-ഉമ്മൻ കാപ്പിൽ / ജോർജ് തുമ്പയിൽ
ലങ്കാസ്റ്റർ (പെൻസിൽവേനിയ) – വിൻധം റിസോർട്ട്
ആത്മശുദ്ധീകരണത്തിന്റെ സാക്ഷാത്കാരത്തിനും തലമുറകളുടെ അചഞ്ചല വിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്നതിനുമായി ലങ്കാസ്റ്റർ വിൻധം റിസോർട്ട് ഒരുങ്ങി. മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന് തിരി തെളിയുന്നതോടെ ധ്യാന സംഗമത്തിന്റെ നവ്യാനുഭവത്തിനാണ് വേദിയാവുക. ഭദ്രാസന അധ്യക്ഷൻ സഖറിയാ മാർ നിക്കോളോവോസ് മെത്രാപ്പോലീത്തയുടെ ആത്മീയമായ നേതൃത്വത്തിലും ഭദ്രാസന കൗൺസിലിന്റെ ആഭിമുഖ്യത്തിലും, വിവിധ കമ്മിറ്റികൾ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് കോൺഫറൻസ് ഏറ്റവും സജീവമാക്കുവാൻ യത്നിച്ചുവരുന്നു.
സൺഡേ സ്കൂൾ ഡയറക്ടർ ജനറലും പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്‌സ് വികാരിയുമായ ഫാ. ഡോ . വർഗീസ് വർഗീസ് (മീനടം) മുഖ്യ പ്രഭാഷണം നടത്തും. ഗ്രീക്ക് ഓർത്തഡോക്‌സ് സഭയുടെ ഫാ. സെറാഫിം മജ്മുദാറും, സൗത്ത് വെസ്റ്റ് ഭദ്രാസന വൈദികൻ ഫാ. ജോയൽ മാത്യുവും യുവജന സെഷനുകൾക്ക് നേതൃത്വം നൽകും. ”ദൈവിക ആരോഹണത്തിന്റെ ഗോവണി ” എന്ന വിഷയത്തിലൂന്നി “‘ഭൂമിയിലുള്ള കാര്യങ്ങളിലല്ല , മുകളിലുള്ള കാര്യങ്ങളിൽ നിങ്ങളുടെ മനസ് സ്ഥാപിക്കുക” (കൊലോസ്യർ 3:2) എന്ന വചനത്തെ ആസ്പദമാക്കിയാണ് കോൺഫറൻസിലെ ചിന്താവിഷയം.
ബൈബിൾ, വിശ്വാസം, സമകാലിക വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും, യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേക സംവേദനാല്മക സെഷനുകളും ഉണ്ടായിരിക്കും. സൺഡേ സ്കൂൾ കുട്ടികൾക്കും കോളജ് വിദ്യാർത്ഥികൾക്കും ഫോക്കസ് അംഗങ്ങൾക്കും വേറിട്ട പാഠ്യ പദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്. കൗൺസിലിംഗിനും അവസരം ഉണ്ടായിരിക്കും. സഭാചരിത്രം, സഭയുടെ നിലപാടുകൾ തുടങ്ങിയവയെപ്പറ്റിയുള്ള ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കും. പങ്കെടുക്കുന്നവർക്ക് ആത്മീയ ഉണർവും പ്രചോദനവും നൽകുവാൻ ഗായക സംഘവും രൂപീകൃതമായിട്ടുണ്ട് . മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സുറിയാനി ഭാഷകളിൽ ഗാനങ്ങളും ചിട്ടപ്പെടുത്തിയിട്ടുണ്ട്.
സ്പോർട്സ് / ഗെയിംസ് പരിപാടികൾ , കലാ പരിപാടികൾ, കലാ സന്ധ്യ എന്നിവയും ഒരുക്കിയിട്ടുണ്ട് . ചാപ്ലെയിൻ സേവനങ്ങളും ലഭ്യമാണ് . മെഡിക്കൽ രംഗത്തെ വിദഗ്ധരും രംഗത്തുണ്ട്.
റവ .ഫാ.അബു വർഗീസ് പീറ്റർ (കോ ഓർഡിനേറ്റർ), ചെറിയാൻ പെരുമാൾ (ജനറൽ സെക്രട്ടറി), മാത്യു ജോഷ്വ (ട്രഷറർ ), ദീപ്തി മാത്യുസ് (സുവനീർ ചീഫ് എഡിറ്റർ ), ജോൺ താമരവേലിൽ (ഫിനാൻസ് കോ ഓർഡിനേറ്റർ ), ഷോൺ എബ്രഹാം (അസി . ട്രഷറർ ), ഷിബു തരകൻ (അസി .സെക്രട്ടറി ), മാത്യുസ് വർഗീസ് (റാഫിൾ കോ ഓർഡിനേറ്റർ )എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയും അക്ഷീണം പ്രവർത്തിക്കുന്നു. വർണാഭമായ ഘോഷയാത്രയെ തുടർന്ന് സന്ധ്യാ നമസ്കാരം , തുടർന്ന് ഉദ്ഘാടന സമ്മേളനം.