വാഷിങ്ടണ്‍: ലോകത്തെ അതിസമ്പന്നരുടെ പട്ടികയില്‍ പത്താമനാണ് വാറന്‍ ബഫറ്റ്. യു.എസ് സംസ്ഥാനമായ നെബ്രാസ്‌കയിലെ ഒമാഹയില്‍നിന്ന് ടെക്‌സ്റ്റൈല്‍ വ്യവസായവുമായി തുടങ്ങി വലിയൊരു ബിസിനസ് സാമ്രാജ്യമായി മാറിയ ബെര്‍ക്ഷയര്‍ ഹാത്ത്‌വേയുടെ അധിപനാണ് അദ്ദേഹം. 133.3 ബില്യന്‍ യു.എസ് ഡോളര്‍(ഏകദേശം 11 ലക്ഷം കോടി രൂപ) ആണ് വാറന്‍ ബഫറ്റിന്റെ ഇപ്പോഴത്തെ ആസ്തി. മരണശേഷം തന്റെ സമ്പത്തിന്റെയും ബിസിനസ് സാമ്രാജ്യത്തിന്റെയും അവകാശികള്‍ ആരാണെന്നു പ്രഖ്യാപിച്ചിരിക്കുകയാണിപ്പോള്‍ ബഫറ്റ്. നേരത്തെ ഗേറ്റ്സ് ഫൗണ്ടേഷന് സമ്പത്തില്‍ അവകാശമെഴുതിയിരുന്ന വില്‍പത്രം തിരുത്തിയെന്നാണു പുതിയ വെളിപ്പെടുത്തല്‍.
നിക്ഷേപരംഗം പിടിച്ചടക്കിയ ബഫറ്റിനെ ഒറാക്കിള്‍ ഓഫ് ഒമാഹ, അഥവാ ഒമാഹയുടെ ദീര്‍ഘദര്‍ശി എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിശേഷിപ്പിക്കാറുള്ളത്. പണം വാരിക്കൂട്ടി സാമ്രാജ്യം വികസിപ്പിക്കുന്ന പതിവ് കോടീശ്വരന്മാരില്‍നിന്നു പലതും കൊണ്ടും വ്യത്യസ്തനാണ് ബഫറ്റ്. സമ്പത്തിന്റെ വലിയൊരു ഭാഗവും ആഗോളതലത്തില്‍ മനുഷ്യരുടെയും ജീവജാലങ്ങളുടെയും കണ്ണീരൊപ്പാനും സേവന, സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി അദ്ദേഹം ചെലവഴിക്കുന്നുവെന്നതാണ് അതില്‍ പ്രധാനം. ലോകത്തെ പ്രമുഖമായ ജീവകാരുണ്യ സ്ഥാപനങ്ങള്‍ക്കും ട്രസ്റ്റുകള്‍ക്കും ശതകോടികളാണ് അദ്ദേഹം നല്‍കിവരുന്നത്. അതിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് അതിസമ്പന്നരുടെ പട്ടികയില്‍ എട്ടാമതുള്ള ബില്‍ ഗേറ്റ്‌സ് ആണ്.
ബില്‍ ഗേറ്റ്‌സും മുന്‍ ഭാര്യ മെലിന്‍ഡയും ചേര്‍ന്നുള്ള ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ് ഫൗണ്ടേഷനാണു സമ്പാദ്യത്തിന്റെ വലിയൊരു ഭാഗം തന്നെ ബഫറ്റ് സംഭാവനയായി നല്‍കുന്നത്. മരണശേഷം തന്റെ സമ്പത്തിന്റെ 99 ശതമാനവും ഫൗണ്ടേഷനും മക്കള്‍ ഉള്‍പ്പെടെ നടത്തുന്ന നാല് ജീവകാരുണ്യ സംരംഭങ്ങള്‍ക്കും നല്‍കുമെന്നും അദ്ദേഹം വില്‍പത്രത്തില്‍ എഴുതിവച്ചിരുന്നു. സൂസന്‍ തോംപ്‌സന്‍ ബഫറ്റ് ഫൗണ്ടേഷന്‍, ഷേര്‍വുഡ് ഫൗണ്ടേഷന്‍, ഹൊവാര്‍ഡ് ജി. ബഫറ്റ് ഫൗണ്ടേഷന്‍, നോവോ ഫൗണ്ടേഷന്‍ എന്നിവയാണ് മറ്റു ചാരിറ്റി സംരംഭങ്ങള്‍. ഇവയ്‌ക്കെല്ലാമായി കഴിഞ്ഞ വര്‍ഷം മാത്രം 5.3 ബില്യന്‍ ഡോളര്‍(ഏകദേശം 44,000 കോടി രൂപ) ബഫറ്റ് സംഭാവന ചെയ്തിട്ടുണ്ടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം, ജീവിതകാലത്ത് ഗേറ്റ്‌സ് ഫൗണ്ടേഷനു നല്‍കുന്ന സംഭാവനകള്‍ തുടരും. അടുത്തിടെ ബെര്‍ക്ഷയര്‍ ഹാത്ത്‌വേ 9,000ത്തോളം ക്ലാസ് എ ഓഹരികള്‍ 13 മില്യന്‍ ക്ലാസ് ബി ഓഹരികളിലേക്കു മാറ്റിയിരുന്നു. ഇതില്‍ 9.3 മില്യനും ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷനാണു നല്‍കുന്നത്. ബാക്കിയാണു മക്കളുടെ ജീവകാരുണ്യ സംരംഭങ്ങള്‍ക്കു നല്‍കുന്നത്. കഴിഞ്ഞ 18 വര്‍ഷമായി ബഫറ്റിന്റെ ഉദാരമായ സംഭാവന തങ്ങള്‍ക്കു ലഭിക്കുന്നുണ്ടെന്നും അതിന് ഏറെ കടപ്പാടുണ്ടെന്നാണു പുതിയ വാര്‍ത്തകളോട് പ്രതികരിച്ച് ഗേറ്റ്‌സ് ഫൗണ്ടേഷന്‍ സി.ഇ.ഒ മാര്‍ക് സൂസ്മാന്‍ പറഞ്ഞത്.