Tuesday, May 20, 2025

HomeAmerica'ടേക്ക് ഇറ്റ് ഡൗൺ ആക്റ്റ്' നിയമമാക്കി: അമേരിക്കയിൽ ഓൺലൈൻ ചൂഷണങ്ങൾക്ക് ഇനി കടുത്ത നടപടി

‘ടേക്ക് ഇറ്റ് ഡൗൺ ആക്റ്റ്’ നിയമമാക്കി: അമേരിക്കയിൽ ഓൺലൈൻ ചൂഷണങ്ങൾക്ക് ഇനി കടുത്ത നടപടി

spot_img
spot_img

വാഷിങ്ടൺ: കുട്ടികളെയും കുടുംബങ്ങളെയും ഓൺലൈൻ ചൂഷണത്തിൽ നിന്ന് സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള ‘ടേക്ക് ഇറ്റ് ഡൗൺ ആക്റ്റ്’ നിയമമാക്കി ഒപ്പുവെച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്.

എഐ ഉപയോ​ഗിച്ച് നിർമ്മിക്കുന്ന ഡീപ്ഫേക്കുകൾ, വ്യക്തിയുടെ സ്വകാര്യ ചിത്രങ്ങൾ (സമ്മതമില്ലാതെ) തുടങ്ങിയവ മനഃപൂർവ്വം പ്രസിദ്ധീകരിക്കുകയോ പ്രസിദ്ധീകരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നത് ഫെഡറൽ കുറ്റകൃത്യമാണ്. ഇരയുടെ അഭ്യർത്ഥന ലഭിച്ച് 48 മണിക്കൂറിനുള്ളിൽ സാമൂഹിക മാധ്യമങ്ങൾ അത്തരം ഉള്ളടക്കങ്ങൾ നീക്കം ചെയ്യണം. പകർപ്പുകൾ ഇല്ലാതാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ട ഉത്തരവാദിത്വവും വെബ്സൈറ്റുകൾക്കും സാമൂഹിക മാധ്യമങ്ങൾക്കുമുണ്ട്.

‘എണ്ണമറ്റ സ്ത്രീകളെ ഡീപ്ഫേക്കുകളും മറ്റ് ലൈംഗിക ചിത്രങ്ങളും ഉപയോഗിച്ച് ഉപദ്രവിച്ചിട്ടുണ്ട്. ഇത് പൂർണ്ണമായും നിയമവിരുദ്ധമാക്കുകയാണ്’. ട്രംപ് പറഞ്ഞു. ‘ഈ പ്രധാനപ്പെട്ട വിഷയത്തിൽ മെലാനിയ നൽകിയ നേതൃത്വത്തിന് നന്ദി പറയുന്നു. ഇത്രയധികം അർപ്പണബോധവും അനുകമ്പയുമുള്ള ഒരു പ്രഥമ വനിതയെ ലഭിച്ചത് അമേരിക്കയുടെ ഭാഗ്യമാണ്’. അദ്ദേഹം കൂട്ടിചേർത്തു.

നിയമനിർമ്മാണത്തിന്റെ പ്രധാന പ്രചാരകയായിരുന്ന പ്രഥമ വനിത മെലാനിയ ട്രംപും ചടങ്ങിൽ പങ്കെടുത്തിരുന്നു. ‘ആർട്ടിഫിഷ്യൽ ഇന്റലിജൻസും സാമൂഹിക മാധ്യമങ്ങളും അടുത്ത തലമുറയ്ക്ക് ആസക്തിയുണ്ടാക്കുന്ന ഡിജിറ്റൽ മിഠായികളാണ്. കുട്ടികളുടെ വൈജ്ഞാനിക വികാസത്തെ സ്വാധീനിക്കാൻ രൂപകൽപ്പന ചെയ്തവയാണിവ. എന്നാൽ മധുരത്തിൽ നിന്ന് വ്യത്യസ്തമായി, ഈ പുതിയ സാങ്കേതികവിദ്യകൾ ആയുധമാക്കാം, വിശ്വാസങ്ങളെ രൂപപ്പെടുത്താം, വികാരങ്ങളെ സ്വാധീനിക്കുകയും മാരകമാകുകയും ചെയ്യാം’. മെലാനിയ ട്രംപ് പറഞ്ഞു.

മെറ്റാ, ടിക്ടോക്, ഗൂഗിൾ തുടങ്ങിയ കമ്പനികളും ഈ നിയമനിർമ്മാണത്തെ പിന്തുണച്ചിട്ടുണ്ട്. അതേസമയം സ്വകാര്യതയെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും ഈ നിയമം ബാധിക്കുമെന്ന ആശങ്കകളും വിവിധ കോണുകളിൽ നിന്നുയരുന്നുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments