പ്രൊഫ. സാം മണ്ണിക്കരോട്ട്, മീഡിയ കോർഡിനേറ്റർ
ന്യൂജേഴ്സി: WMC അമേരിക്കൻ റീജിയന്റെ ആഭിമുഖ്യത്തിൽ ന്യൂജേഴ്സിയിൽ അരങ്ങേറുന്ന സംഗീതോത്സവത്തിൽ അമേരിക്കൻ ഐക്യനാടുകളിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള യുവ സംഗീത പ്രതിഭകൾ മാറ്റുരയ്ക്കുന്നു. സംഗീത ഉപാസന ജീവചര്യമാക്കി അതിന്റെ ഉത്തുംഗ ശ്രേണിയിലേക്ക് ഇടിച്ചു കയറാൻ വെമ്പൽ കൊള്ളുന്ന ഈ യുവ പ്രതിഭകളെ നമ്മുക്കൊന്ന് പരിചയപ്പെടാം.
ദേശീയ അന്തർദേശീയ നൃത്തസംഗീത മത്സര വേദികളിൽ വിജയക്കൊടി പാറിച്ച എലിസബേത് ഐപ്പ് മേരിലാൻഡ് സർവകലാശാല കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിനിയാണ്. ഫ്ലവർസ് ടീവി USA യുടെ ഗോൾഡൻ വോയിസ് സംഗീത മത്സരത്തിൽ ഒന്നാം സ്ഥാനം, മിത്രാസ് മൂവി അവാർഡ് ഉത്സവത്തിൽ രണ്ടാം സ്ഥാനം, വാഷിംഗ്‌ടൺ കേരള കൾചറൽ സൊസൈറ്റിയുടെ കലാതിലകപട്ടം കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിംഗ്‌ടണിൻ്റെ നൃത്ത സംഗീത വേദികളിൽ നിന്നും വാരിക്കൂട്ടിയ പാരിതോഷികങ്ങൾ എല്ലാം ഈ കലാകാരിയുടെ വൈഭവത്തിൻറെ ദൃഷ്ട്ടാന്തങ്ങളാണ് . കൈരളി ടീവിയുടെ “ഓർമസ്‌പർശം”, കലാക്ഷേത്ര USA യുടെ “പാടാം നമ്മുക്ക് പാടാം” , നമ്മൾ മീഡിയയിലും എലിസബേത് പാട്ടിൻ്റെ പാലാഴി തീർത്തിട്ടുണ്ട്. ഈ ചെറുപ്രായത്തിൽ തന്നെ സ്വന്തമായി എട്ടു ആൽബങ്ങൾ ഈ കൊച്ചു മിടുക്കി പുറത്തിറക്കിയിട്ടുണ്ട്.
നന്നായി മലയാള ഭാഷ സംസാരിക്കാനും എഴുതാനും പ്രാവീണ്യം നേടിയ ജോഷ്വ മാത്യു ഫിലാഡെൽഫിയയുടെ അഭിമാനമാണ്. സാധക സ്കൂൾ ഓഫ് മ്യൂസിക്കിൽ കർണാടക സംഗീതം അഭ്യസിച്ചുകൊണ്ടിരിക്കുന്ന ഈ കലാകാരൻ മലയാള സംഗീത നഭസ്സിൽ പ്രത്യാശയുടെ ഒരു ദീപനാളമാണ്. പള്ളി ഗായകസംഗത്തിൽ ജോഷ്വ ഒരു നിറസാന്നിധ്യമാണ്. ഡ്രക്സൽ സർവകലാശാലയിൽ ഉപരിപഠനത്തിനു തയ്യാറെടുക്കുന്ന ജോഷ്വ ഒരു കായികതാരം കൂടിയാണ്.
ന്യൂ ജേഴ്‌സിയിൽ ജനിച്ചു വളർന്ന ജെറിൻ ജോർജ് മലയാള ഭാഷ അനായാസം കൈകാര്യം ചെയ്യുന്ന ഒരു യുവ പ്രതിഭയാണ്. ഒന്നാം ക്ലാസ്സുമുതൽ കർണാടക സംഗീതം അഭ്യസിക്കുന്ന ഈ അനുഗ്രഹീത ഗായിക സർവകലാശാല ഗായക സംഘത്തിലും ദേവാലയ ഗായക സംഘത്തിലും . സെൻട്രൽ ജേഴ്‌സി, ന്യൂ ജേഴ്‌സി ഓൾ സ്റ്റേറ്റ് കോറസ്സിലും അംഗമാണ് .
സമകാലീന സംഗീത ലോകത്തെ ഒരു പ്രതിഭാസമാണ് ടോം അജിത് ആന്റണി. ആർദ്ര സംഗീതത്തിൻ്റെ വക്താവ്, സംഗീതന്ജൻ, ഗാന രചയിതാവ് എന്നൊക്കെ വിശേഷിപ്പിക്കാൻ കഴിയുന്ന ടോം വളരെ ചെറുപ്രായത്തിൽ തന്നെ കർണാടക സംഗീതം അഭ്യസിച്ചു തുടങ്ങി. വിവിധ വാദ്യോപകരണങ്ങളിൽ വൈധക്ത്യമുള്ള ഈ കലാകാരൻ “TOMSCAPE” എന്ന സ്റ്റുഡിയോയുടെ ഉടമ കൂടിയാണ്. സമകാലീന സംഗീത ഘടകങ്ങളെ ശാസ്ത്രീയ സംഗീതമായി സമന്വയിപ്പിച്ചു അദ്ദേഹം ഒരുക്കുന്ന സംഗീതം പ്രശംസനീയമാണ് . ഫ്ലവർസ് ടീവി USA യുടെ “Sing & Win” മത്സരത്തിലെ ഒരു ഫൈനലിസ്റ്റാണ് ഈ ഗായകൻ. യൂ ട്യൂബിൽ വൈറലായ പല കവർ മ്യൂസിക് വിഡിയോകളുടെയും ഉപജ്ഞാതാവാണ് ടോം അജിത് ആന്റണി.
സുപ്രസിദ്ധ സിനിമ പിന്നണി ഗായകൻ നിലമ്പൂർ കാർത്തികേയൻ മാഷിൻ്റെ ശിഷ്യയാണ് നേഹ പാണ്ടിപ്പള്ളി. ഫോക്കാന റീജിണൽ മത്സരത്തിൽ ഗാനാലാപനത്തിനു രണ്ടു പ്രാവശ്യം ഒന്നാം സ്ഥാനം നേടിയിയിട്ടുണ്ട് ഈ സംഗീതജ്ഞ. ന്യു യോർക്ക് സംസ്ഥാന സ്കൂൾ മ്യൂസിക്ക് അസോസിയേഷന്റെ അംഗീകാരത്തിനും അർഹയായിട്ടുണ്ട്.
നന്നേ ചെറുപ്പത്തിൽ തന്നെ ശ്രീമതി സാവിത്രി രാമാനന്ദിന്റെ ശിഷ്യയായി ഭരതനാട്യവും കർണാടക സംഗീതവും അഭ്യസിച്ചു തുടങ്ങിയ അഞ്ജന മൂലയിൽ ഇന്ന് ന്യൂയോർക് നഗരത്തിലെ എല്ലാ സാഹിത്യ കലാ സാംസ്‌കാരിക വേദികളിലും നിറ സാന്നിധ്യമാണ് . മലയാളം, തമിഴ്,ഹിന്ദി, ഇംഗ്ലീഷ് എന്നീ വിവിധ ഭാഷകളിൽ സംഗീതം ആലപിക്കാനുള്ള ഈ കലാകാരിയോയുടെ വൈഭവം ശ്ലാഘനീയമാണ്. പിതാവ് സുജിത് മൂലയിലിനൊപ്പം നിരവധി വേദികളിൽ ഗാനമേള നടത്തിയിട്ടുള്ള അഞ്ജന പ്രഗത്ഭയായ ഒരു ഗിത്താറിസ്റ്റു കൂടിയാണ്.
