ന്യൂയോര്‍ക്ക്: യാതൊരു ഉത്പന്നത്തിനും ഓര്‍ഡര്‍ നല്‍കാത്ത യുവതിക്ക് ആമസോണില്‍ നിന്ന് ലഭിച്ചത് 150 പാര്‍സലുകള്‍. ന്യൂയോര്‍ക്ക് സ്വദേശിയായ യുവതിക്കാണ് വിചിത്രവും അവിശ്വസനീയവുമായ ഈ അനുഭവം ഉണ്ടായത്.
തനിക്ക് ലഭിച്ച എല്ലാ പാര്‍സലുകളിലും മാസ്‌ക് ബ്രാക്കറ്റുകളാണ് ഉണ്ടായിരുന്നതെന്നും പിന്നീട് അത് സംഭാവനയായി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു എന്നും യുവതി പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു.
മാത്രമല്ല, തെറ്റായ പാര്‍സലുകള്‍ ലഭിച്ചതിനെ തുടര്‍ന്ന് അവര്‍ ആമസോണിനെ ബന്ധപ്പെടാനും അവരുടെ ഭാഗത്തു നിന്നുണ്ടായ പിശകിനെക്കുറിച്ച് പറഞ്ഞു ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തതായി അവര്‍ പറയുന്നു.
പക്ഷെ അപ്പോള്‍ ആമസോണ്‍ ആ പാര്‍സലുകള്‍ അവരുടെ കൈയില്‍ തന്നെ സൂക്ഷിക്കാനും ഒരു പരാതി സമര്‍പ്പിക്കാനും ആവശ്യപ്പെടുകയായിരുന്നു ചെയ്തത്. ജിലിയന്‍ കന്നന്‍ എന്ന യുവതി തനിക്ക് ഈ രീതിയില്‍ പാര്‍സലുകള്‍ ലഭിച്ചപ്പോള്‍ ആദ്യം കരുതിയത് തന്റെ ബിസിനസ് പങ്കാളി അയച്ച പൊതികളാകും അവ എന്നായിരുന്നു.
പക്ഷെ ഇവ അങ്ങനെ ലഭിച്ച പാര്‍സലുകളല്ല എന്ന് പിന്നീട് ബോധ്യമായി. ലഭിച്ച പാര്‍സലുകളിലെല്ലാം രേഖപ്പെടുത്തിയിട്ടുള്ള വിലാസം തന്റേത് തന്നെയാണെങ്കിലും പേര് മറ്റാരുടെയോ ആയിരുന്നെന്ന് ജിലിയന്‍ പറയുന്നു.
പരാതി പറഞ്ഞ ശേഷം ഒരുപാട് പ്രയത്‌നത്തിന് ശേഷം ഈ പിശകിന് പിന്നിലെ കാരണം എന്താണെന്ന് ആമസോണ്‍ കണ്ടെത്തി. ഈ സമയംലഭിച്ച ഈ മാസ്‌കുകള്‍ എങ്ങനെ പ്രയോജനകരമാം വിധം ഉപയോഗിക്കാം എന്നതിനെക്കുറിച്ചും ജിലിയന്‍ ആലോചിക്കുന്നുണ്ടായിരുന്നു.
ഇതിനെ തുടര്‍ന്നു ജിലിയനും ബിസിനസ് പങ്കാളിയും ഒടുവില്‍ ഈ മാസ്‌കുകള്‍ ഉപയോഗിച്ച് കുട്ടികളുടെ ആശുപത്രിയിലെ രോഗികള്‍ക്ക് മാസ്‌ക് കിറ്റ് ഉണ്ടാക്കി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.
തനിക്ക് നിലവില്‍ ഉണ്ടായ ബുദ്ധിമുട്ടിന് പകരമായി ആ ഓര്‍ഡറിന്റെ ഭാഗമായുള്ള ബാക്കി മാസ്‌കുകള്‍ കൂടി ഈ സംരംഭത്തിന് വേണ്ടി സംഭാവനയായി നല്‍കണമെന്ന് ജിലിയന്‍ ആമസോണിനോട് ആവശ്യപ്പെട്ടു. ഇത് കേട്ടതോടെ ആമസോണ്‍ അവരുടെ ആവശ്യം അംഗീകരിക്കുകയും ബാക്കിയുള്ള മാസ്‌കുകള്‍ അവര്‍ക്ക് സംഭാവനയായി നല്‍കുകയും ചെയ്തു.