Thursday, December 19, 2024

HomeAmericaഅമേരിക്കന്‍ മലയാളികുടിയേറ്റത്തിന് ജോണ്‍ മാത്യുവിന്റെ നോവല്‍ മുദ്ര

അമേരിക്കന്‍ മലയാളികുടിയേറ്റത്തിന് ജോണ്‍ മാത്യുവിന്റെ നോവല്‍ മുദ്ര

spot_img
spot_img

എ.എസ് ശ്രീകുമാര്‍

സംസ്‌കൃതിയുടെ ജീവധാരയാണ് നദികള്‍. നദികള്‍ നിരന്തരം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. അവയുടെ ഒഴുക്ക് അനസ്യൂതം തുടരുന്ന പ്രക്രിയയാണ്, ഒരു പ്രവാസിയുടെ ജീവിത സഞ്ചാരം പോലെ. അനശ്വരമായ കാലത്തിന്റെ അഴിമുഖത്ത് ഒഴുകിയെത്തിക്കലരുന്ന സംസ്‌കൃതിയാണ് ഓരോ പുഴയും. ഏത് ജനപദത്തിനും ഒരു നദിയുടെ കഥ പറയാനുണ്ടാവും. മലമുകളില്‍ ഉത്ഭവിച്ച് ജനപദങ്ങളിലൂടെ ഒഴുകിയലിഞ്ഞ് അനന്തമായ സാഗരത്തിന്റെ ഭാഗമാവുകയാണ് ഓരോ പുഴയും.

നദിയുടെ ഒഴുക്കിന് സമമാണ് മലയാളിയുടെ കുടിയേറ്റ സഞ്ചാരത്തിന്റെ സംഘര്‍ഷഭരിതമായ ചരിത്രവും. ജന്‍മഭൂമിയില്‍ നിന്ന് ജീവിത സമസ്യകളുടെ ഉത്തരം തേടി വ്യത്യസ്ഥങ്ങളായ ജനപദങ്ങളിലൂടെ യാത്രചെയ്ത് ഒരന്യദിക്കില്‍ ജീവിതചക്രം പൂര്‍ത്തിയാക്കുന്നവരാണ് പ്രവാസികള്‍. പരിണതപ്രജ്ഞനായ പ്രമുഖ അമേരിക്കന്‍ മലയാളി സാഹിത്യകാന്‍ ജോണ്‍ മാത്യു രചിച്ച ദാര്‍ശനിക നോവലായ ‘ഭൂമിക്ക്‌മേലൊരു മുദ്ര’, പിറന്ന മണ്ണില്‍നിന്ന് ജീവസന്ധാരണാര്‍ത്ഥം അമേരിക്കയെന്ന സ്വപ്നഭൂമികയുടെ പച്ചപ്പ് തേടിപ്പേയ മലയാളികളുടെ കുടിയേറ്റത്തിന്റെ ആശങ്കകളും ആകുലതകളും സ്വപ്നവും യാഥാര്‍ത്ഥ്യവുമെല്ലാം അനുഭവഗന്ധിയായ മുഹൂര്‍ത്തങ്ങളിലൂടെ ഭാവബന്ധുരമായി വരച്ചുകാട്ടുന്നു.

ലോകത്തെ ഏറ്റവും ശക്തമായ പ്രവാസി സമൂഹം ഇന്ത്യാക്കാരുടേതാണെന്ന് ഐക്യരാഷ്ട്ര സംഘടന അടുത്തകാലത്ത് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. മനുഷ്യന്റെ ഒടുങ്ങാത്ത അഭിവാഞ്ചയുടെ ബഹിര്‍സ്ഫുരണങ്ങളാണ് കുടിയേറ്റം. ആദ്യ കാലത്ത് സിലോണ്‍, ബര്‍മ എന്നിവിടങ്ങളായിരുന്നു മലയാളിയുടെ കുടിയേറ്റ ഭൂമി. പിന്നീട് സിംഗപ്പൂരും മലേഷ്യയും പേര്‍ഷ്യയുമെല്ലാം മലയാളിയുടെ സ്വപ്നഭൂമികകളായി മാറി. പിന്നീട് ഗള്‍ഫ് രാജ്യങ്ങള്‍ മലയാളിക്കു കേരളം പോലെ സ്വന്തമായി. അമേരിക്ക കുറേക്കൂടി ഉയര്‍ന്ന നിലവാരം മലയാളിയുടെ ജീവിതത്തില്‍ സമ്മാനിച്ചു. പിന്നെ യൂറോപ്പും ആഫ്രിക്കയും ഓസ്‌ട്രേലിയയും ന്യൂസീലാന്‍ഡുമെല്ലാം. ഇപ്പോഴും മലയാളികളുടേത് കുടിയേറ്റ രാജ്യങ്ങളിലേയ്ക്കുള്ള തീരാപ്രവാഹമാണ്. അതാകട്ടെ ഒരിക്കലും നിലയ്ക്കാത്ത പ്രവാസവുമാണ്. മലയാളികള്‍ എത്താത്ത ലോകരാജ്യങ്ങളില്ല, കീഴടക്കാത്ത മേഖലകളില്ല.

പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി സ്വദേശിയായ ജോണ്‍ മാത്യു തന്നെയാണ് ‘ഭൂമിക്ക്‌മേലൊരു മുദ്ര’ എന്ന തന്റെ ആഖ്യായികയെ വായനാലോകത്തിന് സ്വയം പരിചയപ്പെടുത്തിക്കൊടുക്കുന്നത്. അതിന്റെ ഔചിത്യത്തെപ്പറ്റി അദ്ദേഹം പറയുന്നത് , ”ഞാന്‍ എഴുതിയത് എന്താണെന്ന് ഞാന്‍ തന്നെയല്ലേ വായനക്കാരോട് പറയേണ്ടത്. ഗ്രന്ഥകര്‍ത്താവുതന്നെ വിമര്‍ശനാത്മകമായി സ്വന്തം കൃതിയെ സമീപിക്കുന്ന ഒരു രീതി എന്തുകൊണ്ട് വളര്‍ത്തിക്കൊണ്ട് വന്നുകൂടാ..?” എന്നാണ്. അതേ, അതാണ് മര്യാദ. പക്ഷേ, ഒരു ആസ്വാദകനെന്ന നിലയില്‍ ഞാനിവിടെ വിനീതമായ ചില അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുകയാണ്, ഒരുവേള അതിന് മതിയായ യോഗ്യതയില്ലെങ്കില്‍ക്കൂടി…

അന്‍പതുകളില്‍ മണിമലയാറിന് കുറുകെ ഒരുപാലം കൊട്ടിയപ്പോള്‍ ജന്‍മ ഗ്രാമമായ മല്ലപ്പള്ളിയുടെ വാണിജ്യ വളര്‍ച്ച കണ്ട ജോണ്‍ മാത്യു, അറുപതുകളില്‍ ആധുനികത ചര്‍ച്ച ചെയ്ത ഡല്‍ഹിയെ അടുത്തറിഞ്ഞു. എഴുപതുകളില്‍ ലോകത്തിന്റെ ഓട്ടോമോട്ടീവ് തലസ്ഥാനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഡിട്രോയിറ്റിന്റെ മണ്ണില്‍ ഒരു പ്രവാസിയായി പറന്നിറങ്ങി. പിന്നെ ആധുനിക മുതലാളിത്തത്തിന്റെ പളപളപ്പുള്ള ഹൂസ്റ്റണ്‍ നഗരത്തിന്റെ വളര്‍ത്തുപുത്രനായി. 2021-ല്‍ ‘ഭൂമിക്ക്‌മേലൊരു മുദ്ര’യുടെ ഒന്നാം പതിപ്പ ഇറങ്ങും വരെ ലോകകാഴ്ചകള്‍ ഏറെ കണ്ടും അനുഭവിച്ചും അറിഞ്ഞു. ജോണ്‍ മാത്യു പറയുന്ന ആ നേര്‍സാക്ഷ്യത്തിന്റെ അക്ഷരമുദ്രയാണ് സമ്മിശ്ര വികാരവിചാരങ്ങള്‍ പ്രതിഫലിപ്പിക്കുന്ന ഈ ബൃഹത് നോവല്‍.

‘ഭൂമിക്ക്‌മേലൊരു മുദ്ര’ എന്ന ആഖ്യായികയുടെ പ്രമേയം യാത്രയാണ്. പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിയുള്ള മനുഷ്യന്റെ അന്തമായ യാത്ര. അത് ഇന്നും അനസ്യൂതം തുടരുന്നു. അഞ്ഞൂറു വര്‍ഷം മുമ്പ് പേടിസ്വപ്നങ്ങളുമായി, സുരക്ഷിതമായി ജീവിക്കാന്‍ മാത്രം യൂറോപ്പില്‍ നിന്ന് ഇറങ്ങിപ്പുറപ്പെട്ട ഇരട്ടക്കുട്ടികള്‍. ബൈബിളിലെ അബ്രഹാമിന്റെ യാത്രയുടെ ഓര്‍മ്മപ്പെടുത്തലുമായി ഓനാപ്പിയെന്ന എട്ടു വയസ്സുകാരന്റെ യാത്രയും അതിന്റെ ശുഭപ്രതീക്ഷയും. കാലം കഴിഞ്ഞപ്പോള്‍ ഏതൊരു മലയാളി ചെറുപ്പക്കാരനെയും പോലെ ടോമയുടെ യാത്ര, പിന്നീട് ഡിട്രോയിറ്റില്‍ നിന്ന് മറ്റൊരു എട്ടു വയസ്സുകാരന്റെ യാത്ര, അവസാനം ടോമിയുടെ സ്വന്തം നാട്ടില്‍ പോലും അന്യദേശക്കാര്‍ കുടിയേറുന്നതോടു കൂടി നോവല്‍ അവസാനിക്കുന്നു.

ഓനാപ്പി, ചക്കര, ടോമി, സോമു, ചാക്കോ, റാഹേല്‍, സാറാക്കൊച്ച് തുടങ്ങി നാല്‍പതോളം കഥാപാത്രങ്ങള്‍ വിവധ വേഷപ്പൊലിമയില്‍ അവതരിക്കുന്ന നോവല്‍ ആരംഭിക്കുന്നത് ടോമിയുടെ സ്വപ്നങ്ങള്‍ക്ക് ചിറകുകളേകുന്ന മാത്തുണ്ണിയപ്പച്ചന്റെ കഥപറച്ചിലോടെയാണ്. യാത്രകളെല്ലാം ഒരുപോലെയല്ല. അവയുടെ തുടക്കവും ഒടുക്കവും വ്യത്യസ്തമാണ്. എന്നാല്‍ പ്രതീക്ഷകള്‍ നിശ്ചയമായും ഒരു പുതിയ ലോകം തന്നെയെന്ന് രചയിതാവ് സമര്‍ത്ഥിക്കുന്നിടത്താണ് നോവല്‍ ആസ്വാദ്യകരമാവുന്നത്.

മാറിക്കൊണ്ടിരിക്കുന്ന ലോകത്തെപ്പറ്റി നോവലിസ്റ്റിന് കടുത്ത ആശങ്കയുണ്ട്. അതേസമയം ജന്‍മഭൂമിയില്‍ നിലനില്‍പ്പിന് ക്ലേശിക്കുന്നവരുടെ വിലാപവും ദേശീയതയും പലായനവുമൊക്കെ ‘ഭൂമിക്ക്‌മേലൊരു മുദ്ര’യുടെ വിശാലമായ കാന്‍വാസില്‍ യഥാതഥമായി ചിത്രീകരിക്കപ്പെടുന്നു. മലയായിലേയ്ക്കും സിങ്കപ്പൂരിലേയ്ക്കുമുള്ള ഒഴുക്ക് അവസാനിക്കുമ്പോള്‍ പേര്‍ഷ്യന്‍ ജ്വരം പിടിപെട്ടിരുന്നു. പിന്നെ അറ്റ്‌ലാന്റിക്കും, ഇന്ത്യന്‍ മഹാസമുദ്രവും പസഫിക്കും മെഡിറ്ററേനിയനുമൊക്കെക്കടന്ന് യാത്രകളുടെ ഘോഷയാത്ര തന്നെ. ഇതിനിടെ ലോക മഹായുദ്ധത്തിന്റെയും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെയും പശ്ചാത്തലം കഥാപത്രങ്ങളുടെ മനോവിചാരച്ചിലൂടെ പ്രതിഫലിക്കപ്പെടുന്നുണ്ട്.

”ഗാന്ധിജി ഇല്ലാത്ത സ്വര്‍ഗം എനിക്ക് വേണ്ട…” എന്ന സുപ്രസിദ്ധ സുവിശേഷകന്‍ സാറ്റാന്‍ലി ജോണ്‍സിന്റെ പ്രസ്താവനയെപ്പറ്റിയും എന്തും അംഗീകരിക്കുന്ന ലിബറല്‍ അമേരിക്കയെക്കുറിച്ചും നോവലിസ്റ്റ് ഇടയ്ക്ക് വാചാലനാവുന്നതോടൊപ്പം നവോത്ഥാനത്തിലൂടെയുണ്ടായ മാറ്റത്തെയും സൂചിപ്പിക്കുന്നു. അടിസ്ഥാനപരമായ വ്യവസായങ്ങളും അതിനോടുചേര്‍ന്ന ഉല്‍പ്പാദനവും തൊഴിലവസരങ്ങളും കേരളത്തില്‍ ഇല്ലായിരുന്നുവെന്ന യാതാര്‍ത്ഥ്യത്തിലേയ്ക്കും നോവല്‍ വെളിച്ചം വീശുന്നു. ഇന്ത്യയിലെയും പ്രത്യേകിച്ച് കേരളത്തിലെയും സാമൂഹികാന്തരീക്ഷം സൃഷ്ടിച്ച കുടിയേറ്റത്തിന്റെ ചരിത്രത്തിലുമേറെ അത് വരുത്തിവച്ച മാറ്റങ്ങളാണ് നോവലില്‍ ദൃശ്യമാകുന്നത്. മുതലാളിത്തത്തോടുള്ള സമീപനത്തില്‍ ഇന്ത്യന്‍ സമൂഹത്തില്‍ വന്ന ശ്രദ്ധേയമായ മാറ്റങ്ങളാണ് കൂടുതലായി പ്രതിപാദിക്കപ്പെടുന്നത്.

ആധുനിക ഇന്ത്യന്‍ നോവല്‍ ശാഖയുടെ പിതാവ് എന്നറിയപ്പെടുന്ന ബങ്കിം ചന്ദ്ര ചാറ്റര്‍ജി തന്റെ രചനകളിലൂടെ സാമൂഹിക നവോത്ഥാനത്തിന് ഗതിവേഗം നല്‍കിയെങ്കില്‍ മനുഷ്യന്റെ നിരന്തര യാത്രയിലെ അവിസ്മരണീയമായ ചില നാഴികക്കല്ലുകളാണ് ജോണ്‍ മാത്യു തന്റെ രചനയിലൂടെ എടുത്തുകാട്ടിയിരിക്കുന്നത്. ശൈലിയിലും ആവിഷ്‌കാരത്തിലും മികവുപുലര്‍ത്തുന്ന ഈ നോവല്‍ വിമര്‍ശനാത്മകമായി തന്നെ വായക്കണം. കാരണം ഒന്ന് മറ്റൊന്നിന് പൂരകമല്ലല്ലോ.

മലയാളി കുടിയേറ്റത്തിന് നേരെ തിരിച്ചു വച്ച കണ്ണാടിയാണ് ‘ഭൂമിക്ക്‌മേലൊരു മുദ്ര’. സാമൂഹിക ബോധം ജനങ്ങളിലേക്ക് എത്തിക്കുന്ന ശക്തമായ ആയുധമാണ് സാഹിത്യം. സാമൂഹ്യ പരിഷ്‌കരണത്തിന്റെ ഉള്‍പ്രേരകങ്ങളാണ് യഥാര്‍ത്ഥ എഴുത്തുകാരന്റെ ഓരോ വാക്കുകളും. സാമൂഹിക പരിഷ്‌കരണ ചിന്തകള്‍ ആധുനിക ഇന്ത്യന്‍ സാഹിത്യത്തിന് വിലമതിക്കാനാവാത്ത സംഭാവനകള്‍ കാലാകാലങ്ങളില്‍ ചൊരിഞ്ഞു നല്‍കിയിട്ടുണ്ട്. ജാതി വിവേചനവും തീണ്ടലും തൊടീലും ശൈശവ വിവാഹവും പെണ്‍ ഭ്രൂണഹത്യയും പോലുള്ള സങ്കുചിതത്ത്വങ്ങള്‍ക്കെതിരെ സന്ധിയില്ലാതെ സമരം ചെയ്യുന്നവരും ക്ഷോഭിക്കുന്നവരുമാണ് എഴുത്തുകാര്‍.

അവര്‍ ഒരു വേള വാത്സല്യത്തിന്റെ തേന്‍ നമ്മുടെ നാവിലിറ്റിച്ചു തന്നിട്ടുണ്ട്. ഗഹനമായ ദാര്‍ശനിക പൊരുളും നല്‍കി സമയതീരത്തിനപ്പുറത്തേയ്ക്ക് പിന്‍വാങ്ങിയവരാണ് മണ്‍മറഞ്ഞ സാഹിത്യപ്രതിഭകള്‍ എന്ന കാര്യം അടിവരയിട്ട് അംഗീകരിക്കേണ്ടിയിരിക്കുന്നു. അവരുടെ അക്ഷര സ്‌നേഹത്തിന്റെ ഓഹരിയാണ് നമ്മെ യഥാര്‍ത്ഥ മനുഷ്യരായി ജീവിക്കുവാന്‍ അവകാശപ്പെടുത്തിയിട്ടുള്ളത്. സമൂഹത്തിലെ പൊളിച്ചെഴുത്തുകള്‍ക്കു വേണ്ടി അവര്‍ തങ്ങളുടെ പ്രയത്‌ന ദാര്‍ഢ്യം മനസ്സില്‍ ഉറപ്പിച്ചെടുത്തിരുന്നു… നന്മവിളവുകളെ പ്രസരിപ്പിച്ചിരുന്നു. പല ഇതളുകളുള്ള പൂക്കളാണ് മനുഷ്യര്‍. എഴുത്തുകാര്‍ പ്രത്യേകിച്ചും. അവരുടെ വാക്കിന്റെ, പദങ്ങളുടെ, അലങ്കാരങ്ങളുടെ നടുമുറ്റത്താണ് വായനക്കാരര്‍ ആത്മാഭിമാനത്തോടെ തന്റെ ഇഷ്ട പുസ്തകങ്ങളുടെ പേജുകള്‍ മറക്കാതെ തുറക്കുന്നത്. ‘ഭൂമിക്ക്‌മേലൊരു മുദ്ര’ പലായനത്തിന്റെ നഗര കവാടമാണെങ്കില്‍ ജോണ്‍ മാത്യു അതിന്റെ കാവല്‍ക്കാരനാണ്.


സരളവും, അതേസമയം ഗഹനവുമായ രചനകള്‍ കൊണ്ട് അമേരിക്കന്‍ മലയാളി സാഹിത്യ ശാഖയെ പുഷ്ടിപ്പെടുത്തുന്ന മുതിര്‍ന്ന എഴുത്തുകാരനാണ് ജോണ്‍ മാത്യു. ധര്‍മച്യുതിയുടെ നിഴലുകള്‍ വീണ് ജീവിതം ഇരുട്ടിലാകുന്ന ഇക്കാലത്ത് പുത്തന്‍ പ്രഭാതത്തിന്റെ പൗരുഷജ്വാലയായി ജോണ്‍ മാത്യുവിന്റെ കൃതികള്‍ വഴികാട്ടിയാവുന്നു. അന്ധവിശ്വാസങ്ങളും അഴിമതികളും കപടനാട്യങ്ങളുമൊക്കെ അപശ്രുതി കലര്‍ത്തുന്ന സമൂഹത്തില്‍ യഥാര്‍ത്ഥ മനുഷ്യന്റെ ആത്മസംഗീതം സൃഷ്ടിക്കാനാണ് ജോണ്‍ മാത്യു ശ്രമിക്കുന്നത്. ഇദ്ദേഹത്തിന്റെ കഥകളും നോവലുകളും ജീവിതത്തോട് ചേര്‍ന്നു നില്‍ക്കുന്നു.

