വാഷിങ്ടൺ: ഇന്ത്യയിലെ ലോക്സഭാ തെരഞ്ഞെടുപ്പിനെ അഭിനന്ദിച്ച് യു.എസ്. ഇന്ത്യയിലെ തെരഞ്ഞെടുപ്പിനെ ചരിത്രത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പ്രക്രിയ എന്നാണ് യു.എസ് ഗവണ്മെന്റ് വിശേഷിപ്പിച്ചത്. ബൃഹത്തായ തെരഞ്ഞെടുപ്പ് പ്രക്രിയ വിജയകരമായി പൂർത്തിയാക്കിയ സർക്കാരിനെയും ഇന്ത്യൻ ജനതയെയും അഭിനന്ദിക്കുന്നുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ടമെന്റ്റ് വക്താവ് മാത്യു മില്ലർ പറഞ്ഞു.
‘യുണൈറ്റഡ് സ്റ്റേറ്റ്‌സിന് വേണ്ടി, ഇത്തരമൊരു ബൃഹത്തായ തെരഞ്ഞെടുപ്പ് സംരംഭം വിജയകരമായി പൂർത്തിയാക്കിയതിനും അതിൽ പങ്കെടുത്തതിനും ഇന്ത്യൻ സർക്കാരിനെയും അവിടത്തെ വോട്ടർമാരെയും അഭിനന്ദിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.’ അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ലോകമെമ്പാടുമുള്ള തെരഞ്ഞെടുപ്പ് വിജയികളെയും പരാജിതരെയും കുറിച്ച് അഭിപ്രായം പറയരുതെന്ന യു.എസ് നിലപാട് ഓർമിപ്പിച്ചു കൊണ്ടായിരുന്നു അദ്ദേഹം തന്റെറെ അഭിപ്രായം രേഖപ്പെടുത്തിയത്.
‘തെരഞ്ഞെടുപ്പുകളിൽ വിജയികളെയും പരാജിതരെയും കുറിച്ച് ഞാൻ അഭിപ്രായം പറയാൻ പോകുന്നില്ല. കഴിഞ്ഞ ആറാഴ്‌ചയായി നമ്മൾ കണ്ടത് ചരിത്രത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയാണ്. നല്ല രീതിയിൽ തന്നെ ആളുകൾ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി,’ മാത്യു മില്ലർ പറഞ്ഞു.