വാഷിംഗ്ടണ്‍ : ക്രിമിനല്‍ പ്രോസിക്യൂഷനില്‍ നിന്നും മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നിയമപരിരക്ഷ നല്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധി അപകടകരവും നിയമവാഴ്ച്ചയുടെ അടിത്തറ ഇളക്കുന്നതുമാണെന്ന ഗുരുതര ആരോപണവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോബൈഡന്‍. ഈ വിധി അമേരിക്കയ്ക്കു മുഴുവന്‍ ദ്രോഹം ചെയ്യുമെന്നാണ് ബൈഡന്റെ നിലപാട്. ട്രംപ് പ്രസിഡന്റ് പദവിയുടെ അധികാരം ഉപയോഗിച്ച് നടത്തിയ പ്രവൃത്തികള്‍ക്ക് ഭരണഘടന പരിരക്ഷയുണ്ടെന്നാണ് ഭൂരിപക്ഷ കോടതി വിധി. ഈ വിഷയം വീണ്ടും വിചാരണ ചെയ്യാന്‍ കീഴ് കോടതിക്ക് കൈമാറിയിരിക്കുകയാണ് സുപ്രീംകോടതി. പക്ഷേ ഈ
വിചാരണ നവംബറില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞേ ആരംഭിക്കുകയുള്ളു.എന്നാല്‍ കോടതി വിധി ജനാധിപത്യത്തിന്റെ വിജയമായാണ് ട്രംപ് അഭിപ്രായപ്പെട്ടത്.
ട്രംപിനെ സംബന്ധിച്ചിടത്തോളം ഈ വിധി നല്കുന്ന ആശ്വാസം ചില്ലറയല്ല. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്തില്‍ അദ്ദേഹം കമന്റ് ഇട്ടത് ”വലിയ വിജയം”. എല്ലാ മുന്‍ പ്രസിഡന്റുമാര്‍ക്കും ക്രിമിനല്‍ പ്രോസിക്യൂഷനില്‍ നിന്ന് ഭാഗികമായി നിയമ പരിരക്ഷ ഉണ്ടെന്ന് ഇതോടെ സുപ്രീം കോടതി വിധിച്ചു.
2020 ലെ തിരഞ്ഞെടുപ്പ് ഫലത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിക്കപ്പെടുന്ന ക്യാപിറ്റോള്‍ കലാപക്കേസില്‍ ട്രംപിന്റെ പെരുമാറ്റത്തിന്റെ ഏതൊക്കെ വശങ്ങള്‍ പ്രസക്തമാണെന്ന് ഒരു കീഴ് കോടതി ജഡ്ജി ഇനി തീരുമാനിക്കേണ്ടതുണ്ട്. 2021 ജനുവരി ആറിലെ
ട്വീറ്റുകളിലൂടെയും പരാമര്‍ശങ്ങളിലൂടെയും ട്രംപ് യുഎസ് കലാപത്തിന് പ്രേരിപ്പിച്ചുവെന്ന് ആരോപിക്കപ്പെടുന്നു. എന്നാല്‍ അന്നത്തെ അദ്ദേഹത്തിന്റെ പ്രസംഗവും സോഷ്യല്‍ മീഡിയ പ്രവര്‍ത്തനവും എല്ലാം ഔദ്യോഗിക പ്രവൃത്തികളാണെന്നു കോടതി പറഞ്ഞിരിക്കുകയാണ്. സുപ്രീം കോടതിയിലെ മൂന്ന് ലിബറല്‍ ജസ്റ്റിസുമാര്‍ ഈ തീരുമാനത്തോട് ശക്തമായി വിയോജിച്ചു. എന്നാല്‍
കോടതി വിധിയുടെ ഫലം ദൂരവ്യാപകമായിരിക്കുമെന്ന് ഡെമോക്രാറ്റിക് കോണ്‍ഗ്രസ് പ്രതിനിധി ജൂഡി ചു പറഞ്ഞു. ”ഇത് ഡൊണാള്‍ഡ് ട്രംപിന്റെ വിജയമാണ്. ഇത് അമേരിക്കയിലെ ജനാധിപത്യത്തിന് ഏറ്റ കനത്ത പ്രഹരമാണ്. ഈ തീരുമാനം ജനാധിപത്യത്തിന ഏറ്റ കനത്ത പ്രഹരമാണ്. ഈ തീരുമാനത്തിന്റെ പ്രത്യാഘാതങ്ങള്‍ വളരെ വലുതാണ്. അനുചിതവും കുറ്റകരവുമായ കാര്യങ്ങള്‍ പ്രസിഡന്റിന്റെ അധികാരം ഉപയോഗിച്ച് ഒരാള്‍ ചെയ്താല്‍ അയാള്‍ക്ക് നിയമ നടപടികളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാനാകുമെന്നും അവര്‍ പറഞ്ഞു.