കയിലെത്തിയത്. തുടര്‍ന്ന് എയ്‌റോനോട്ടിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദമെടുക്കുകയും 1984-ല്‍ സിയാറ്റിലില്‍ എയ്‌റോ കണ്‍ട്രോള്‍സ് ഇന്‍കോര്‍പറേറ്റഡ് രൂപീകരിക്കുകയും ചെയ്തു. എഫ്.എ.എ (ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍) സര്‍ട്ടിഫിക്കേഷനുള്ള റിപ്പയര്‍ കേന്ദ്രമായ എയ്‌റോ കണ്‍ട്രോള്‍സ് അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്ന പ്രസ്ഥാനമായി വളര്‍ന്നത് ചുരുങ്ങിയ കാലത്തിനുള്ളിലാണ്.
ബിസിനസിന്റെ വൈവിധ്യ വല്‍ക്കരണത്തിന്റെ ഭാഗമായി ഫ്‌ളോറിഡയില്‍ ഒരു ഹോട്ടല്‍ സമുച്ചയവും അമേരിക്കയില്‍ ഒരു കൊച്ചു മലയാള നാട് പുനസൃഷ്ടിക്കാനുള്ള ആഗ്രഹത്തിന്റെ ഭാഗമായി ‘കേരളാ ഗാര്‍ഡന്‍സ്’ എന്ന പേരില്‍ അറ്റ്‌ലാന്റയില്‍ ഒരു റിയല്‍ എസ്റ്റേറ്റ് സംരംഭത്തിനും തുടക്കം കുറിച്ചു. ഫോമയുടെ ഉപദേശക സമിതി ചെയര്‍മാനായിരുന്ന ജോണ്‍ ടൈറ്റസ് സംഘടനയുടെ തുടക്കം മുതലുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം കയ്യയച്ചു സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. 25 നിര്‍ധന കുടുംബങ്ങള്‍ക്ക് വീടുവച്ചുകൊടുത്തത് എടുത്തു പറയേണ്ട ഒന്നാണ്.
ഫോമാ പ്രസിഡന്റായിരിക്കെ ലാസ് വെഗാസ് കണ്‍വെന്‍ഷന്‍ അവിസ്മരണീയമാക്കുന്നതില്‍ ഇദ്ദേഹം നല്കിയ സംഭാവനകള്‍ വിലയേറിയതാണ്. എയ്‌റോ കണ്‍ട്രോള്‍സിന്റെ ചാരിറ്റി വിഭാഗം വഴിയും അദ്ദേഹം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ഫൊക്കാന ഉള്‍പ്പെടെ നിരവധി സാമൂഹിക സാംസ്‌കാരിക സംഘടനകളുടെയും നേതൃത്വം വഹിച്ചിട്ടുള്ള വ്യക്തിയാണ് ജോണ്‍ ടൈറ്റസ്.
”നിരവധി വര്‍ഷത്തെ പരിശ്രമത്തിന്റെ ഫലമായാണ് ‘ഏവിയേഷന്‍ ആര്‍ക്കെമിസ്റ്റ്’ യാഥാര്‍ത്ഥ്യമായത്. വ്യോമയാന വ്യവസായ വാണിജ്യ രംഗത്തെ എന്റെ ജീവിതാനുഭവ മുഹൂര്‍ത്തങ്ങള്‍ പലപ്പോഴായി കുറിച്ചു വയ്ക്കുകയും അവയെല്ലാം ചേര്‍ത്ത് പുസ്തക രൂപത്തിലാക്കുകയുമായിരുന്നു. ‘ഏവിയേഷന്‍ ആര്‍ക്കെമിസ്റ്റ്’ വായനക്കാരിലേയ്ക്ക് എത്തിക്കുന്നതില്‍ തനിക്ക് ഒപുപാട് പേരോട് കടപ്പാടുണ്ട്. ഈ പ്രവാസ ഭൂമിയിലെ തന്റെ ബിസിനസ് മുന്നേറ്റങ്ങള്‍ പുതു തലമുറയ്ക്ക് പ്രചോദനമാകട്ടെ എന്ന ആഗ്രഹത്തിന്റെ കൂടി വെളിച്ചത്തിലാണ് ഈ പുസ്തകം ഇവിടെ പ്രകാശനം ചെയ്യപ്പെടുന്നത്…” ജോണ്‍ ടൈറ്റസ് പറഞ്ഞു. മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ ഡോ. തിയോഡോഷ്യസ് മാര്‍ത്തോമ മെത്രാപോലീത്തയാണ് പുസ്തകത്തിന്റെ അവതാരിക എഴുതിയിരിക്കുന്നത്.
ഫ്‌ളോറിഡയിലെ പുസ്തക പ്രകാശന ചടങ്ങിലേയ്ക്ക് ജോണ്‍ ടൈറ്റസും ഭാര്യ കുസുമം ടൈറ്റസും ഏവരെയും ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നു. ‘ഏവിയേഷന്‍ ആര്‍ക്കെമിസ്റ്റി’ന്റെ മലയാള പരിഭാഷ തയ്യാറായിക്കൊണ്ടിരിക്കുകയാണെന്നും വരുന്ന ഡിസംബറില്‍ കേരളത്തില്‍ വച്ച് പ്രകാശനം ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്നും ജോണ്‍ ടൈറ്റസ് വ്യക്തമാക്കി. ഇംഗ്ലീഷ് പുസ്തകത്തിന്റെ വില അമേരിക്കയില്‍ 20 ഡോളറണ്. നാട്ടില്‍ 500 രൂപയും. പുസ്തക വില്‍പനയിലൂടെ ലഭിക്കുന്ന തുക ‘ലൗ യുവര്‍ നെയ്ബര്‍ പ്രോജക്ട്’ എന്ന ചാരിറ്റിക്കായി പദ്ധതിക്കായി ഉപയോഗിക്കുമെന്നും ഇക്കാര്യത്തില്‍ സുമനസുകളുടെ പങ്കാളിത്തമുണ്ടാവണമെന്നും ജോണ്‍ ടൈറ്റസ് അഭ്യര്‍ത്ഥിച്ചു.