ജോഷി വള്ളിക്കളം
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ പ്രത്യേക പൊതുയോഗം അസോസിയേഷന്‍ പ്രസിഡന്റ് ജോഷി വള്ളിക്കളത്തിന്റെ അദ്ധ്യക്ഷതയില്‍ ജൂലൈ 18-ന് സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ വച്ച് കൂടുകയുണ്ടായി. തിരഞ്ഞെടുപ്പു സംബന്ധിച്ച് ഭരണഘടനാ നിയമാവലിയില്‍ ലംഘനമുണ്ടായി എന്ന ഹര്‍ജി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക പൊതുയോഗം വിളിച്ചു കൂട്ടിയത്.
മൗന പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ കേരളത്തിന്റെ മുന്‍മുഖ്യമന്ത്രിയും സമുന്നതനായ നേതാവും രാഷ്ട്രീയ ഭേദമില്ലാതെ കേരളത്തിലെ എല്ലാ ജനങ്ങളെയും ഒരു പോലെ സ്‌നേഹിച്ചിരുന്നതുമായ പ്രിയപ്പെട്ട ശ്രീ.ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. തുടര്‍ന്ന് സ്‌പെഷ്യല്‍ ജനറല്‍ ബോഡിയുടെ പ്രത്യേകത പ്രസിഡന്റ് വിശദീകരിക്കുകയുണ്ടായി. ഭരണഘടനാ നിയമാവലി അനുസരിച്ച്, പ്രത്യേക പൊതുയോഗം കൂടുമ്പോള്‍ അതിനായി ഹര്‍ജിയില്‍ ഒപ്പിട്ടിരിക്കുന്ന 68 അംഗങ്ങളുടെ 80 ശതമാനമായ 54 അംഗങ്ങളും അസോസിയേഷന്റെ ഇപ്പോള്‍ ആകെയുള്ള 2481 അംഗങ്ങളുടെ 35 ശതമാനമായ 868 അംഗങങളും യോഗത്തില്‍ സന്നിഹിതരായിരിക്കേണ്ടതാണ്.
എങ്കില്‍ മാത്രമേ പ്രത്യേക പൊതുയോഗത്തിനായി ഭരണഘടന അനുശാസിക്കുന്ന കോറം തികയുകയുള്ളൂ. എന്നാല്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നവരില്‍ നിയമാവലി അനുസരിച്ച് 80 ശതമാനം പരിശോധിക്കുന്നതിന് യോഗം തടസ്സപ്പെടുത്തുകയുണ്ടായി. എന്നാല്‍ ആകെയുള്ള അംഗങ്ങളില്‍ 35 ശതമാനമായ 868 അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുക്കേണ്ടിടത്ത് വെറും 92 അംഗങ്ങള്‍ മാത്രമേ യോഗത്തില്‍ പങ്കെടുത്തിരുന്നുള്ളൂ. ആകെയാല്‍ ഭരണഘടന അനുസരിച്ച് യോഗം നടത്തുന്നതിന് സാധിക്കുകയില്ല എന്ന് പ്രസിഡന്റ് വിശദീകരിക്കുകയും അതു സംബന്ധിച്ച് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്ന വിഷയം ചര്‍ച്ചയ്‌ക്കെടുക്കുന്നതിന് സാധിക്കാത്തതിനാല്‍ ‘Meeting adjurned and subject closed’ എന്ന് യോഗത്തെ അറിയിക്കുകയും ചെയ്തു.
എന്നാല്‍ സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ യോഗം അതേ സ്ഥലത്തു തന്നെ തുടര്‍ന്നതായി ചില മാധ്യമങ്ങളില്‍ നിന്ന് അറിയിക്കുകയുണ്ടായി. എന്നാല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടക്കുന്ന മീറ്റിംഗിന് നിയമ സാധുത ഇല്ലാത്തതും സെക്രട്ടറി നിയമ വിരുദ്ധ നടപടികള്‍ക്ക് വിധേയവുമാണ്.