പത്തനംതിട്ടയിലെ മല്ലപ്പള്ളിയില്‍ കുന്നത്തു വീട്ടിലാണ് ജോണ്‍ മാത്യുവിന്റെ ജനനം. സി.എം.എസ് ഹൈസ്‌കൂള്‍ മല്ലപ്പള്ളി, മാര്‍ത്തോമാ കോളേജ് തിരുവല്ല എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിന് ശേഷം ഡല്‍ഹിയിലെ കാള്‍ടെക്‌സ് ആന്റ് മൊഹാത്ത ഗ്രൂപ്പ് കമ്പനിയില്‍ ജോലി ചെയ്തു. ഒപ്പം പഠനവും തുടര്‍ന്നു. അവിടെ സാഹിതീ സഖ്യം കേരളാ ക്ലബില്‍ സജീവമായിരുന്നു. എഴുപതുകളുടെ തുടക്കത്തില്‍ ഡിട്രോയിറ്റിലെത്തി. മിഷിഗണിലെ ബ്ലൂ ക്രോസ് ബ്ലൂ ഷീല്‍ഡില്‍ ഔദ്യോഗിക ജീവിതമാരംഭിച്ചു. കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദം നേടി.

എണ്‍പതുകളുടെ തുടക്കത്തില്‍ ഹൂസ്റ്റണിലെത്തിയ ജോണ്‍ മാത്യു ബി.പി അമോകോ, എക്‌സോണ്‍ ഓയില്‍ കമ്പനികളില്‍ ജോലി ചെയ്തു. ഇന്ത്യ ന്യൂസ് ആന്റ് റിവ്യു, കേരള ഡയറക്ടറി ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ എന്നിവയുടെ എഡിറ്ററായി പ്രവര്‍ത്തിച്ചു. നിരവധി കഥാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോട്ടയത്തെ എന്‍.ബി.എസ് ജോണ്‍ മാത്യുവിന്റെ രണ്ട് നോവലുകള്‍ പ്രസിദ്ധീകരിച്ചു. ഹൂസ്റ്റണിലെ കേരള റൈറ്റേഴ്‌സ് ഫോറം, ലിറ്റററി അസോസിയേഷന് ഓഫ് നോര്‍ത്ത് അമേരിക്ക (ലാന) എന്നിവയുടെ രൂപീകരണത്തില്‍ നിര്‍ണായക പങ്കാളിത്തം വഹിച്ചു. കേരള റൈറ്റേഴ്‌സ് ഫോറത്തിന്റെ പ്രോഗ്രം കോ-ഓര്‍ഡിനേറ്ററാണിപ്പോള്‍. ഭൂമിക്കുമേലൊരു മുദ്ര, അപ്പാപ്പ-യു എന്നിവയാണ് കോളമിസ്റ്റുകൂടിയായ ജോണ്‍ മാത്യുവിന്റെ പ്രധാന നോവലുകള്‍. ഭൂമിക്കുമേലൊരു മുദ്രയുടെ ഇംഗ്ലീഷ് പതിപ്പാണ് ‘ഔര്‍ ബിലവഡ് ഭൂമി’. ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ച ജോണ്‍ മാത്യു വെസ്റ്റ് ഹൂസ്റ്റണ്‍ സബര്‍ബില്‍ കുടുംബ സമേതം താമസിക്കുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments