Sunday, September 8, 2024

HomeAmericaആയുരാരോഗ്യ സൗഖ്യത്തോടെ ശ്രേഷ്ഠ കതോലിക്കാ ബാവയും മോര്‍ തീത്തോസ് എല്‍ദോ തിരുമേനിയും

ആയുരാരോഗ്യ സൗഖ്യത്തോടെ ശ്രേഷ്ഠ കതോലിക്കാ ബാവയും മോര്‍ തീത്തോസ് എല്‍ദോ തിരുമേനിയും

spot_img
spot_img

രാജേഷ് വര്‍ഗീസ്
(ചെയര്‍മാന്‍, നേര്‍കാഴ്ച)

ജന്മദിനങ്ങള്‍ ഓര്‍മ്മപ്പെടുത്തലുകളാണ്. പ്രത്യേകിച്ചും നാം ആദരിക്കുന്ന, നമ്മെ വഴി നടത്തുന്ന ശ്രേഷ്ഠന്മാരുടേതാകുമ്പോള്‍ അത് ചരിത്രത്തിന്റെ അടയാളപ്പെടുത്തലുകളുമാണ്.

യാക്കോബായ സഭയുടെ നല്ലിടയന്‍ ശ്രേഷ്ഠ കതോലിക്കാ ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ ഇക്കഴിഞ്ഞ ജൂലായ് 22-ാം തീയതി 93-ാം വയസ്സിലേക്ക് പ്രവേശിച്ച നിമിഷം വിശ്വാസ സമൂഹം അദ്ദേഹത്തിന്റെ ആയുരാരോഗ്യ സൗഖ്യത്തിനു വേണ്ടി പ്രാര്‍ത്ഥിച്ചു.

ശ്രേഷ്ഠ ബാവയ്ക്ക് പ്രാര്‍ത്ഥനാ മംഗളങ്ങള്‍ നേര്‍ന്നുകൊണ്ട് അമേരിക്കന്‍ അതിഭദ്രാസന ബിഷപ്പും പാത്രിയര്‍ക്കല്‍ വികാരിയുമായ അഭിവന്ദ്യ എല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പൊലീത്ത ഇപ്രകാരം പറഞ്ഞു.

”അത്യുന്നതന്റെ മറവില്‍ ഇരിക്കുന്നവനും ദൈവത്തിന്റെ നിഴലില്‍ മഹത്വപ്പെടുന്നവനും ആയ മനുഷ്യന്‍. 93 സംവല്‍സരം കര്‍ത്താവിനോട് പറ്റി ചേര്‍ന്ന് നടന്നവന്‍ കര്‍ത്താവിനെ ശരണം ആക്കിയവന്‍ കര്‍ത്താവിനെ സങ്കേത സ്ഥലവും ഏത് പ്രതിസന്ധിയിലും ആശ്രയിക്കാന്‍ ഉളള ദൈവവും ആയി കണ്ടവന്‍ മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ അമരക്കാരന്‍ എന്ന ആഭരണം ധരിക്കുന്നതിന് മുന്നേ വിരുദ്ധത്തിന്റെ കെണിയില്‍ വീഴാതെ നടന്നവന്‍…”

നല്ലിടയന് ജന്മദിനാശംസകള്‍ നേര്‍ന്നദിവസം തീത്തോസ് തിരുമേനി 51 വയസ്സിന്റെ നിറവിലുമായിരുന്നു. അങ്ങനെ ഇരുവരുടെയും പിറന്നാള്‍ ലളിതമായി ആഘോഷിക്കപ്പെട്ടു.

ശ്രേഷ്ഠ കാതോലിക്കാ ബാവയുടെ ജന്മദിനം കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ലളിതമായ ചടങ്ങുകളോടെ പുത്തന്‍കുരിശ് പാത്രിയര്‍ക്ക സെന്ററില്‍ ആഘോഷിച്ചത്. ജന്മദിനത്തോടനുബന്ധിച്ച് മെത്രാപ്പോലീത്തന്‍ ട്രസ്റ്റിയും കൊച്ചി ഭദ്രാസനാധിപനുമായ മോര്‍ ഗ്രിഗോറിയോസ് ജോസഫ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ പുത്തന്‍കുരിശ് പാത്രിയര്‍ക്ക സെന്ററിലെ സെന്റ് അത്തനാസിയോസ് കത്തീഡ്രലില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.

ചടങ്ങില്‍ ശ്രേഷ്ഠ കാതോലിക്ക ബാവ കേക്ക് മുറിച്ച് മധുരം പങ്കിട്ടു. ചടങ്ങില്‍ സിറിയക് തോമസ്, മെത്രാപ്പോലീത്തമാരായ മാര്‍ ഈവാനിയോസ് മാത്യൂസ്, മാര്‍ അപ്രേം മാത്യൂസ്, മാര്‍ അന്തിമോസ് മാത്യൂസ് എന്നിവരും സഭാ വൈദിക ട്രസ്റ്റി സ്ലീബാ പോള്‍ വട്ടവേലില്‍ കോര്‍ എപ്പിസ്‌കോപ്പ, അല്‍മായ ട്രസ്റ്റി സി.കെ ഷാജി ചുണ്ടയില്‍, സഭാ സെക്രട്ടറി അഡ്വ. പീറ്റര്‍ കെ ഏലിയാസ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.

യാക്കോബായ സഭയുടെ ആധുനിക ശില്‍പ്പിയാണ് ‘മലങ്കരയുടെ ‘യാക്കോബ് ബുര്‍ദ്ദാന’. എറണാകുളം പുത്തന്‍കുരിശ് വടയമ്പാടി ചെറുവിള്ളില്‍ മത്തായിയുടെയും കോലഞ്ചേരി കല്ലുങ്കല്‍ കുഞ്ഞാമ്മയുടെയും എട്ടു മക്കളില്‍ ആറാമനാണ് ഈ ഇടയപാലകന്‍. സഭയുടെ വിശ്വാസ സംരക്ഷകനായി എന്നും അമരത്ത് നില്‍ക്കുന്ന ശ്രേഷ്ഠ ബാവയ്ക്ക് തന്റെ തീക്ഷ്ണമായ നേതൃശാസനകളും സ്‌നേഹം നിറഞ്ഞ പെരുമാറ്റവും ഒരിക്കലും നഷ്ടമാവില്ല.

സഹനത്തിന്റെ മാതൃകയായി അദ്ദേഹം നടത്തിയ പോരാട്ടങ്ങള്‍ കണക്കിലെടുത്തുകൊണ്ടാണ് ശാഖാപ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവ ‘മലങ്കരയുടെ യാക്കോബ് ബുര്‍ദ്ദാന’ എന്ന് പേരുനല്‍കി ആദരിച്ചത്. ജാതി വേര്‍തിരിവുകളോ, വലിപ്പച്ചെറുപ്പമോ ഇല്ലാതെ പടുത്തുയര്‍ത്തിയ അനേകകോടി സൗഹൃദങ്ങള്‍ക്കുടമയായ ബാവാ തിരുമേനി ഇനിയുമെന്നും എക്കാലവും ഈ നാടിന്റെ പൊന്‍വിളക്കായി ഉദിച്ചുയര്‍ന്ന് നില്‍ക്കട്ടെ.

അതുപോലെ തന്നെ 51വയസ്സിന്റെ ദീപപ്രകാശമായി പരിലസിക്കുന്ന മോര്‍ തീത്തോസ് എല്‍ദോ തിരുമേനിയും നമ്മുടെ ജീവിത വീഥികളില്‍ ദൈവകൃപയും കരുണയും കരുതലുമായി ഉണ്ടായിരിക്കും. അഭിവന്ദ്യ തിരുമേനിക്ക് ആയുസ്സും ആരോഗ്യവും എന്നന്നേയ്ക്കും ഉണ്ടായിരിക്കട്ടെ എന്ന് എളിയ മനസ്സോടെ പ്രാര്‍ത്ഥിക്കുന്നു.

ഇരുവരുടെയും ജന്മദിനങ്ങള്‍ ഹൃദയത്തിലേറ്റി വണങ്ങാന്‍ ഭാഗ്യം സിദ്ധിച്ചതിലും അവര്‍ക്കൊപ്പം ഈ ലോകത്ത് ജീവിക്കാന്‍ സാധിച്ചതിലും അതീവ ധന്യരായി മാറിയിരിക്കുന്നു നമ്മളെല്ലാവരും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments