(ജോയ് തുമ്പമണ്‍)
അമേരിക്കയിലെ നാലാമത്തെ വലിയ പട്ടണമായ ഹൂസ്റ്റണ്‍ പട്ടണം, മലയാളി പെന്തെക്കോസ്തു കോണ്‍ഫറന്‍സിനെ വരവേല്‍പ്പാനായി ഒരുങ്ങികഴിഞ്ഞു. അമേരിക്കയുടെ സ്വതന്ത്ര സ്മാരകദിനമായ ജൂലൈ നാല് മുതല്‍ 7വരെയാണ് സമ്മേളന ദിനങ്ങള്‍. വലിയ ജനസമൂഹത്തെയാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്: ലോകോത്തര സമ്മേളനങ്ങള്‍ക്കു സാക്ഷ്യം വഹിച്ച വിശാലമായ ജോര്‍ജു.ആര്‍. ബ്രൗണ്‍ കണ്‍വന്‍ഷന്‍ സെന്റര്‍ ആണ് വേദി ഒരുക്കുന്നത്. നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രര്‍ ആക്കുകയും ചെയ്യും എന്നു അരുളി ചെയ്ത അരുമനാഥനായ യേശുവിനെ ആരാധിക്കുവാനായി കടന്നു വരുന്നവരെ ആത്മീയ സോപാനത്തിലേയ്ക്കു ഉയര്‍ത്തുന്ന ഗാനങ്ങളും സന്ദേശങ്ങളും ഉണ്ടാകും.

ഇത് നാലാമത്തെ പ്രാവശ്യമാണ് ഹൂസ്റ്റണ്‍ പട്ടണം പി.സി.നാക്കിനു വേദി ഒരുക്കുന്നത്. 198ല്‍ പാസ്റ്റര്‍ ഉമ്മന്‍ എബ്രഹാമിന്റെ നേതൃത്വത്തിലും, 1998 ല്‍ ഡോ.ജോണ്‍ ഡാനിയേല്‍ കണ്‍വീനറായും, പാസ്റ്റര്‍ റോയി വാകത്താനം സെക്രട്ടറിയായും; 2010 ല്‍ പാസ്റ്റര്‍ വി.എം. ഏബ്രഹാം കണ്‍വീനറായും, ജയിന്‍ മാത്യു, സെക്രട്ടറിയായും 2024 ല്‍ പാസ്റ്റര്‍ ഫിന്നി ആലുമൂട്ടില്‍ കണ്‍വീനര്‍, രാജു പൊന്നോലില്‍ സെക്രട്ടറി, ബിജു തോമസ് ട്രഷറാര്‍, റോബിന്‍ രാജു യൂത്ത് കോര്‍ഡിനേറ്റര്‍, ആന്‍സി സന്തോഷ് ലേഡീസ് കോര്‍ഡിനേറ്ററായും പ്രവര്‍ത്തിക്കുന്നു.

ആധുനീക പെന്തെക്കോസ്തു ചരിത്രം ഉറങ്ങികിടക്കുന്ന സ്ഥലമാണ് ഹൂസ്റ്റണ്‍. ചാള്‍സ് ഫെര്‍ഹാം പെന്തെക്കോസ്തു സത്യങ്ങളുമായ കാന്‍സസ് സ്‌റ്റേറ്റില്‍ നിന്നും 19 ാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ തന്നെ ഹൂസ്റ്റണിലേയ്ക്കു മാറുകയും ഇവിടെ ഒരു ബൈബിള്‍ സ്‌ക്കൂള്‍ ആരംഭിക്കുകയും ചെയ്തു. വര്‍ണ്ണവിവേചനം അതിന്റെ കൊടുമുടിയില്‍ നില്‍ക്കുന്ന അക്കാലത്ത് ഒരു കണ്ണിനു കാഴ്ചയില്ലാത്ത കറുത്തവര്‍ഗ്ഗക്കാരനായ വില്യം സെയ്മൂര്‍ ആ ബൈബിള്‍ കോളേജില്‍ നിന്നും തിരുവചന സത്യങ്ങള്‍ പഠിക്കുകയുണ്ടായി.
1906ല്‍ വില്യം സെയ്മൂര്‍ തന്റെ സന്ദേശവുമായി കാലിഫോര്‍ണിയയിലെ ലോസ് ആഞ്ചലസിലേക്കു പോകുകയും അനേക വര്‍ഷത്തെ പ്രാര്‍ത്ഥനാ അനന്തരം വലിയ ഒരു ഉണര്‍വ് അവിടെ പൊട്ടിപ്പുറപ്പെടുകയും ചെയ്തു. അതാണ് ആധുനീക പെന്തെക്കോസ്തു പ്രസ്ഥാനങ്ങള്‍ക്കു അടിത്തറ പാകിയ അസൂസാ സട്രീറ്റ് ഉണര്‍വ്, ഇതിനു തന്നെ രൂപാന്തരപ്പെടുത്തിയത് ഹൂസ്റ്റണ്‍ പട്ടണവും ഇവിടത്തെ പഠനവും ആയിരുന്നു.
അനേകം കൊച്ചുകൊച്ചു പൂഞ്ചോലകള്‍ വെണ്‍ നൂറകളാല്‍ പൊട്ടിച്ചിരിച്ചു. ഒഴുകുന്ന ഹൂസ്റ്റണ്‍ പട്ടണത്തില്‍ വലിയ ആത്മപ്രവാഹത്തിന്റെ വന്‍ നദികള്‍ ഒഴുകും എന്നതിന് രണ്ട് പക്ഷമില്ല. ബൈബിള്‍ ബെല്‍റ്റിന്റെ ആസ്ഥാനങ്ങളായ ഡാളസ്, ഹൂസ്റ്റണ്‍, ഒക്കലഹോമാ എന്നിവിടങ്ങളില്‍ നിന്നും മാത്രമല്ല ലോകമെമ്പാടുമുള്ള ആയിരകണക്കിനു വിശ്വാസികള്‍ കടന്നുവരുന്ന ഈ സമ്മേളനം അനുഗ്രഹത്തിന്റെ ചതിര്‍ദിനങ്ങള്‍ ആയിരിക്കും.