Sunday, December 22, 2024

HomeAmericaകൈവെട്ടു കേസിൽ മൂന്ന്പ്രതികൾക്ക് ജീവപര്യന്തം

കൈവെട്ടു കേസിൽ മൂന്ന്
പ്രതികൾക്ക് ജീവപര്യന്തം

spot_img
spot_img

കൊച്ചി: തൊടുപുഴ ന്യൂമാൻ കോളേജ് അദ്ധ്യാപകനായിരുന്ന പ്രൊഫ. ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ രണ്ടാംഘട്ട വിധി പ്രഖ്യാപിച്ചു. കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളിൽ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്. രണ്ട് പ്രതികൾക്ക് മൂന്ന് വർഷംവീതും തടവുശിക്ഷ വിധിച്ചു.

രണ്ടാംപ്രതി മൂവാറ്റുപുഴ രണ്ടാർക്കര തോട്ടത്തിക്കുടി വീട്ടിൽ സജിൽ (36), മൂന്നാംപ്രതി ആലുവ കുഞ്ഞുണ്ണിക്കര മരക്കാട്ടു വീട്ടിൽ എം കെ നാസർ (48), അഞ്ചാംപ്രതി ആലുവ കടുങ്ങല്ലൂർ ഉളിയന്നൂർ കരിമ്പേരപ്പടി വീട്ടിൽ കെ എ നജീബ് (42), എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. പതിനൊന്നാംപ്രതി ആലുവ കടുങ്ങല്ലൂർ കുഞ്ഞുണ്ണിക്കര പുളിയത്ത് വീട്ടിൽ പി പി മൊയ്തീൻകുഞ്ഞ് (60), പന്ത്രണ്ടാംപ്രതി ആലുവ വെസ്റ്റ് തായിക്കാട്ടുകര പണിക്കരു വീട്ടിൽ പി എം ആയൂബ് (48) എന്നിവർക്ക് മൂന്ന് വർഷം വീതം ശിക്ഷയും നൽകി.

എൻഐഎ കോടതി ജഡ്ജി അനിൽ കെ ഭാസ്‌കറാണ് കേസിലെ വിധി പ്രഖ്യാപിച്ചത. കേസിലെ നാലാംപ്രതി ഷഫീഖ്, ആറാംപ്രതി അസീസ് ഓടയ്ക്കാലി, ഏഴാംപ്രതി മുഹമ്മദ് റാഫി, എട്ടാംപ്രതി സുബൈർ, പത്താംപ്രതി മൻസൂർ എന്നിവരെ വെറുതെവിട്ടിരുന്നു. കേസിൽ ഇവരുടെ പങ്കാളിത്തം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി പറഞ്ഞു. പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.

നേരത്തെ കേസിൽ ആദ്യഘട്ട വിചാരണ പൂർത്തിയാക്കി കൊച്ചി എൻഐഎ കോടതി 2015 ഏപ്രിൽ 30ന് വിധിപറഞ്ഞിരുന്നു. 31 പ്രതികളിൽ 13 പേരെ ശിക്ഷിച്ചു. 18 പേരെ വിട്ടയച്ചു. ഇതിനുശേഷം പിടികൂടിയ 11 പേരുടെ വിചാരണയാണ് ഇപ്പോൾ പൂർത്തിയായത്. ഒന്നാംപ്രതി പെരുമ്പാവൂർ അശമന്നൂർ നൂലേലി മുണ്ടശ്ശേരി വീട്ടിൽ സവാദ് (33) ഇപ്പോഴും ഒളിവിലാണ്. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് എൻഐഎ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

2010 ജൂലൈ നാലിനാണ് പ്രൊഫ. ടി ജെ ജോസഫിന്റെ കൈ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ വെട്ടിയത്. കോളേജിലെ രണ്ടാംസെമസ്റ്റർ ബികോം മലയാളം ഇന്റേണൽ പരീക്ഷയുടെ ചോദ്യക്കടലാസിൽ പ്രവാചകനെ അവഹേളിക്കുന്നരീതിയിലുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം.

കൈവെട്ടു കേസ് വിധിയിൽ ശിക്ഷ സംബന്ധിച്ച ഏറ്റക്കുറച്ചിലുകൾ പറയാൻ താൻ ആളല്ലെന്ന് ഇരയായ റിട്ട. പ്രൊഫസർ ടി.ജെ. ജോസഫ്. സാക്ഷി പറയുക എന്നതായിരുന്നു തന്റെ ഉത്തരവാദിത്വം. അത് നിർവഹിച്ചു. പ്രതികൾക്ക് ഏതു ശിക്ഷ കിട്ടിയാലും തന്നെ ബാധിക്കുന്ന കാര്യമല്ല. വിധിയിൽ പ്രത്യേകിച്ച് ഭാവഭേദങ്ങളൊന്നുമില്ലെന്നും ടി.ജെ. ജോസഫ് പറഞ്ഞു.

ചിലയാളുകളുടെ പ്രാകൃതമായ വിശ്വാസസംഹിതയുടെ പേരിൽ താൻ ആക്രമിക്കപ്പെട്ടു. അതിന്റെ പേരിൽ തനിക്ക് ലഭിക്കാനുള്ള വേദനകളും ദുരിതങ്ങളുമൊക്കെ ലഭിച്ചുകഴിഞ്ഞു. അതേ ചുറ്റിപ്പറ്റി ഇനി ആരെയെങ്കിലും ശിക്ഷിക്കുകയോ മറ്റു രീതിയിൽ കഷ്ടപ്പെടുത്തുകയോ ചെയ്യുന്നതിൽ തനിക്ക് താത്പര്യമില്ല. എല്ലാ മനുഷ്യരും നല്ലവരായിട്ടും സുഖമായിട്ടും ജീവിക്കാനുള്ള ഒരു ഭൂമിയാണിത്.

അങ്ങനെയുള്ള ഭൂമിയിൽ പ്രാചീനമായ വിശ്വാസസംഹിതകളൊക്കെ ഏറ്റുപാടിക്കൊണ്ട് ഒരു വിഭാഗം നടന്നതിന്റെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളുമാണ് ഞാനടക്കം ഇപ്പോൾ അനുഭവിക്കുന്നത്. അത്തരം അന്ധവിശ്വാസങ്ങളൊക്കെ മാറിയുള്ള ഒരു ലോകമാണുണ്ടാവേണ്ടത്. ശാസ്ത്രാവബോധം ഉൾക്കൊണ്ട് മാനവികതയിൽ പുലരുന്ന വിശ്വപൗരന്മാരായി മനുഷ്യരെല്ലാം മാറുന്ന ഒരു ലോകം. സമത്വ സുന്ദരവും ജാതീയ വിഭാഗീയതകളില്ലാത്തതുമായ, എല്ലാ മനുഷ്യരും ഒന്നാകുന്ന ഒരാധുനിയ യുഗം ഉണ്ടാവുക എന്നതാണ് തന്റെ സ്വപ്നം. പരസ്പരം കൊല്ലുകയും പ്രതികാര നടപടികളിലൂടെ മനസ്സിനെ രസിപ്പിക്കുകയും ചെയ്യുന്ന മനോഭാവത്തിൽനിന്നെല്ലാം മാറിച്ചിന്തിക്കാൻ തുടങ്ങി. മറ്റുള്ളവരുടെ സന്തോഷവും ദുഃഖവുമെല്ലാം നമ്മുടേതുകൂടിയാവുന്ന ഒരു മനോഭാവമാണ് തനിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.

തങ്ങൾ നല്ലതെന്തോ പ്രവൃത്തി ചെയ്‌തെന്ന് പ്രതികൾ ഇപ്പോഴും വിശ്വസിക്കുന്നുണ്ടാവാം. ആ തരത്തിലാണ് അവരുടെ വിശ്വാസപ്രമാണങ്ങൾ അവരെ നയിക്കുന്നത്. അത്തരം അബദ്ധജടിലമായ വിശ്വാസപ്രമാണങ്ങളാണ് ഭൂമുഖത്തുനിന്ന് തുടച്ചുനീക്കേണ്ടത്. ലോകത്തുനിന്ന് മതങ്ങളുടേതായ പ്രാചീന വിശ്വാസപ്രമാണങ്ങളെല്ലാം നീങ്ങി ഒരാധുനിക ലോകം സൃഷ്ടിക്കണം. അതിന് നാമാദ്യം ആധുനിക പൗരന്മാരാവണം. നമ്മുടെ വാക്കും പ്രവൃത്തിയും അതിനാവട്ടെ. രാജ്യത്ത് പൗരന് സ്വതന്ത്രമായി വിഹരിക്കാൻ പറ്റില്ല എന്നതിന്റെ തെളിവാണ് തനിക്ക് ഇപ്പോഴുമുള്ള പോലീസ് സുരക്ഷ. തനിക്ക് നഷ്ടപരിഹാരം തരേണ്ടതിന്റെ ഉത്തരവാദിത്വം സർക്കാരിനുണ്ട്. അത് പ്രതികളിൽനിന്ന് സ്വരൂപിച്ചതാണെങ്കിലും സ്വീകരിക്കും. ആക്രമിച്ചവരോട് ഉള്ളതിനെക്കാളേറെ വേദനയുണ്ടാക്കിയത് അന്ന് തന്നെ പിരിച്ചുവിട്ടവരോടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

പ്രതികൾക്കു നൽകിയ ശിക്ഷ കൂടിയോ കുറഞ്ഞോ എന്നതെല്ലാം ചർച്ച ചെയ്യേണ്ടത് നിയമപണ്ഡിതന്മാരാണ്. വിധിയറിഞ്ഞതിൽ പ്രത്യേകിച്ച് വികാരഭേദങ്ങളൊന്നുമില്ല. ഈ ശിക്ഷാവിധിയോടെ ഇവിടെ തീവ്രവാദം കുറയുമോ കൂടുമോ എന്നതിലൊന്നും അഭിപ്രായം പറയുന്നില്ല. അതെല്ലാം രാഷ്ട്രീയ നിരീക്ഷകർക്ക് വിടുന്നു. മുഖ്യപ്രതി ഇപ്പോഴും പിടിയിലാവാത്തത് അന്വേഷണോദ്യോഗസ്ഥരുടെ പരാജയമോ അല്ലെങ്കിൽ പ്രതിയുടെ സാമർഥ്യമോ കൊണ്ടാകാം. അല്ലെങ്കിൽ പ്രതിയെ സംരക്ഷിക്കുന്നവർ വലിയ സാമർഥ്യമുള്ളവരുമാവാമെന്നും അദ്ദേഹം പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments