ന്യൂജേഴ്‌സി: സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പരിഛേദമായിരുന്നു കാലം ചെയ്ത മലങ്കര സഭയുടെ പരമാധ്യക്ഷനും പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയുമായ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ.ഓ.സി.) യു.എസ്.എ കേരള ചാപ്റ്റർ പ്രസിഡണ്ട് ലീല മാരേട്ട്.
ബാവ തിരുമേനി അമേരിക്ക സന്ദർശിച്ചപ്പോഴെല്ലാം ഐ.ഒ.സിയുടെ പ്രതിനിധി എന്ന നിലയിലും ഫൊക്കാന നേതാവ് എന്ന നിലയിലും കാതോലിക്ക ബാവയെ സന്ദർശിക്കാനും അനുഗ്രഹം തേടാനുമുള്ള ഭാഗ്യം തനിക്കുണ്ടായിട്ടുണ്ട്. -ലീല പറഞ്ഞു.
ഏറെ ലാളിത്യം കാത്തു സൂക്ഷിക്കുന്ന ബാവ തിരുമേനി വലുപ്പച്ചെറുപ്പമില്ലാതെ എല്ലവരെയും ഒരു പോലെ കണ്ടുകൊണ്ട് എല്ലാവരുമായും സംസാരിക്കുന്ന ഒരു പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത് . ഒരായിരം നക്ഷത്രങ്ങൾ ഉദിച്ചുയരുന്ന പോലെ ഏറെ ഐശ്വര്യപൂർണ്ണമായ ഒരു പുണ്യാത്മാവിന്റെ സാമിപ്യം പോലെയായിരുന്നു അദ്ദേഹത്തെ ആദ്യമായി കാണുമ്പോൾ തനിക്കുണ്ടായ അനുഭവമെന്ന് ലീല മാരേട്ട് അനുസ്മരിച്ചു.
ചുണ്ടിൽ വിരിയുന്ന നൈർമ്മല്യമായ പുഞ്ചിരിയിൽ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും സാമിപ്യമാണ് കാണാറുള്ളത്.- ലീല വ്യ്കതമാക്കി.
ബാവ തിരുമേനിയുടെ വേർപാടിൽ ദുഃഖിക്കുന്ന എല്ലാ സഭാ മക്കളോടുമൊപ്പം ഐ.ഒ.സി- യു.എസ്. എ കേരള ചാപ്റ്ററും ദുഃഖം പങ്കു വയ്ക്കുന്നതായി ലീല മാരേട്ട് പറഞ്ഞു. ആ പുണ്യാത്മാവിന്റെ പാവന സ്മരണയ്ക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നതായും ലീല മാരേട്ട് പറഞ്ഞു.