മാത്യു തട്ടാമറ്റം
ചിക്കാഗോ : സോഷ്യല്‍ ക്ലബ്ബിന്റെ ആസ്ഥാനത്ത് കൂടിയ പൊതുയോഗത്തില്‍ സോഷ്യല്‍ ക്ലബ്ബിന്റെ 8-ാമത് ഇന്റര്‍നാഷണല്‍ വടംവലിയുടെ ചെയര്‍മാനായി ജോസ് മണക്കാട്ടിനെ ഐകകണ്ഠന തെരഞ്ഞെടുത്തു.
സെപ്റ്റംബര്‍ 5-ാം തീയതി ചിക്കാഗോ സെന്റ്‌മേരീസ് ക്‌നാനായ പള്ളി മൈതാനത്ത് വച്ച് നടക്കാന്‍ പോകുന്ന സോഷ്യല്‍ ക്ലബ്ബിന്റെ ഇന്റര്‍നാഷണല്‍ വടംവലിക്ക് ജോസ് മണക്കാട്ട് ചെയര്‍മാന്‍ ആയതോടുകൂടി കോവിഡാനന്തര കാലഘട്ടത്തിനു ശേഷം നടക്കുന്ന ഈ മഹാ വംടവലിക്കും ഓണാഘോഷത്തിനും ഒരു പുത്തന്‍ ഉണര്‍വ്വ് വന്നിരിക്കുകയാണെന്ന് സോഷ്യല്‍ ക്ലബ്ബ് പ്രസിഡന്റ് ബിനു കൈതക്കത്തൊട്ടിയില്‍ പറഞ്ഞു. ശ്രീ. ജോസ് മണക്കാട്ടിനെപ്പറ്റി പറയുമ്പോള്‍ ഇന്ന് നോര്‍ത്ത് അമേരിക്കയുടെ യുവതലമുറയുടെ ആവേശമാണ് അദ്ദേഹം.
ചിക്കാഗോയില്‍ സ്ഥിരതാമസമാക്കിയ ജോസ് മണക്കാട്ട് അദ്ദേഹത്തിന്റെ കര്‍മ്മമണ്ഡലം ചിക്കാഗോയില്‍ മാത്രം ഒതുങ്ങുന്നതല്ല. നോര്‍ത്ത് അമേരിക്കയിലെ കലാ-സാംസ്‌കാരിക-സാമൂഹ്യ-കായിക രംഗത്തെ നിറസാന്നിദ്ധ്യമാണ് അദ്ദേഹം. ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ മുന്‍ സെക്രട്ടറി, ചിക്കാഗോ കെ.സി.എസ്. മുന്‍ നാഷണല്‍ മെമ്പര്‍, ചിക്കാഗോ മലയാളി അസോസിയേഷന്റെ മുന്‍നിര പ്രവര്‍ത്തനകന്‍, ചിക്കാഗോ കൈരളി ലയണ്‍സ് മുന്‍ സെക്രട്ടറി, ഇപ്പോഴത്തെ പി.ആര്‍.ഒ. അങ്ങനെ നോക്കിയാല്‍ ജോസ് മണക്കാടിന്റെ സാന്നിദ്ധ്യം ഇല്ലാത്ത ഒരു മേഖലയും ഇന്ന് നോര്‍ത്ത് അമേരിക്കയില്‍ ഇല്ലെന്ന് പറയാം.
ഇതിനെല്ലാമുപരി നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ഫോമയുടെ എക്‌സിക്യൂട്ടിവ് മെമ്പര്‍ പദവി വരെ എത്തി നില്‍ക്കുന്ന ജോസ് മണക്കാട്ട് ഇന്ന് നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും നല്ല ഒരു വോളിബോള്‍ പ്ലെയര്‍ കൂടിയാണെന്ന് എടുത്തുപറയേണ്ടിയിരിക്കുന്നു. ഒരു നല്ല സ്റ്റേജ് അവതാരകനും നല്ലൊരു സംഘാടകനും കൂടിയായ ജോസ് മണക്കാട്ടിനെ ചെയര്‍മാനായി കിട്ടിയതോടുകൂടി ഈ വര്‍ഷത്തെ വടംവലിക്ക് പുതിയ രൂപവും ഭാവവും വന്നിരിക്കുന്നുവെന്ന് സോഷ്യല്‍ ക്ലബ്ബ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ഐകകണ്‌ഠേന പറഞ്ഞു.
ചിക്കാഗോ സോഷ്യല്‍ ക്ലബ്ബ് പ്രസിഡന്റ് ബിനു കൈതക്കത്തൊട്ടിയുടെ നേതൃത്വത്തിലുള്ള എക്‌സിക്യൂട്ടീവും ജോസ് മണക്കാട്ട് ചെയര്‍മാനായുള്ള ടൂര്‍ണമെന്റ് കമ്മിറ്റി കൂടി ചേരുമ്പോള്‍ സംഘാടകമികവിന്റെ കരുത്തിലും കരുതലിലും എട്ടാമത് ചിക്കാഗോ വടംവലി പ്രവാസി മലയാളി കായികചരിത്രത്തില്‍ ഒരു പുതിയ അദ്ധ്യായം എഴുതിച്ചേര്‍ക്കും എന്നതില്‍ ഒരു സംശയവും വേണ്ട.