Sunday, December 22, 2024

HomeAmericaഗോപിനാഥ് മുതുകാടിന് കേരള സെന്ററില്‍ ഊഷ്മള വരവേല്‍പ്പ്‌

ഗോപിനാഥ് മുതുകാടിന് കേരള സെന്ററില്‍ ഊഷ്മള വരവേല്‍പ്പ്‌

spot_img
spot_img

മാത്യുക്കുട്ടി ഈശോ

ന്യൂയോര്‍ക്ക്: ലോകമെമ്പാടും പ്രശസ്തനായ മജീഷ്യന്‍ പ്രൊഫ. ഗോപിനാഥ് മുതുകാടിനു മലയാളീ സമൂഹം എല്മണ്ടിലുള്ള കേരള സെന്ററില്‍ സ്വീകരണം നല്‍കി. ഒര്‍ലാണ്ടോയില്‍ വച്ച് നടത്തപ്പെട്ട ഫൊക്കാന കണ്‍വെന്‍ഷന്റെ മുഖ്യ അതിഥികളില്‍ ഒരാളായിരുന്നു മുതുകാട്. ഫൊക്കാന സമ്മേളനത്തിന് ശേഷം ഇന്റര്‍നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ പോള്‍ കറുകപ്പള്ളിയോടൊപ്പം ന്യൂയോര്‍ക്കില്‍ എത്തിയ മുതുകാടിനു ന്യൂയോര്‍ക്കിലുള്ള വിവിധ മലയാളീ സംഘടനകള്‍ സ്വീകരണം നല്‍കുകയായിരുന്നു.

ലോകോത്തര നിലവാരമുള്ള മായാജാല-മാന്ത്രികവിദ്യക്കാര്‍ക്കു വര്‍ഷംതോറും നല്‍കുന്ന ലോകത്തിലെ പരമോന്നത ബഹുമതിയായ (സിനിമയിലെ ഓസ്‌കാര്‍ അവാര്‍ഡിന് തുല്യമായ) ”മെര്‍ലിന്‍ അവാര്‍ഡ്” 2013-ല്‍ ലഭിച്ച മന്ത്രികനാണ് ഗോപിനാഥ് മുതുകാട്. ഇന്റര്‍നാഷണല്‍ മജീഷ്യന്‍ സൊസൈറ്റി മൂന്നു വര്‍ഷത്തിലൊരിക്കല്‍ ആത്ഥിദേയത്വം നല്‍കുന്ന ബാങ്ക്വറ്റ് ഡിന്നറില്‍ വച്ചാണ് ”മെര്‍ലിന്‍ അവാര്‍ഡ്” സമ്മാനിക്കുന്നത്. 2011 -ല്‍ ലോക പ്രശസ്തരായ മായാജാല-മാന്ത്രിക വിദ്യാക്കാരായ മോര്‍ഗന്‍ സ്ട്രെബ്ലര്‍, ദേഖത്തി മാഗിന്‍ എന്നിവരോടൊപ്പം ഗോപിനാഥ് മുതുകാടിനും ”മെര്‍ലിന്‍ അവാര്‍ഡ്” ലഭിച്ചെങ്കിലും 2013-ല്‍ സംഘടിപ്പിച്ച ബാങ്ക്വറ്റ് ഡിന്നറിലാണ് അവാര്‍ഡ് സമ്മാനിച്ചത്.

പ്രശസ്തിയുടെ ഉച്ചകോടിയില്‍ നില്‍ക്കുമ്പോള്‍ മാജിക് പൂര്‍ണ്ണമായും ഉപേക്ഷിച്ച് കഴിഞ്ഞ പത്തുവര്‍ഷത്തോളമായി വിഭിന്ന ശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായി തിരുവനന്തപുരത്തെ കഴക്കൂട്ടത്ത് ”ഡിഫറന്റ് ആര്‍ട്ട് സെന്റര്‍” എന്ന പേരില്‍ ചാരിറ്റബിള്‍ സ്ഥാപനമായി രജിസ്റ്റര്‍ ചെയ്ത് മാജിക്കല്‍ സയന്‍സ് അക്കാദമി നടത്തി വരുകയാണ്.

നിലവില്‍ നൂറു ഭിന്ന ശേഷിക്കാരായ കുട്ടികളെയും അവരുടെ മാതാക്കളെയും സംരക്ഷിച്ചു വരുന്ന അക്കാദമിയില്‍ ഇപ്പോള്‍ ഏകദേശം 2200-ലധികം മറ്റു ഭിന്നശേഷിക്കാരുടെ അപേക്ഷകള്‍ തീര്‍പ്പുകല്പിക്കാനാകാതെ കിടക്കുകയാണ്. അതില്‍ നിന്നും അടുത്ത നൂറു പേര്‍ക്ക് അഡ്മിഷന്‍ നല്‍കുന്നതിനുള്ള പരിശ്രമത്തിലാണ് മുതുകാട്. അത്തരം നൂറു കുട്ടികളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ താല്പര്യമുള്ള നല്ലവരായ വ്യക്തികളില്‍ നിന്നും സ്പോണ്‍സര്‍ഷിപ് ലഭിച്ചാല്‍ അനായാസം കാര്യങ്ങള്‍ മുന്‍പോട്ടു കൊണ്ടുപോകാന്‍ സാധിക്കുമെന്നാണ് മുതുകാടിന്റെ പ്രതീക്ഷ.

അതിനാല്‍ നല്ലവരായ അമേരിക്കന്‍ പ്രവാസി മലയാളികളില്‍ താല്പര്യമുള്ളവരില്‍ നിന്നും സ്പോണ്‍സര്‍ഷിപ് ലഭിക്കുന്നതിനുള്ള സാധ്യതകള്‍ സംഘടനാ പ്രതിനിധികളുമായി യോഗത്തില്‍ ആലോചിച്ചു. അതിനാല്‍ വിവിധ സംഘടനകളും വ്യക്തികളും സഹായ ഹസ്തവുമായി മുന്‍പോട്ടു വന്നു. ഇന്ത്യന്‍ നേഴ്‌സസ് അസ്സോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്ക് പ്രസിഡന്റ് ഡോ. അന്നാ ജോര്‍ജും ഭാരവാഹികളും, കേരളാ സമാജം ഓഫ് ഗ്രേയ്റ്റര്‍ ന്യൂയോര്‍ക്ക് പ്രസിഡന്റ് പോള്‍ ജോസും ഭാരവാഹികളും, ഫിലിപ്പ് മഠത്തിലിന്റെ നേതൃത്വത്തിലുള്ള കേരള കള്‍ച്ചറല്‍ സെന്ററിന്റെ ഭാരവാഹികളും, മറ്റു ചില വ്യക്തികളും മുതുകാടിനു സഹായ ഹസ്തം നീട്ടി.

നാട്ടില്‍ സ്വന്തമായി പല ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യാറുള്ള ജോണ്‍ ശാമുവേലും അദ്ദേഹത്തിന്റെ സഹധര്‍മ്മിണിയും ചേര്‍ന്ന് അക്കാദമിയിലെ 10 കുട്ടികളെ സ്‌പോണ്‍സര്‍ ചെയ്യുന്നതിനുള്ള തുക മുതുകാടിനെ ഏല്‍പ്പിച്ചു. ഒരു കുട്ടിയെ ഒരു വര്‍ഷത്തേക്ക് സ്‌പോണ്‍സര്‍ ചെയ്യുന്നതിന് രണ്ടായിരം ഡോളറാണ് നിശ്ചയിച്ചിരിക്കുന്നത്.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഫൊക്കാന എന്ന സംഘടന മാജിക് പ്ലാനെറ്റിലെ അക്കാഡമിക്ക് നല്‍കിവരുന്ന സഹായ സഹകരണങ്ങള്‍ക്കു മുതുകാട് പ്രേത്യകം നന്ദി രേഖപ്പെടുത്തി. ഫൊക്കാനയുടെ കൂടി സഹായം മൂലമാണ് അക്കാദമിയിലെ കുട്ടികളുടെ അമ്മമാര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിനും അവര്‍ക്കു സ്വന്തമായി വരുമാന മാര്‍ഗ്ഗം ലഭിക്കുന്നതിനുമായി ”കരിസ്മ” എന്ന പേരില്‍ തയ്യല്‍, മെഴുകുതിരി നിര്‍മ്മാണം, കുട നിര്‍മ്മാണം, ടൂത് ബ്രഷ് നിര്‍മാണം മുതലായ പല സംരംഭങ്ങളും തുടങ്ങാന്‍ ഇടയായത്.

അതിന് മുന്‍കൈയെടുത്ത ഫൊക്കാനയെയും പ്രത്യേകിച്ചു അതിനു നേതൃത്വം നല്‍കിയ പോള്‍ കറുകപ്പള്ളിയെയും മുതുകാട് പ്രത്യേകം അഭിനന്ദിച്ചു. സ്വന്തം വീടും പറമ്പും വിറ്റും, മാജിക് പ്രദര്‍ശനങ്ങളിലൂടെ സമ്പാദിച്ച മുഴുവന്‍ തുക ഉപയോഗിച്ചും സാഹസികമായി ആരംഭിച്ച ഈ പ്രസ്ഥാനം ധാരാളം പ്രതിസന്ധികളിലൂടെയാണ് കടന്നുപോയത്. എന്നാല്‍ പല നല്ലവരായ വ്യക്തികളുടെയും, സംഘടനകളുടെയും, സര്‍ക്കാരിന്റെയും സഹായത്താല്‍ പ്രതിസന്ധികളെല്ലാം തരണം ചെയ്യാന്‍ സാധിച്ചതിനു എല്ലാവരോടും കടപ്പെട്ടിരിക്കുന്നു എന്ന് മുതുകാട് വികാരഭരിതനായി പറഞ്ഞു.

കേരളാ സെന്ററില്‍ നടത്തപ്പെട്ട സ്വീകരണ യോഗത്തിനു നേതൃത്വം നല്‍കിയത് പോള്‍ കറുകപ്പള്ളി, ഫിലിപ്പ് മഠത്തില്‍, അലക്‌സ് എസ്തപ്പാന്‍, എബ്രഹാം കുരിയന്‍ എന്നിവരാണ്. പ്രശസ്ത മലയാള സിനിമാ സീരിയല്‍ നടനും സിനിമാ നിര്‍മ്മാതാവുമായ ദിനേശ് പണിക്കരും, സീരിയല്‍ നടനായ സുനില്‍ പാലക്കലും യോഗത്തില്‍ അഥിതികളായിരുന്നു. അക്കാദമിയിലെ കുട്ടികളെ ഭാഗികമായും മുഴുവനായും സ്‌പോണ്‍സര്‍ ചെയ്തും തങ്ങളാലാകുന്ന സംഭാവന നല്‍കിയും മുതുകാടിന്റെ ഈ സംരംഭത്തെ സഹായിക്കണം എന്ന് സന്മനസ്സുള്ളവര്‍ക്ക് ഫൊക്കാനാ ഭാരവാഹികളായ പോള്‍ കറുകപ്പള്ളിയെയോ (845 553 5671) ഫൊക്കാന ട്രെഷറര്‍ ബിജു കൊട്ടാരക്കരയെയോ (516 445 1873) ബന്ധപ്പെടാവുന്നതാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments