അനില്‍ ആറന്മുള
ഹരിപ്പാട്: ഹൈന്ദവ സമൂഹത്തിനു നല്‍കുന്ന മഹത്തരമായ സേവനങ്ങളെ പ്രകീര്‍ത്തിച്ച് മണ്ണാറശാല നാഗക്ഷേത്രം അധിപതിയായ മണ്ണാറശാല അമ്മ എന്നറിയപ്പെടുന്ന ദിവ്യശ്രീ സാവിത്രി അന്തര്‍ജ്ജനത്തിന് കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (കെ.എച്ച്.എന്‍.എ) സനാതന സംസ്‌കൃതി പുരസ്‌കാരങ്ങളില്‍ ഒന്നായ പരമാംബികാ പുരസ്‌കാരം നല്‍കി ആദരിച്ചു.

മെയ് 17ന് ശനിയാഴ്ച മണ്ണാറശാല ക്ഷേത്രാങ്കണത്തില്‍ നടന്ന ചടങ്ങില്‍ കെ.എച്ച്.എന്‍.എ ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ഗോപിനാഥ കുറുപ്പ് പുരസ്‌കാരം അമ്മക്ക് കൈമാറി. അമ്മക്ക് സംഘടനയുടെ ദക്ഷിണയായി ഒരുലക്ഷം രൂപ കെ.എച്ച്.എന്‍.എ മുന്‍ പ്രസിഡന്റ് ഡോ. രാമദാസ് പിള്ള അമ്മയുടെ കൈകളില്‍ സമര്‍പ്പിച്ചു.

കെ.എച്ച്.എന്‍.എയുടെ സ്ഥാപക പ്രസിഡന്റ് മന്മഥന്‍ നായര്‍, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന അഡ്വ. ജി മധുസൂദനന്‍ പിള്ള, കെ.എച്ച്.എന്‍.എ ജോയിന്റ് സെക്രട്ടറി ആതിര സുരേഷ്, ബോര്‍ഡ് അംഗം ഡോ. ബിജു പിള്ള, അമേരിക്കയില്‍ നിന്നെത്തിയ മറ്റു പ്രവര്‍ത്തകര്‍, ഭക്ത ജനങ്ങള്‍, ക്ഷേത്രം ഭാരവാഹികള്‍ എന്നിവര്‍ ചടങ്ങിന് സാക്ഷികളായിരുന്നു.

പുരസ്‌കാര സമര്‍പ്പണത്തിനു ശേഷം കെ.എച്ച്.എന്‍.എ ഭാരവാഹികള്‍ക്ക് മണ്ണാറശാല ദേവസ്വം ഒരു സ്വീകരണവും ഏര്‍പ്പെടുത്തിയിരുന്നു. ട്രസ്റ്റീ ചെയര്‍മാന്‍ ഗോപിനാഥക്കുറുപ്, ഡോ. രാംദാസ് പിള്ള, മന്മഥന്‍ നായര്‍, ആതിര സുരേഷ്, ബിജു പിള്ള എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി. ആതിര സുരേഷിന്റെ ഭക്തിഗാനാലാപനത്തോടെ ആരംഭിച്ച യോഗത്തില്‍ ചടങ്ങിനെത്തിയ ഭക്തജനങ്ങള്‍ക്ക് ഗോപിനാഥക്കുറുപ് സ്വാഗതം ആശംസിച്ചുകൊണ്ട് സംഘടനയുടെ സനാതന പുരസ്‌കാരത്തെ കുറിച്ചു സംസാരിച്ചു.
അധ്യക്ഷ പ്രസംഗം നടത്തിയ അഡ്വ. മധുസൂദനന്‍ പിള്ള, അമേരിക്ക പോലൊരു രാജ്യത്തു ജീവിക്കുമ്പോഴും സനാതന ധര്‍മ്മ സംസ്‌കാര മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കാനായി കെ.എച്ച്.എന്‍.എ നടത്തുന്ന പ്രവര്‍ത്തനങ്ങളെ ശ്ലാഘിച്ചു. തുടര്‍ന്ന് സംസാരിച്ച സ്ഥാപക പ്രസിഡന്റ് മന്മഥന്‍ നായര്‍ ജഗദ്ഗുരു സത്യാനന്ദ സ്വാമി തൃപ്പാദങ്ങളുടെ അനുഗ്രഹത്തോടെ സമാരംഭിച്ചു നീണ്ട ഇരുപത്തിയഞ്ചു വര്‍ഷത്തെ നിഷ്‌കാമ കര്‍മ്മ പ്രവര്‍ത്തനങ്ങളിലൂടെ വരും തലമുറയിലേക്കു സനാതന ധര്‍മ മൂല്യങ്ങള്‍ പകര്‍ന്നു കൊടുത്ത് അവരെ നന്മയുടെ ലോകത്തേക്ക് നയിക്കാനാണ് പരിശ്രമിക്കുന്നത് എന്ന് പറഞ്ഞു.
ഡോ. രാമദാസ് പിള്ളയും ഗുരുവായൂര്‍ മുന്‍ മേല്‍ശാന്തി സുബ്രഹ്‌മണ്യന്‍ നമ്പൂതിരിയും ആശംസ പ്രസംഗങ്ങള്‍ നടത്തി. ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ ബിജു പിള്ള നന്ദി പ്രകാശനം നടത്തി. ദേവസ്വം ഭാരവാഹികളായ നാഗദാസ് നമ്പൂതിരി, ശ്യാംസുന്ദര്‍ ശങ്കരന്‍ നമ്പൂതിരി എന്നിവര്‍ സ്വീകരണ സമ്മേളനത്തിന് നേതൃത്വം നല്‍കി. യോഗശേഷം വിഭവ സമൃദ്ധമായ സദ്യയും നല്‍കിയാണ് കെ.എച്ച്.എന്‍.എ അംഗങ്ങളെ യാത്രയാക്കിയത്.