പി ഡി ജോര്‍ജ് നടവയല്‍
ഫിലഡല്‍ഫിയ: മക്കളെ മൂല്യങ്ങളില്‍ വളര്‍ത്തുന്ന മാതാപിതാക്കള്‍ക്ക് പകരമാകാന്‍ മറ്റാര്‍ക്കും കഴിയില്ല എന്ന് പ്രശസ്ത സാംസ്‌കാരിക ഗുരു, എം. കെ. കുര്യാക്കോസച്ചന്‍ പ്രസ്താവിച്ചു. അച്ഛനമ്മമാരെ സ്‌നേഹിക്കുകയും അനുസരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന തലമുറകള്‍ സമൂഹത്തിനും രാഷ്ട്രത്തിനും നന്മ ചെയ്യാന്‍ കഴിവുള്ളവരായി വളരുന്നു. ഡ്ബ്‌ള്യൂ എം സി ഫിലഡല്‍ഫിയാ പ്രൊവിന്‍സിന്റെ ആഭിമുഖ്യത്തില്‍, ആദ്യമായി നടന്ന, ഫാദേഴ്‌സ് ആന്റ് മദേഴ്‌സ് ഡേ സംയുക്ത സെലിബ്രേഷന്, ആശംസാ ദീപം കൊളുത്തി സംസാരിക്കുകയായിരുന്നു കുര്യാക്കോസച്ചന്‍.
അമ്മയും അച്ഛനും അവിഭാജ്യം എന്ന മനോഹാരിതയെ ഹൃദയത്തിലേന്തി, മദേഴ്‌സ് ഡേയും ഫാദേഴ്‌സ് ഡേയും വേറിട്ടല്ലാ എന്ന മഹത്വം ഉയര്‍ത്തി, ‘മാതാ പിതാ ഗുരൂ ദൈവ’ മഹത്വ പ്രകീര്‍ത്തനമായി, മദേഴ്‌സ് ഡേയും ഫാദേഴ്‌സ് ഡേയും ഒരുമിച്ച്, ആഘോഷിക്കുകയായിരുന്നു. ഫിലഡല്‍ഫിയ, സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഡിറ്റോറിയമായിരുന്നു വേദി.

പ്രസിഡന്റ് ജോര്‍ജ് നടവയല്‍ അദ്ധ്യക്ഷനായി. ചെയര്‍മാന്‍ ജോസ് ആറ്റു പുറം, വൈസ് ചെയര്‍വുമന്‍ മറിയാമ്മ ജോര്‍ജ്, വിമന്‍സ് ഫോറം വൈസ് പ്രസിഡന്റ് ലൈസമ്മ ബെന്നി എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ അര്‍പ്പിച്ചു. കാര്യ പരിപാടികളുടെ മുഖ്യ സാരഥി ട്രഷറാര്‍ നൈനാന്‍ മത്തായി സ്വാഗതവും ജനറല്‍ സെക്രട്ടറി സിബിച്ചന്‍ ചെമ്പ്‌ലായില്‍ നന്ദിയും പ്രകാശിപ്പിച്ചു.
അവയവ ദാനത്തിന്റെ (വൃക്ക), ഫിലഡല്‍ഫിയാ മാതൃകയായ, മിസ്. സുനിതാ അനീഷിനെ, എം കെ കുര്യാക്കോസ് അച്ചന്‍ ‘കനക ആട’ അണിയിച്ച് വേള്‍ഡ് മലയാളി കൗണ്‍സിലിനായി ആദരിച്ചു. ഫിലഡല്‍ഫിയയില്‍ ദീര്‍ഘകാലം നൃത്തപരിശീലന രംഗത്ത് അദ്ധ്യാപന സേവനം നിര്‍വഹിച്ച്, അതുല്യ മാതൃക തീര്‍ത്ത, അജി പണിക്കര്‍ക്ക്, ‘ഡ്ബ്‌ള്യൂ എം സി ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്’ സമ്മാനിച്ചു.
കേരളത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ നിരാലംബര്‍ക്ക് നല്‍കുന്ന ഭവനനിര്‍മ്മിതിലേക്ക് മാതൃപിതൃദിനാഘോഷ മേളയിലെ വരുമാനം സംഭാവന ചെയ്യുന്നു.
ജോണ്‍ ടി നിഖില്‍ ഇശ്വര പ്രാര്‍ത്ഥനാഗീതം പാടി. സംഗീതാ തോമസ് അമേരിക്കന്‍ ദേശീയ ഗാനാലാപത്തിനും ഏരണ്‍ അനില്‍ ഭാരത ദേശീയ ഗാനാലാപത്തിനും നേതൃത്വം നല്‍കി.
വിമന്‍സ് ഫോറം സെക്രട്ടറി ഷൈലാ രാജനും പ്രൊഗ്രാം കോര്‍ഡിനേറ്റര്‍ തോമസ് കുട്ടി വര്‍ഗീസും, ചിട്ടപ്പെടുത്തിയ, കലാസന്ധ്യ, അതുല്യ കലാലഹരി നിറച്ചു. ഷൈലാ രാജന്‍ കൊറിയോഗ്രഫ് ചെയ്ത്, ‘ബോളീ വുഡ് ഫാഷന്‍ ഫ്യൂഷന്‍ ഷോ’ എന്ന പേരില്‍ അണിയിച്ചൊരുക്കിയ, മ്യൂസിക് മൂവ്‌മെന്റ് കോസ്റ്റ്യൂം എത്‌നിക്ക് ഷോ’; പ്രശസ്ത നര്‍ത്തകി നിമ്മീ ദാസിന്റെ മോഹിനിയാട്ടം; മിനി അബ്രാഹം, പ്രഭാ തോമസ്, സംഗീത, അഞ്ജലി വേണു വര്‍ഗീസ് എന്നീ നര്‍ത്തകരുടെ ചടുല നൃത്തങ്ങള്‍; ബിജു ഏബ്രഹാം, അബിയാ മാത്യൂ, റേച്ചല്‍ ഉമ്മന്‍, സ്റ്റെഫിന്‍ മനോജ്, ഹന്നാ മാത്യൂ, തോമസ് അബ്രാഹം, പ്രസാദ് ബാബു, ഏരണ്‍ അനില്‍ എന്നീ നിപുണ ഗായകരുടെ ഗാനാവലികള്‍; തോമസ് കുട്ടി വര്‍ഗീസ് ആലപിച്ച കവിത; നൈനാന്‍ മത്തായിയുടെ നേതൃത്വത്തിലും, തോമസ് പോള്‍ ടീമിന്റെ സഹകരണത്തിലും ഒരുക്കിയ വിഭവസമ്പന്ന അത്താഴം; എന്നിങ്ങനെ ഹൃദ്യമായ കലായിനങ്ങള്‍, ഫാദേഴ്‌സ് ആന്റ് മദേഴ്‌സ് ഡേ സെലിബ്രേഷനെ അവിസ്മരണീയമാക്കി.
പ്രശസ്ത ചിത്രഗ്രാഹ കലാ വിദഗ്ദ്ധന്‍ ബെന്നി മാത്യൂ ഫോട്ടോഗ്രഫി നിര്‍വഹിച്ചു. ലൂക്കോസ് വൈദ്യന്‍, അബ്രാഹം കെ വര്‍ഗീസ്, തങ്കച്ചന്‍ സാമുവേല്‍, തോമസ് ഡാനിയേല്‍, തോമസ് ജോസഫ്, മാത്യൂ തരകന്‍, സേവ്യര്‍ ആന്റണി, റോഷിന്‍ പ്ലാമൂട്ടില്‍ എന്നിവര്‍ സ്വാഗതസംഘമായി.