എ.എസ് ശ്രീകുമാര്‍
ആഗോള ക്രൈസ്തവ സഭയുടെ 227-ാമത് മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്ന വോട്ടിങ് പ്രക്രിയകള്‍ക്കായി നാളെ (മെയ് 7) സിസ്റ്റീന്‍ ചാപ്പലില്‍ കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവിന് തുടക്കം കുറിക്കുകയാണ്. കോണ്‍ക്ലേവ് എത്ര ദിവസം നീണ്ടുനില്‍ക്കുമെന്ന് പറയാനാവില്ല. ഒരു മാര്‍പാപ്പ കാലം ചെയ്യുകയോ സ്ഥാനത്യാഗം ചെയ്യുകയോ ചെയ്താന്‍ 15-20 ദിവസത്തിനുള്ളില്‍ കേണ്‍ക്ലേവ് വിളിച്ചുകൂട്ടണമെന്നാണ് വത്തിക്കാന്റെ നിയമം അനുശാസിക്കുന്നത്. കാലം ചെയ്ത ഫ്രാന്‍സിസ് മാര്‍പാപ്പയെയും അദ്ദേഹത്തിന്റെ തൊട്ട് മുന്‍ഗാമി ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയെയും വോട്ടെടുപ്പിന്റെ രണ്ടാം ദിവസത്തില്‍ തന്നെ മാര്‍പ്പാപ്പമാരായി തിരഞ്ഞെടുത്തിരുന്നു. എന്നാല്‍ 1268-ല്‍ ഗ്രിഗറി പത്താമനെ തിരഞ്ഞെടുത്തത് രണ്ടുവര്‍ഷം നീണ്ട കോണ്‍ക്ലേവിലൂടെയാണ്.
കോണ്‍ക്ലേവ് തുടങ്ങുന്നതിനോടനുബന്ധിച്ച് പാപ്പായുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുരക്ഷാചട്ടങ്ങളുടെ ഭാഗമായി വത്തിക്കാന്‍ സിറ്റിയുടെ അര്‍ത്തിക്കുള്ളില്‍ കമ്മ്യൂണിക്കേഷനുള്ള സെല്ലുലാര്‍-റേഡിയോ തരംഗങ്ങള്‍ വിച്ഛേദിക്കും. മെയ് 7-ാം തീയതി ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3 മണി മുതല്‍ പുതിയ പാപ്പായെ തിരഞ്ഞെടുത്തതായി വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ മട്ടുപ്പാവില്‍ നിന്ന് പ്രഖ്യാപിക്കപ്പെടുന്നതു വരെയായിരിക്കും ഈ നിയന്ത്രണമെന്ന് വത്തിക്കാന്‍ നഗര കാര്യാലയം വ്യക്തമാക്കി.
അതേസമയം, കോണ്‍ക്ലേവില്‍ സഹായികളാകുന്ന ഉദ്യോഗസ്ഥരുടെയും മറ്റു പ്രവര്‍ത്തകരുടെ സത്യപ്രതിജ്ഞ, പേപ്പല്‍ ഭവനത്തിലെ പൗളിന്‍ കപ്പേളയില്‍ ഇന്നലെ നടന്നു. വിധ ദൗത്യങ്ങള്‍ നിര്‍വ്വഹിക്കുന്ന പൊന്തിഫിക്കല്‍ ആരാധനാക്രമ ശുശ്രൂഷകര്‍, സങ്കീര്‍ത്തിയിലെ സഹായികള്‍, ശുചിത്വ പ്രവര്‍ത്തകര്‍, ഭിഷഗ്വരന്മാരും ഉള്‍പ്പെട്ട ആതുരശുശ്രൂഷകര്‍, കുമ്പസാരക്കാര്‍ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്.
1996 ഫെബ്രുവരി 22-ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ പുറപ്പെടുവിച്ച ‘യൂണിവേഴ്‌സി ദൊമീനിച്ചി ഗ്രേജിസ്’ എന്ന അപ്പൊസ്‌തോലിക രേഖയനുസരിച്ചാണ് സത്യപ്രതിജ്ഞ. പാപ്പായെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പും വോട്ടെണ്ണലുമായി പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധമുള്ള ഒരു കാര്യവും പുതിയ പാപ്പായില്‍ നിന്നോ അദ്ദേഹത്തിന്റെ പിന്‍ഗാമികളില്‍ നിന്നോ വ്യക്തമായ അനുമതി ലഭിക്കാത്ത പക്ഷം, രഹസ്യമായി സൂക്ഷിച്ചുകൊള്ളാമെന്നാണ് ഇവര്‍ സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നത്.
വത്തിക്കാനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ കോളേജ് ഓഫ് കാര്‍ഡിനല്‍സ് കാമര്‍ലെംഗോയാണ് പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കേണ്ടത്. കര്‍ദ്ദിനാള്‍ കെവിന്‍ ഫാരലാണ് ഇപ്പോഴത്തെ കാമര്‍ലെംഗോ. മാര്‍പാപ്പയോട് ഏറ്റവും അടുപ്പമുള്ള, മാര്‍പാപ്പ നേരിട്ട് തിരഞ്ഞെടുക്കുന്ന കര്‍ദ്ദിനാളെയാണ് കാമര്‍ലെംഗോ എന്ന് വിളിക്കുന്നത്. വത്തിക്കാന്റെ സ്വത്തിന്റെയും വരുമാനത്തിന്റെയും ഭരണാധികാരി കൂടിയാണ് കാമര്‍ലെംഗോ. ലോകമെമ്പാടുമുള്ള 252 കര്‍ദിനാള്‍മാരില്‍ 80 വയസില്‍ താഴെയുള്ള 138 പേര്‍ക്കാണ് വോട്ടവകാശമുള്ളത്. ഇന്ത്യയില്‍ നിന്ന് 4 പേര്‍ക്ക് വോട്ടവകാശമുണ്ട്.
