ശാലു പുന്നൂസ്, മാപ്പ് പ്രസിഡന്റ്
മലയാളീ അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഫിലാഡല്‍ഫിയ (മാപ്പ് ) എന്ന സംഘടനയുടെ പേരിനും പ്രതാപത്തിനും കോട്ടം വരുത്തുന്ന രീതിയില്‍ വ്യാജ വാര്‍ത്തകള്‍ നല്‍കി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകും.
ബോര്‍ഡ് ഓഫ് ട്രസ്റ്റിയും എക്‌സിക്യൂട്ടീവ് കമ്മിറ്റിയും സംയുക്തമായി എടുത്ത തീരുമാനം എതിര്‍പ്പുണ്ടെങ്കില്‍ ജനറല്‍ബോഡിയുടെ ഭൂരിപക്ഷ അഭിപ്രായം അനുസരിച്ച് മാറ്റാം എന്നിരിക്കെ പത്ര മാധ്യമങ്ങളിലൂടെ മറ്റും ഇതിനെ വളച്ചൊടിച്ച് വ്യക്തിപരമായ മുതലെടുപ്പിന് ശ്രമിക്കുന്നവര്‍ക്ക് സംഘടനയില്‍ തുടരാന്‍ അവകാശമില്ല എന്ന് പ്രസിഡന്റ് ഷാലൂ പുന്നൂസ് വ്യക്തമാക്കി.
വര്‍ഷങ്ങളായി വ്യക്തിവൈരാഗ്യങ്ങളുടെ പേരില്‍ സമീപ സംഘടനകളില്‍ പോലും സഹകരിക്കാന്‍ പാടില്ല എന്ന പ്രാകൃത നിയമങ്ങള്‍ മാറ്റി എഴുതിയത് കാലത്തിനനുസരിച്ചുള്ള മാതൃകാപരമായ തീരുമാനമാണ്. കാലാകാലങ്ങളായി സംഘടനയെ കയ്യടക്കി വച്ചിരുന്ന ചില ശക്തികള്‍ വരും തലമുറയ്ക്ക് നേതൃസ്ഥാനം കൈമാറാനും വ്യക്തി വിദ്വേഷങ്ങള്‍ മറക്കാനും തയ്യാറാകാത്തതാണ് ഈ പ്രശ്‌നങ്ങള്‍ക്ക് കാരണം. അതോടൊപ്പം ചില ബാഹ്യശക്തികള്‍ ഈ സംഘടനയെ അവരുടെ വരുതിക്ക് കൊണ്ടുവരാനും അവരുടെ രഹസ്യ അജണ്ടകള്‍ നടപ്പാക്കാനും ശ്രമിക്കുന്നുണ്ട്.
ഫോമയും ഫൊക്കാനയും ഉള്‍പ്പടെ മറ്റ് എല്ലാ പ്രാദേശിക സംഘടനകളുമായി സഹകരിക്കാന്‍ ആണ് മാപ്പിന്റെ തീരുമാനം. അല്ലാതെ ഒരു സംഘടനയില്‍നിന്ന് മാറി മറ്റൊരു സംഘടനയില്‍ ചേരാന്‍ അല്ല.ഇത്തരം നല്ല തീരുമാനങ്ങള്‍ക്ക് വലിയ പിന്തുണയാണ് വിവിധ ഭാഗങ്ങളില്‍ നിന്നും മാപ്പിന് ലഭിക്കുന്നത്. ഇപ്പോള്‍ തന്നെ മുപ്പത്തില്‍പരം സംഘടനകള്‍ ഫോമയിലും ഫൊക്കാനയിലും അംഗങ്ങളാണു എന്നിരിക്കെ മാപ്പിന്റെ മാതൃകാപരമായ ഈ തീരുമാനത്തെ എതിര്‍ക്കുന്നതിന്റെ യുക്തി മനസ്സിലാവുന്നില്ല.
കമ്മറ്റിയിലും ജനറല്‍ ബോഡിയിലും ഒരു രീതിയിലും ഒള്ള ഭൂരിപക്ഷം ലഭിക്കാത്തതിനാലാണ് ഇത്തരം വ്യാജ പ്രചാരണങ്ങളും ആയി ചിലര്‍ ഇറങ്ങിയിരിക്കുന്നത്. എല്ലാവരും സത്യം മനസ്സിലാക്കി ഇത്തരം തെറ്റായ വാര്‍ത്തകളെയും അവ പ്രചരിപ്പിക്കുന്നവരെയും അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
വിശ്വസ്തതയോടെ,
ശാലു പുന്നൂസ്, മാപ്പ് പ്രസിഡന്റ്