പി പി ചെറിയാൻ
ഗാർലന്റ് : അമേരിക്കയുടെ 246–ാം സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ ഡാലസ് കേരള അസോസിയേഷന്റേയും ഇന്ത്യ കൾച്ചറൽ ആന്റ് എജുക്കേഷൻ സെന്ററിന്റേയും സംയുക്താഭിമുഖ്യത്തിൽ ഗാർലന്റിലുള്ള അസോസിയേഷൻ ഓഫിസിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
ജൂലൈ 4നു രാവിലെ 9.30നു ചുട്ടുപൊള്ളുന്ന വെയിലിനെ പോലും അവഗണിച്ചു അസോസിയേഷൻ പ്രവർത്തകർ ഒത്തുചേർന്നു. അസോസിയേഷൻ പ്രസിഡന്റ് ഹരിദാസ് തങ്കപ്പൻ പതാക ഉയർത്തിയതിനു ശേഷം അമേരിക്കൻ ദേശീയഗാനം എല്ലാവരും ഒരേ സ്വരത്തിൽ ആലപിച്ചു.
1776 ജൂലൈ 4ന് ഇംഗ്ലീഷ് ആധിപത്യത്തിൽ നിന്നും അമേരിക്കയിലെ 13 കോളനികൾ ചേർന്നു സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയതിന്റെ ഓർമ്മകൾ തലമുറളിലേക്കു പകർന്നു നൽകണമെന്നും അമേരിക്കൻ ഭരണഘടനയോടും ജനാധിപത്യത്തോടും കൂറുള്ളവരായിരിക്കണമെന്നും ഹരിദാസ് തങ്കപ്പൻ ഓർമ്മിപ്പിച്ചു.
കേരള അസോസിയേഷൻ ഭാരവാഹികളായ മൻജിത് കൈനിക്കര, സാമുവേൽ യോഹന്നാൻ, ഐ. വർഗീസ്, ജോയ് ആന്റണി, ഐസിഇസി ഭാരവാഹികളായ ജോർജ് ജോസഫ് വിലങ്ങോലിൽ, ചെറിയാൻ ചൂരനാട്, സുരേഷ് അച്യുതൻ, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് പ്രസിഡന്റും മുൻ പബ്ലിക്കേഷൻ ഡയറക്ടുമായ സിജു വി. ജോർജ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. സെക്രട്ടറി അനശ്വരം മാമ്പിള്ളി നന്ദി പറഞ്ഞു.