ഇന്ത്യയില്‍ ആറ് കര്‍ദിനാള്‍മാരുണ്ടെങ്കിലും 80 വയസ്സുള്ള കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിനും 79 വയസ്സുള്ള മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കും വോട്ട് ചെയ്യാനാവില്ല. സിറോ മലങ്കര സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്, കര്‍ദിനാള്‍ ഫിലിപ്പ് നെറി ഫെറാറോ, കര്‍ദിനാള്‍ ആന്റണി പൂല എന്നിവര്‍ക്കാണ് വോട്ടവകാശമുള്ളത്. സാന്ത മാര്‍ത്ത ഗസ്റ്റ് ഹൗസിലാണ് വോട്ടവകാശമുള്ള കര്‍ദിനാള്‍മാരെല്ലാം താമസിക്കുന്നത്. കോണ്‍ക്ലേവ് തുടങ്ങി അവസാനിക്കുന്നതുവരെ കര്‍ദിനാള്‍മാര്‍ക്ക് പുറംലോകവുമായി യാതൊരു ബന്ധവും ഉണ്ടിയിരിക്കുന്നതല്ല. അവരെല്ലാം സിസ്റ്റീന്‍ ചാപ്പലിനുള്ളില്‍ മാത്രമായി ഒതുങ്ങിക്കഴിയും.
കോണ്‍ക്ലേവിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി സിസ്റ്റീന്‍ ചാപ്പലിന്റെ മേല്‍ക്കൂരയില്‍ പുതിയ ചിമ്മിനി സ്ഥാപിച്ചു. ബാലറ്റുകള്‍ കത്തിക്കുന്ന പുക ഈ ചിമ്മിനിയിലൂടെയാണ് പുറത്തുവരുന്നത്. ഒരു സ്ഥാനാര്‍ത്ഥിക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കുന്നതുവരെ ഒന്നിലധികം റൗണ്ടുകളില്‍ വോട്ട് ചെയ്യും. ഈ പ്രക്രിയ ദിവസങ്ങളോളം തുടര്‍ന്നേക്കാം. 30 ബാലറ്റുകള്‍ക്ക് ശേഷവും നിര്‍ണായക ഫലം ലഭിച്ചില്ലെങ്കില്‍ ഒരു സ്ഥാനാര്‍ത്ഥിയെ നിശ്ചിത ഭൂരിപക്ഷത്തില്‍ തിരഞ്ഞെടുക്കും. 1922 ലായിരുന്നു സമീപകാല ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ കോണ്‍ക്ലേവ് നടന്നത്. അന്ന് അഞ്ച് ദിവസം എടുത്തായിരുന്നു പയസ് പതിനാറാമന്‍ മാര്‍പാപ്പയെ തിരഞ്ഞെടുത്തത്.
തിരഞ്ഞെടുപ്പിന്റെ ഫലസൂചന സംബന്ധിച്ച് പുറംലോകം അറിയുന്നത് വത്തിക്കാന്റെ ചിമ്മിനിയില്‍ നിന്നുയരുന്ന പുക നോക്കിയാണ്. ഓരോ വോട്ടെടുപ്പിന് ശേഷവും ബാലറ്റുകള്‍ കത്തിക്കും. ബാലറ്റില്‍ നിന്ന് വരുന്ന കറുത്ത പുക മാര്‍പാപ്പയെ തിരഞ്ഞെടുത്തിട്ടില്ലെന്നതിന്റെ സൂചനയാണ്. വെളുത്ത പുക ഉയര്‍ന്നാല്‍ മാര്‍പാപ്പയെ തിരഞ്ഞെടുത്തുവെന്നാണ് അര്‍ത്ഥം. തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിയോട് മാര്‍പാപ്പയാവാന്‍ സമ്മതമാണോയെന്ന് ചോദിക്കും.
സമ്മതം അറിയിച്ചാല്‍ പുതിയ പോപ്പിനോട് അനുസരണ കാണിക്കുമെന്ന് കര്‍ദിനാള്‍മാര്‍ കോണ്‍ക്ലേവില്‍ പ്രതിജ്ഞയെടുക്കും. തിരഞ്ഞെടുപ്പിന് ശേഷം വെളുത്ത കാസോക്കും തലയോട്ടി തൊപ്പിയും, ചുവന്ന ചെരിപ്പും ധരിക്കാനായി തൊട്ടടുത്ത മുറിയിലേക്ക് കൊണ്ടുപോകും. തുടര്‍ന്ന് കര്‍ദിനാള്‍ തിരുസംഘത്തിന്റെ തലവന്‍ ”ഹബേമൂസ് പാപ്പാം…” (നമുക്കൊരു പാപ്പയെ കിട്ടി) എന്ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ബാല്‍ക്കണിയില്‍ വന്ന് ലോകത്തോട് വിളിച്ചു പറയും. പിന്നാലെ പുതിയ മാര്‍പാപ്പ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ഹര്‍ഷാരവം മുഴക്കുന്ന വിശ്വാസ സഹസ്രങ്ങളെ അഭിവാദ്യം ചെയ്ത് അനുഗ്രഹങ്ങള്‍ ചൊരിയും.