ജോസഫ് ഇടിക്കുള
ഫിലഡല്‍ഫിയ : ഫോമാ ജോയിന്റ് സെക്രട്ടറിയും അമേരിക്കയിലെ സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖ വനിതാ സാന്നിധ്യവുമായ ഡോക്ടര്‍ ജെയ്മോള്‍ ശ്രീധര്‍ ലോക കേരള സഭയില്‍ പങ്കെടുക്കുന്നു. ആദ്യമായാണ് അമേരിക്കയില്‍ നിന്ന് ഒരു വനിത ഫോമാ എന്ന ബൃഹത്തായ സംഘടനയെ പ്രതിനിധീകരിച്ചു ലോക കേരള സഭയില്‍ എത്തുന്നത്.
ജൂണ്‍ 13 മൂതല്‍ 15 വരെയാണ് ലോക കേരള സഭയുടെ സമ്മേളനം തിരുവനന്തപുരത്തു വച്ച് നടത്തപ്പെടുന്നത്,ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള പ്രതിനിധികള്‍ ഈ പരിപാടികളില്‍ പങ്കെടുക്കും, ജൂണ്‍ 13 മുതല്‍ 15 വരെ തിരുവനന്തപുരത്ത് ചേരുന്ന നാലാം ലോക കേരള സഭയില്‍ 103 രാജ്യങ്ങളില്‍ നിന്നും 25 ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും പ്രവാസി കേരളീയ പ്രതിനിധികള്‍ പങ്കെടുക്കും.
200-ഓളം പ്രത്യേക ക്ഷണിതാക്കളും ഇത്തവണ സഭയില്‍ പങ്കെടുക്കുന്നുണ്ട്. മൂന്നാം ലോക കേരള സഭയിലെ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച ലോക കേരളം ഓണ്‍ലൈന്‍ പോര്‍ട്ടല്‍, കേരള മൈഗ്രേഷന്‍ സര്‍വ്വേ എന്നിവയുടെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍ ജൂണ്‍ 13 – ന് നിര്‍വ്വഹിക്കും. കേരള നിയമസഭ സ്പീക്കര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.
ലോക കേരള സഭയുടെ ന്യൂ യോര്‍ക്കില്‍ നടന്ന സമ്മേളനത്തിലെ പ്രധാന സംഘാടകരിലൊരാളും രജിസ്‌ട്രേഷന്‍ കമ്മറ്റിയിലെ പ്രമുഖ സാന്നിധ്യവുമായിരുന്നു ഡോക്ടര്‍ ജെയ്മോള്‍ ശ്രീധര്‍, കഴിഞ്ഞ വര്‍ഷം നടത്തപ്പെട്ട ഫോമാ സമ്മര്‍ ടൂ കേരളയുടെ ഭാഗമായി അമേരിക്കയിലെ ഹൈ സ്‌കൂള്‍, കോളേജ് കുട്ടികളുമായി തിരുവനന്തപുരത്തു സംഘടിപ്പിച്ച പരിപാടികളുടെ പ്രധാന സംഘാടകയായിരുന്നു ഡോക്ടര്‍ ജെയ്മോള്‍.
കേരളത്തില്‍ നിന്ന് അമേരിക്കന്‍ സ്വപ്നങ്ങളുമായി കുടിയേറിയ മലയാളികളുടെ പ്രതിനിധിയായി, പ്രത്യേകിച്ച് ആരോഗ്യരംഗത്തു പ്രവര്‍ത്തിക്കുന്ന മലയാളിയുടെ പ്രതിനിധിയായിട്ട് ലോക കേരളസഭയില്‍ പങ്കെടുക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഡോക്ടര്‍ ജെയ്മോള്‍ പ്രതികരിച്ചു. ജൂണ്‍ 13ന് വൈകുന്നേരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന പൊതുയോഗത്തോടെയാണ് ലോകകേരള സഭയുടെ നാലാം സമ്മേളനത്തിന് ഔദ്യോഗികമായി തുടക്കമാകുക.
എമിഗ്രേഷന്‍ കരട് ബില്‍ 2021, വിദേശ റിക്രൂട്ട്മെന്റ് പ്രോഗ്രാമുകള്‍, സുസ്ഥിര പുനരധിവാസം നൂതന ആശയങ്ങള്‍, കുടിയേറ്റത്തിലെ ദുര്‍ബലകണ്ണികളും സുരക്ഷയും, നവ തൊഴില്‍ അവസരങ്ങളും നൈപുണ്യ വികസനവും, കേരള വികസനം നവ മാതൃകകള്‍, വിദേശ രാജ്യങ്ങളിലെ മാറുന്ന തൊഴില്‍- കുടിയേറ്റ നിയമങ്ങളും മലയാളി പ്രവാസവും, വിജ്ഞാന സമ്പദ്ഘടനയിലേക്കുള്ള പരിവര്‍ത്തനവും പ്രവാസികളും എന്നിങ്ങനെ എട്ട് വിഷയങ്ങളില്‍ അവതരണങ്ങള്‍ നടക്കും. ഇതിനോടൊപ്പം ഏഴു മേഖലാ അടിസ്ഥാനത്തിലുളള ചര്‍ച്ചകളും സംഘടിപ്പിക്കുന്നുണ്ട്.
അമേരിക്കന്‍ മലയാളികളുടെ കേരള ഗവണ്‍മെന്റുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും പാലാ മരങ്ങോട്ടുപള്ളി സ്വദേശിയായ ഡോക്ടര്‍ ജെയ്മോള്‍ അറിയിച്ചു, പെന്‍സില്‍വേനിയ ഫിലാഡല്‍ഫിയ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ മലയാളി സംഘടനയായ കലയുടെ മുന്‍ പ്രസിഡന്റു കൂടിയാണ് ജെയ്മോള്‍ ശ്രീധര്‍, ഭര്‍ത്താവ് ഐ ടി കണ്‍സല്‍ട്ടന്റ് സുജിത് ശ്രീധര്‍, രണ്ടു കുട്ടികള്‍, സിദ്ധാര്‍ഥ് ശ്രീധര്‍, ശ്രേയസ് ശ്രീധര്‍.