മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് ക്രിമിനൽ പ്രോസിക്യൂഷനിൽ നിന്ന് നിയമപരിരക്ഷ നൽകുന്ന സുപ്രീം കോടതി വിധി അപകടകരം എന്ന് ജോ ബൈഡൻ.
ഈ വിധി നിയമവാഴ്ചയുടെ അടിത്തറ ഇളക്കുമെന്നും അമേരിക്കയ്ക്കു മുഴുവൻ ദ്രോഹം ചെയ്യുമെന്നും “ആരും നിയമത്തിന് അതീതരല്ല” എന്നും യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ ആരോപിച്ചു.
കോടതിയുടെ തീരുമാനത്തെ ജനാധിപത്യത്തിൻ്റെ വലിയ വിജയമായാണ് ട്രംപ് വിശേഷിപ്പിച്ചത്. ട്രംപ് പ്രസിഡൻ്റ് പദവിയുടെ അധികാരം ഉപയോഗിച്ച് നടത്തിയ പ്രവൃത്തികൾക്ക് ഭരണഘടന പരിരക്ഷയുണ്ടെന്നാണ് ഭൂരിപക്ഷ കോടതി വിധി. എന്നാൽ അനൗദ്യോഗിക പ്രവൃത്തികളിൽ ഈ പരിരക്ഷ ലഭിക്കില്ല. ഈ വിഷയം വീണ്ടും വിചാരണ ചെയ്യാൻ കീഴ് കോടതിക്ക് കൈമാറിയിരിക്കുകയാണ് സുപ്രീംകോടതി. എന്നായാലും ഈ വിചാരണ വനംബർ തെരഞ്ഞെടുപ്പ് കഴിഞ്ഞേ ആരംഭിക്കുകയുള്ളു.
ഡൊണാൾഡ് ട്രംപിന് വലിയ സമാശ്വാസവും ഉർജ്ജവും പ്രദാനം ചെയ്യുന്ന വിധിയാണിത് – തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്തിൽ അദ്ദേഹം കമൻ്റ് ഇട്ടത് പോലെ ഒരു “വലിയ വിജയം”. എല്ലാ മുൻ പ്രസിഡൻ്റുമാർക്കും ക്രിമിനൽ പ്രോസിക്യൂഷനിൽ നിന്ന് ഭാഗികമായ നിയമ പരിരക്ഷ ഉണ്ടെന്ന് ഇതോടെ സുപ്രീം കോടതി വിധിച്ചു.
2020 ലെ തിരഞ്ഞെടുപ്പ് ഫലത്തെ അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന് ആരോപിക്കപ്പെടുന്ന ക്യാപിറ്റോൾ കലാപക്കേസിൽ ട്രംപിൻ്റെ പെരുമാറ്റത്തിൻ്റെ ഏതൊക്കെ വശങ്ങൾ പ്രസക്തമാണെന്ന് ഒരു കീഴ് കോടതി ജഡ്ജി ഇനി തീരുമാനിക്കേണ്ടതുണ്ട്.
2021 ജനുവരി 6 ലെ തൻ്റെ ട്വീറ്റുകളിലൂടെയും പരാമർശങ്ങളിലൂടെയും ട്രംപ് യുഎസ് കലാപത്തിന് പ്രേരിപ്പിച്ചുവെന്ന് ആരോപിക്കപ്പെടുന്നു. എന്നാൽ അന്നത്തെ അദ്ദേഹത്തിൻ്റെ പ്രസംഗവും സോഷ്യൽ മീഡിയ പ്രവർത്തനവും എല്ലാം ഔദ്യോഗിക പ്രവൃത്തികളാണെന്നു കോടതി പറഞ്ഞിരിക്കുകയാണ്.
സുപ്രീം കോടതിയിലെ മൂന്ന് ലിബറൽ ജസ്റ്റിസുമാർ ഈ തീരുമാനത്തോട് ശക്തമായി വിയോജിച്ചു. ജസ്റ്റിസ് സോണിയ സോട്ടോമേയർ പറഞ്ഞു: “പ്രസിഡൻ്റ് ഇപ്പോൾ ഭരണഘടനയ്ക്കും മുകളിലുള്ള രാജാവാണ്’
കോടതി വിധിയുടെ ഫലം ദൂരവ്യാപകമായിരിക്കുമെന്ന് ഡെമോക്രാറ്റിക് കോൺഗ്രസ് പ്രതിനിധി ജൂഡി ചു പറഞ്ഞു. “ഇത് ഡൊണാൾഡ് ട്രംപിൻ്റെ വിജയമാണ്, ഇത് അമേരിക്കയിലെ ജനാധിപത്യത്തിന് ഏറ്റ കനത്ത പ്രഹരമാണ്. ഈ തീരുമാനത്തിൻ്റെ പ്രത്യാഘാതങ്ങൾ വളരെ വലുതാണ്. അനുചിതവും കുറ്റകരവുമായ കാര്യങ്ങൾ പ്രസിഡൻ്റിൻ്റെ അധികാരം ഉപയോഗിച്ച് ഒരാൾ ചെയ്താൽ അയാൾക്ക് നിയമ നടപടികളിൽ നിന്ന് ഒഴിഞ്ഞുനിൽക്കാനാകും, ” അവർ പറഞ്ഞു.
ഡൊണാൾഡ് ട്രംപ് നേരിടുന്ന മറ്റ് ക്രിമിനൽ കേസുകൾക്കും ഈ വിധി ബാധകമായിരിക്കും. ഫ്ലോറിഡയിലെ അദ്ദേഹത്തിൻ്റെ വീട്ടിൽ നിന്ന് അതീവരഹസ്യമായ രേഖകൾ കണ്ടെത്തിയ കേസ്, തിരഞ്ഞെടുപ്പ് പരാജയം മറികടക്കാൻ ഗൂഢാലോചന നടത്തിയെന്ന ജോർജിയയിലെ കേസ് എന്നിവയ്ക്കും ഈ വിധി ബാധകമായിരിക്കും.