പ്രശസ്ത മലയാള പിന്നണി ഗായകൻ സുദീപ് കുമാറിനൊപ്പം പാടാനുള്ള അവസരം ഈ അടുത്ത കാലത്തു ഈ യുവ പ്രതിഭക്കു ലഭിച്ചു. ഹിന്ദു സൊസൈറ്റി ഓഫ് നോർത്ത് അമേരിക്ക അവതരിപ്പിച്ച സീത രാമകഥ ,ശിവപുരാണം ,അസ്‌തനായക എന്നീ നൃത്ത സംഗീത നാടകങ്ങളിൽ അഞ്ജന തിളക്കമാർന്ന പ്രകടനങ്ങൾ കാഴ്ച്ചവെച്ച. വെൽസ് കോളേജ് അക്കാഡമിക് ആൻഡ് ലീഡര്ഷിപ് സ്കോളർഷിപ് ലഭിച്ച അഞ്ജന ന്യൂയോർക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ BS/DO പ്രോഗ്രാമിൽ ഉന്നത വിദ്യാഭാസം നടത്താൻ തയ്യാറെടുക്കുകയാണ്.
സംഗീത കുടുംബത്തിൽ ജനിച്ചു വളർന്ന് വളരെ ചെറുപ്പത്തിൽ തന്നെ സംഗീത ഉപാസന ജീവചര്യമാക്കിയ ഒരു പ്രതിഭയാണ് ജെറിൻ വർഗീസ്. ലളിത സംഗീതം, ശാസ്ത്രീയ സംഗീതം, ഗസൽ, പദ്യപാരായണം എന്നീ മേഖലകളിൽ കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള മത്സരവേദികളായിൽ നിന്ന് ഏറെ പാരിതോഷിതങ്ങൾ വാരികൂട്ടിയിട്ടുണ്ട് ഈ അനുഗ്രഹീത കലാകാരി. കേരള യൂത്ത് ഫെസ്റ്റിവൽ സംഗീത മത്സരത്തിൽ നാലു വര്ഷം തുടർച്ചയായി സമ്മാനങ്ങൾ നേടിയിട്ടുള്ള ജെറിൻ ബാംഗ്ലൂരിൽ ഇന്റർ കോളജ് സംഗീതോത്സവത്തിലും നേട്ടങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. സംഗീതവിഹായസ്സിൽ നൂതന മേഖലകൾ കണ്ടെത്താനുള്ള പ്രയാണത്തിലാണ് ജെറിൻ വർഗീസ് എന്ന ഈ ദന്തഡോക്ടർ.
സംഗീത പൈതൃകമുള്ള കുടുംബത്തിൽ ജനിച്ചു വളർന്ന അലക്സ് ജോർജ് തന്റെ എട്ടാം വയസ്സിൽ തന്നെ പാട്ടിൻറ്റെ ലോകത്തേക്ക് കാൽ.വെച്ചു. അഞ്ചു വർഷത്തിലേറെയായി കർണാടക സംഗീതം അഭ്യസിച്ചു കൊണ്ടിരിക്കുന്ന ഈ പ്രതിഭ ഹൈസ്കൂൾ ഗായക സംഘത്തിലും ന്യൂജേഴ്‌സി റീജിയണൽ ആൻഡ് ഓൾ സ്റ്റേറ്റ് കോറസ്സിലും പങ്കെടുത്തിട്ടുണ്ട് . പ്രഗല്ഭനായ ഒരു പിയാനിസ്റ് കൂടിയാണ് ന്യൂജേഴ്‌സിയിൽ നിന്നുള്ള ഈ യുവ ഇൻഫർമേഷൻ ടെക്നോളജി എഞ്ചിനീയർ.
സംഗീത പെരുമഴയുടെ ഈ വേദിയിലേക്ക് എല്ലാ സഹൃദയരെയും വേൾഡ് മലയാളികൗൺസിൽ അമേരിക്കൻ റീജിയൻ ക്ഷണിക്കുകയാണ്. ഗ്ലോബൽ ചെയർമാൻ ഗോപാല പിള്ളൈ, ഗ്ലോബൽ പ്രസിഡന്റ് ജോൺ മത്തായി, അമേരിക്ക റീജിയൻ ചെയർമാൻ ചാക്കോ കോയിക്കലേത്, അമേരിക്ക റീജിയൻ പ്രസിഡന്റ് ജോൺസൻ തലച്ചെല്ലൂർ തുടങ്ങിയവർ ഈ പരിപാടിയിൽ പങ്കെടുക്കുമെന്ന് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് പ്രോഗ്രാം കോർഡിനേറ്റർസ് പിന്റോ കണ്ണംപള്ളി, അനീഷ് ജെയിംസ്, ജിനു തര്യൻ എന്നിവരുമായി ബന്ധപെടുക.
For Tickets: https://bit.ly/WMCnjconcert