Friday, July 5, 2024

HomeAmericaഒരുമയുടെ മേളമൊരുക്കാൻ അരങ്ങൊരുക്കി ധ്വനി ഹാലിഫാക്സ്

ഒരുമയുടെ മേളമൊരുക്കാൻ അരങ്ങൊരുക്കി ധ്വനി ഹാലിഫാക്സ്

spot_img
spot_img

ഹാലിഫാക്സ്: മലയാളിയുടെ തനതു കലയായ ചെണ്ടമേളം ഹാലിഫാക്‌സിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഒരു കൂട്ടം കലാപ്രേമികൾ. വാദ്യകലാകാരനായ മാത്യു ബിച്ചു ബാബുവിന്റെ നേതൃത്വത്തിലാണ് ചെണ്ടമേളം അരങ്ങേറുന്നത്. മുട്ടിക്കോലിൽ പരിശീലനം തുടങ്ങി നാട്ടിൽ നിന്നും ചെണ്ടകൾ എത്തിച്ചു മികവുറ്റ രീതിയിലാണ് ചെണ്ടമേളം അരങ്ങേറുന്നത്. ഇടന്തലയും വലന്തലയും ഇലത്താളവും ഇനി നോവ സ്കോഷ്യയുടെ ആഘോഷങ്ങൾക്ക് അകമ്പടി സേവിക്കും.

ഈ വരുന്ന ജൂലൈ 13നു ഡാർട്ട്മൗത്തിലെ ഇക്കോളെ ദു കാരെഫോർ ആഡിറ്റോറിയത്തിൽ പ്രൗഢഗംഭീരമായി കേരളീയം 2024 എന്ന ചടങ്ങിലാണ് ചെണ്ട മേളം അരങ്ങേറുന്നത്. പരിപാടിക്കുള്ള ടിക്കറ്റുകൾ വളരെ വേഗം വിറ്റഴിഞ്ഞു എന്നത് മലയാളികൾ ഈ സംരംഭത്തെ ആവേശപൂർവം നെഞ്ചേറ്റിയതിനു തെളിവായി.

ചെണ്ടമേളം മാത്രമല്ല കേരളത്തിന്റെ തനതു കലാരൂപങ്ങൾ ഒത്തിണക്കിയ ഒരു കലാസന്ധ്യയാണ് ധ്വനി വിഭാവനം ചെയ്യുന്നത്. ഒപ്പനയും മാർഗം കളിയും മോഹിനിയാട്ടവും തിരുവാതിരക്കളിയും വയലിൻ-ചെണ്ട ഫ്യൂഷനും ഒത്തിണങ്ങുന്ന മനോഹരമായ ഒരു സന്ധ്യ. നോവ സ്കോഷ്യയിൽ ആദ്യമായാണ് ചെണ്ടമേളം അരങ്ങേറുന്നത് എന്നത് ഈ ചടങ്ങിന്റെ പകിട്ട് ഇരട്ടിയാക്കുന്നു.

കുടിയേറ്റ വൈവിധ്യത്താൽ സംസ്കാരസമ്പുഷ്ടമായ നോവ സ്കോഷ്യയിൽ നടത്തപ്പെടുന്ന നോവ മൾട്ടി ഫെസ്റ്റ് എന്ന ആഘോഷത്തിൽ പങ്കെടുക്കാൻ ഇതിനോടകം തന്നെ ധ്വനിയ്ക്ക് ക്ഷണം ലഭിച്ചു കഴിഞ്ഞു. മലയാളിയുടെ വൈവിധ്യമാർന്ന കലാസംസ്‌കാരം പ്രദർശിപ്പിക്കാനും അംഗീകാരം നേടാനും ഇതിലൂടെ സാധിക്കും എന്ന് നമുക്ക് പ്രത്യാശിക്കാം. ഒപ്പം തന്നെ ഉപജീവനാർത്ഥം കടൽ കടക്കേണ്ടി വന്ന ഒരു കൂട്ടം കലാകാരന്മാരുടെ ആശയാഭിലാഷങ്ങൾക്ക് ജീവനേകാനും അവരുടെ കലാഭിരുചികൾ പൊടി തട്ടിയെടുക്കാനും ഇത്തരം സംരംഭങ്ങൾ തീർച്ചയായും ഉതകും എന്നത് നിസ്തർക്കമാണ്.

വാർത്ത: ഗോപകുമാർ

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments