Sunday, December 22, 2024

HomeAmericaസാംസ്‌കാരിക മലയാളി ഉണരണം

സാംസ്‌കാരിക മലയാളി ഉണരണം

spot_img
spot_img

സിബി ഡേവിഡ് ന്യൂ യോര്‍ക്ക്

മേരിക്കന്‍ മലയാളികളുടെ സംയുക്ത സാംസ്‌കാരിക കൂട്ടായ്മകളായ ഫൊക്കാനയും ഫോമയും രണ്ടായിരത്തിയിരുപത്തിനാലിലെ കണ്‍വെന്‍ഷനുകള്‍ ജൂലൈ ഓഗസ്റ്റ് മാസങ്ങളിലായി നടത്തപ്പെടുന്ന പശ്ചാത്തലത്തില്‍ തകൃതിയായി നടക്കുന്ന പ്രചരണ കോലാഹലങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ നിറഞ്ഞു കവിയുന്നു. പൊതുതാല്പര്യങ്ങള്‍ മാത്രം ലക്ഷ്യമാക്കി ഈ സാഹചര്യങ്ങള്‍ നിരീക്ഷിക്കുമ്പോള്‍, ഈ കണ്‍വെന്‍ഷനുകളുടെ പ്രധാന ഹൈലൈറ്റ് അടുത്ത ടേമിലേക്കുള്ള തിരഞ്ഞെടുപ്പ് മാത്രമാണോയെന്ന് സംശയം തോന്നും.

മറ്റേതൊരു കുടിയേറ്റ സമൂഹത്തെയും പോലെ രണ്ടു ഭിന്ന സംസ്‌കാരങ്ങളില്‍ ജീവിക്കേണ്ടി വരുന്ന സ്ഥിതിയും അമേരിക്കന്‍ മലയാളിക്കുണ്ട്. മലയാളി സംഘടനകളില്‍ കാണിക്കുന്ന ഉത്സാഹത്തെക്കാളേറെ മുഖ്യധാരാ അമേരിക്കന്‍ രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളില്‍ അല്ലെ കുടിയേറ്റ സമൂഹം എന്ന നിലയില്‍ നമ്മള്‍ പ്രവര്‍ത്തിക്കേണ്ടത് 7 അമേരിക്കയില്‍ സാഹചര്യങ്ങള്‍ മാറുകയാണ്. പത്തു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചിന്തിക്കാന്‍ കഴിയാത്ത തരത്തില്‍ അമേരിക്കന്‍ രാഷ്ട്രീയ രംഗം മാറിക്കഴിഞ്ഞിരിക്കുന്നു.

അനധികൃത കുടിയേറ്റം പോലുള്ള വിഷയങ്ങള്‍ ഉള്‍പ്പടെ സാധാരണക്കാരനെപ്പോലും ബാധിക്കുന്ന വിഷയങ്ങള്‍ ഇന്ന് സര്‍വ്വ തലങ്ങളിലും സംസാരമായിക്കഴിഞ്ഞിരിക്കുന്നു. മൂന്നും നാലും തലമുറയായിക്കഴിഞ്ഞ മലയാളിക്കുടുംബങ്ങള്‍ ഇപ്പോഴും പള്ളി, ജോലി, പരദൂഷണം എന്നീ മൂന്നോ നാലോ കാര്യങ്ങളില്‍ അഭിരമിക്കുകയാണ്. ഭദ്രമായ ഒരു ജോലി എന്നതിനപ്പുറത്തേക്ക് ഇപ്പോഴും ചിന്തിക്കാന്‍ നമ്മുടെ മനസ്സ് പാകമായിട്ടില്ല. അമേരിക്കന്‍ ദേശീയതലത്തില്‍ വിപ്ലവാത്മകമായ മാറ്റങ്ങളുടെ അലകള്‍ ഉയര്‍ന്നുകഴിഞ്ഞു. അവിടവിടങ്ങളിലായി രാഷ്ട്രീയരംഗത്ത് നിരവധി ഭാരതീയരും അതില്‍ത്തന്നെ ചുരുക്കം മലയാളികളും രംഗപ്രവേശം ചെയ്തുകഴിഞ്ഞു.

അമേരിക്കന്‍ മുഖ്യധാരാരഷ്ട്രീയത്തിലേക്കും സാമൂഹ്യ പ്രവര്‍ത്തനങ്ങളിലേക്കും കൈപിടിച്ചുയര്‍ത്തേണ്ട ചുമതലകൂടി ഈ സാംസ്‌കാരിക സംഘടനകള്‍ക്കുണ്ട്. സത്യസന്ധമായി പറയട്ടെ വ്യക്തിപരമായ ഒരു അവലോകനം ചെയ്യാതെ ഒരു പാനലിന്റെ പേരില്‍ ആളുകളെ ഉത്തരവാദിത്വപ്പെട്ട സംഘടനാപദവികളില്‍ തിരഞ്ഞെടുത്താല്‍ പൊതുസമൂഹത്തില്‍ പ്രേത്യകിച്ചു് ഒരു ഗുണവും ഉണ്ടാകില്ല. മാത്രമല്ല അത് ദോഷവും വരുത്തി വയ്ക്കും. അമേരിക്കന്‍ മലയാളികളുടെ സംഘടനാപ്രവര്‍ത്തനമെന്നാല്‍ സര്‍ക്കാരുദ്യോഗം പോലെയോ മറ്റു സേവന സ്ഥാപനങ്ങള്‍ പോലെയോ അധികാരമോ പ്രസക്തിയോ ഇല്ല. പ്രധാനമായും സാമൂഹ്യ- സാംസ്‌കാരിക ഇടപെടലുകള്‍ മാത്രമാണ്.

ഓരോ പാനലും തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ ആഹ്വനം ചെയ്തുകൊണ്ട് പ്രചാരണം നടത്തുമ്പോള്‍ പറയാതെ പറയുന്ന ഒരു സംഗതിയുണ്ട്. സ്ഥാനാര്‍ത്ഥിയുടെ പൂര്‍വ്വകാല പ്രവര്‍ത്തി പരിചയമോ, പരിചയം ഇല്ലായ്മയോ നിങ്ങള്‍ കാര്യമാക്കണ്ട, ഞങ്ങളുടെ ടീമിലായതുകൊണ്ട് നിങ്ങള്‍ അവരെ കണ്ണുമടച്ച് വിശ്വസിച്ച് വിജയിപ്പിക്കണം’ എന്ന്. ഒരാള്‍ ഉത്തരവാദിത്വപ്പെട്ട ഒരു സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് പറഞ്ഞു പിന്തുണ ആവശ്യപ്പെടുമ്പോള്‍, അയാള്‍ അതിന് യോഗ്യനാണോ എന്ന് പരിശോധിക്കാന്‍ വോട്ട് ചെയ്യുന്നയാള്‍ക്ക് അവകാശമുണ്ട്. അഥവാ ഉത്തരവാദിത്വമുണ്ട്. ന്യായമായും സ്വാതന്ത്രബുദ്ധിയില്‍ ചിന്തിക്കുന്നയൊരാളുടെ മനസ്സില്‍ കുറെ ചോദ്യങ്ങള്‍ ഉയരും. ഈ വ്യക്തി ഈ പദവി കൈകാര്യം ചെയ്യാന്‍ യോഗ്യനാണോ ? പൊതു സമൂഹത്തില്‍ ഈ വ്യക്തിയുടെ സംഭാവന എന്താണ് ? എല്ലാവരെയും യോജിപ്പിച്ചു പ്രവര്‍ത്തിക്കാന്‍ ഈ വ്യക്തി പ്രാപ്തനാണോ ? ഇത്തരം പൊതുപ്രവര്‍ത്തനത്തിന് സമയവും പണവും കണ്ടെത്താന്‍ ഈ വ്യക്തിക്ക് സാഹചര്യം ഉണ്ടോ ? അതിലേറെ ആ വ്യക്തിയുടെ മനോഭാവം പൊതുസമൂഹത്തിന് നന്മക്കുതകുന്നതാണോ? ഈ വ്യക്തിക്ക് നല്ല കമ്മ്യൂണിക്കേഷന്‍ പ്രാപ്തിയുണ്ടോ? ഇങ്ങനെ വിശദമായ ഒരു അവലോകനം അനിവാര്യമാണ്.

പ്രചരണാര്‍ത്ഥം സ്ഥാനാര്‍ത്ഥി കാണിക്കുന്ന പല പ്രഹസനകളും കണക്കാക്കേണ്ടതില്ല. പകരം അവരുടെ കഴിഞ്ഞ പത്തോ പതിനഞ്ചോ വര്‍ഷക്കാലത്തെ പ്രവര്‍ത്തികള്‍ നോക്കിയാല്‍ മതി. അവര്‍ ഇടപെട്ട തലങ്ങളിലെ, സമൂഹങ്ങളിലെ അവരുടെ സംഭാവന, അത് എത്രമാത്രമുണ്ടായിരുന്നു എന്ന്. ഒരു കാര്യമുണ്ടെങ്കില്‍ ഒരു കാരണവുമുണ്ടാകുമല്ലോ.

ചില ആളുകള്‍ക്ക് ഒരു അലങ്കാരമായോ പൊങ്ങച്ചമായോ കൊണ്ടുനടക്കാന്‍ വേണ്ടി മാത്രം ഒരു പൊസിഷന്‍. പലരും ക്രിയാത്മകമായി ഇടപെടാതെ വെറും ഉപരിപ്ലവമായ പ്രഹസനങ്ങളില്‍ മാത്രം അഭിരമിക്കുന്നവരാണ്. തിരഞ്ഞെടുപ്പ് കാലത്ത് വ്യാജ പ്രഖ്യാപനങ്ങള്‍ നടത്തും. ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാകും, സ്വന്തമായി ആസ്ഥാനം പണിയുമെന്നോ വാങ്ങുമെന്നോ എന്നൊക്കെ പ്രചരിപ്പിച്ചിരുന്നത്. എവിടെ വാഗ്ദാനം ചെയ്ത ആ കമ്മ്യൂണിറ്റി സെന്റര്‍ ?

അക്കൗണ്ടബിലിറ്റി, റിലയബിലിറ്റി, ഡിലിജന്‍സ് എന്നീ ഗുണങ്ങള്‍ ആയിരിക്കണം ഒരു ലീഡറുടെ മുഖ്യയോഗ്യതകള്‍. പൊതുവിന് വേണ്ടി പ്രവര്‍ത്തിക്കുകയും പ്രവര്‍ത്തിച്ച തലങ്ങളില്‍ മികവ് തെളിയിക്കുകയും ചെയ്തവരാണ് സാമൂഹ്യസേവനരംഗത്ത് വരേണ്ടത്. ഇവിടെ ഒരു സംഘടനകളിലും ഒരിക്കലും പ്രവര്‍ത്തിക്കാത്തവര്‍ പിന്നീട് രക്ഷകരായി വേഷം കെട്ടുന്നത് കണ്ടിട്ടുണ്ട്.

ഫൊക്കാനയും ഫോമയും ഒരേ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന രണ്ടു സംഘടനകള്‍. രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന കണ്‍വെന്‍ഷനുകള്‍ ആണ് പ്രധാന പരിപാടികള്‍. കൂടാതെ ഇടവര്‍ഷങ്ങളില്‍ കേരളത്തിലും കണ്‍വെന്‍ഷന്‍ നടത്തുന്നു. ആവശ്യഘട്ടങ്ങളില്‍ കേരളത്തില്‍ ചില സാമൂഹ്യ സേവനങ്ങള്‍ നടത്തുന്നു. മറ്റു ചില പരിപാടികള്‍ നാമമാത്രമായെങ്കിലും നടത്തുന്നു. പിന്നെ, കേരളത്തിലെ മന്ത്രിമാരുടെ ആത്മാവ് കേറിയെന്നു തോന്നിപ്പിക്കുംപോലെ കുറെ പാഴ് വാഗ്ദാനങ്ങളും.

അമേരിക്കന്‍ മലയാളി സംഘടനകളൊ അതിലെ സ്ഥാനങ്ങളൊ ഒരു സര്‍ക്കാരോ മന്ത്രിസ്ഥാനമോ അല്ലെങ്കിലും സാമൂഹ്യ തലത്തില്‍ പ്രസക്തമാണ്. വിഷുവിനും.

ഈസ്റ്ററിനും, ഓണത്തിനും ചെണ്ടകൊട്ടും സാംസ്‌കാരികപരിപാടികളും നടത്തുക എന്ന രീതികളെക്കാള്‍ സാഹചര്യങ്ങള്‍ ഏറെ മാറി. ഇവിടെ പതിറ്റാണ്ടുകള്‍ക്കു മുന്‍പ് കുടിയേറിവര്‍ മാത്രമല്ല ജീവിക്കുന്നത്. ഇന്ന് ഇവിടെയെത്തുന്നവരില്‍ വിവിധ തരത്തില്‍ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നവരുണ്ട്. ഇവിടെയെത്താന്‍ വിസ കിട്ടിയിട്ടും പല കാരണങ്ങളാല്‍ വര്‍ക്ക് ചെയ്യാന്‍ അനുവാദമില്ലാത്തവര്‍, അടിയന്തര സാഹചര്യങ്ങളില്‍ കോണ്‍സുലേറ്റ് തലത്തില്‍ സഹായം വേണ്ടവര്‍, അപകടങ്ങളില്‍ പെട്ടവര്‍, അവരുടെ കുടുംബങ്ങള്‍, വിദേശ രാജ്യങ്ങളില്‍ സാങ്കേതികകാരണത്താല്‍ കുടുങ്ങിപ്പോയവര്‍, ഗാര്‍ഹിക വിഷയങ്ങള്‍ ഉള്‍പ്പടെ അടിയന്തര സാഹചര്യങ്ങളി വിവിധ തലങ്ങളിലുള്ള വ്യക്തികളെയും കുടുംബങ്ങളെയും സഹായിക്കുന്നതിനുള്ള പ്ലാറ്റ് ഫോമുകളാണ് ഈ സംഘടനകള്‍.

അടുത്തിടെ ന്യൂ യോര്‍ക്കിലെ ബ്രൂക്കിലിനില്‍ ഒരു മരണം നടന്നു. ജഡം അനാഥമായി അപ്പാര്‍ട്‌മെന്ടില്‍ കിടക്കുന്നു. ആരും സഹായിക്കാനില്ല. ന്യൂ യോര്‍ക്കില്‍ ഉള്ള ഒരു പൊതുപ്രവര്‍ത്തകന് കേരളത്തില്‍ നിന്നും ഒരു ടെലിഫോണ്‍ കാള്‍ വരുന്നു. ഇവിടെ ആരും ബന്ധുക്കളായില്ല. ആരെയും പരിചയവുമില്ല. പിന്നെ എങ്ങനെയോ കിട്ടിയ നമ്പരില്‍ ആണ് ന്യൂ യോര്‍ക്കില്‍ ഉള്ള ഈ കമ്യൂണിറ്റി നേതാവിനെ വിളിച്ചത്. ആ വ്യക്തി ഉടന്‍ കേന്ദ്ര സംഘടനയുടെ നേതാക്കളെ വിളിച്ചു. ഒരു സഹായവും കിട്ടിയില്ല. മറ്റൊരു പോംവഴിയും ഇല്ലാതെ ഉടന്‍ തന്നെ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് സ്വയം രംഗത്തിറിങ്ങി ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്തു. ഇങ്ങനെ എത്രയോ സാഹചര്യങ്ങളില്‍ സാധാരണക്കാരന് സഹായം വേണ്ടി വരും.

കാര്യങ്ങളില്‍ സ്വമേധയാ ഇടപെടാനും ഇടപെടലുകള്‍ നടത്തി ആവശ്യത്തിലിരിക്കുന്നവരെ സഹായിക്കാനും കഴിവുള്ളവരാണ് ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടത്. ഇത് പൂര്‍ണമായും ഒരു പ്രതിഫലവും കൂടാതെയാണ്. ഇതിന് പലപ്പോഴും സ്വന്തം പോക്കറ്റില്‍ നിന്നും സാമ്പത്തികമായി ചെലവാക്കേണ്ടി വരും.

ഇതിനും പുറമെയാണ് കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ ഏകോപനവും നടത്തിപ്പും പോലുള്ള കാര്യങ്ങള്‍. പ്രേത്യകിച്ചു മേഖല തലത്തില്‍ സ്ഥാനങ്ങള്‍ എടുക്കുന്നവര്‍, മറ്റു സംഘടനകളെയും അതിലെ പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി പ്രവര്‍ത്തി പരിചയം ഉള്ളവരായിരിക്കണം. പ്രചാരണസമയത്ത് കാണിക്കുന്ന കോലാഹലങ്ങള്‍ കണ്ടാല്‍ ചിലര്‍ മന്ത്രിയോ മറ്റോ ആകാന്‍വേണ്ടിയാണോ മത്സരിക്കുന്നതെന്ന് തോന്നിപ്പോകും.

സ്വന്തം കൈയ്യില്‍ നിന്ന് അഞ്ചു പൈസ മുടക്കി പൊതുകാര്യത്തിന് എന്തെങ്കിലും സഹായം ചെയ്യാത്തവര്‍. ഒരു മീറ്റിങിനും ആതിഥേയത്വം നല്കാത്തവര്‍. മറ്റു വ്യക്തികള്‍ക്കെതിരെ പരദൂഷണം എന്ന കലയില്‍ മിടുക്കരായവര്‍. നന്നായി പ്രവര്‍ത്തിക്കുന്ന സംഘടനകളെ ഛിദ്രമാക്കാന്‍ പ്രേത്യക കഴിവ് കാണിക്കുന്നവര്‍. കാര്യമായി പ്രവര്‍ത്തിക്കാതെ എവിടെയും മുന്‍പന്തിയില്‍ ഇടിച്ചുകയറുന്നവര്‍.

വ്യക്തികള്‍ക്കെതിരെ പരദൂഷണം എന്ന കലയില്‍ മിടുക്കരായവര്‍. നന്നായി പ്രവര്‍ത്തിക്കുന്ന സംഘടനകളെ ഛിദ്രമാക്കാന്‍ പ്രേത്യക കഴിവ് കാണിക്കുന്നവര്‍. കാര്യമായി പ്രവര്‍ത്തിക്കാതെ എവിടെയും മുന്‍പന്തിയില്‍ ഇടിച്ചുകയറുന്നവര്‍. സമൂഹത്തില്‍ തരംതിരിവുകള്‍ നടത്തി ഭിന്നിപ്പിച്ചു മുതലെടുക്കുന്നവര്‍. നല്ല കമ്മ്യൂണിക്കേഷന്‍ പ്രാപ്തിയില്ലാത്തവര്‍. സ്വന്തം കുടുംബത്തെ ശരിയാംവണ്ണം പരിരക്ഷിക്കാത്തവര്‍. ഇത്തരക്കാരെ തിരഞ്ഞെടുത്താല്‍ അവര്‍ സമൂഹത്തിന് ബാധ്യതയായി വരും.

ഫൊക്കാന / ഫോമാ സംഘടനകളുടെ നേതൃത്വങ്ങളോട് ഒരു അപേക്ഷ.

അമേരിക്കയില്‍ അഞ്ചോ ആറോ ലക്ഷം മലയാളികള്‍ ഉണ്ട്. ഇവരില്‍ ചെറിയൊരു വിഭാഗം എഴുപതുകളിലും എണ്‍പതുകളിലും ഇവിടേക്ക് കുടിയേറിയവരാണ്. ഇക്കൂട്ടര്‍ മിക്കവാറും എല്ലാവരും റിട്ടയര്‍മെന്റ് പ്രായം കടന്നവരാണ്. എല്ലാവരുംതന്നെ പൊതുവെ പറയുന്നതുപോലെ സാമ്പത്തികമായി ഉന്നതശ്രേണിയില്‍ അല്ല പല നഗരങ്ങളിലായി കഴിയുന്ന ചിലരെങ്കിലും വൈധവ്യം അനുഭവിക്കുന്നവരാണ്. ജീവിതത്തിന്റെ അവസാനപാദം ജീവിച്ചുതീര്‍ക്കുകയാണവര്‍.

1.

പ്രായമുള്ളവര്‍ക്കായി അടിസ്ഥാന കമ്പ്യൂട്ടര്‍ പരിജ്ഞാനം നല്‍കുന്ന ഓണ്‍ ലൈന്‍ പരിശീലന പരിപാടി പ്രയോജനം ചെയ്യും. എക്‌സല്‍, വേര്‍ഡ് തുടങ്ങിയ ടൂള്‍സ് ഉപയോഗിക്കാന്‍ പഠിപ്പിക്കാം. സെര്‍ച്ച് എന്‍ജിന്‍ ഉപയോഗം എങ്ങനെ സമര്‍ത്ഥമായി ഉപയോഗിക്കാം. യൂട്യൂബ്, ഗൂഗിള്‍ തുടങ്ങിയ ഓണ്‍ ലൈന്‍ സംവിധാനങ്ങള്‍ എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാം. ഓണ്‍ ലൈന്‍ കെണികളില്‍ പെടാതെ സൂക്ഷിക്കാന്‍ ഉതകുന്ന കമ്പ്യൂട്ടര്‍ പരിശീലനം. പാസ്സ്വേര്‍ഡ് എങ്ങനെ സുരക്ഷിതമായി ക്രിയേറ്റ് ചെയ്യാം / സൂക്ഷിക്കാം / ഉപയോഗിക്കാം.

  1. യുവ തലമുറയെ കലാ- സാംസ്‌കാരികമായി ഏകീകരിക്കുന്ന പദ്ധതി. കായികരംഗത്ത് പ്രോത്സാഹിപ്പിക്കുന്ന പരിപാടികള്‍.

3.

അതാത് കോണ്‍സുലേറ്റുകളുമായി ചേര്‍ന്ന് പാസ്‌പോര്ട്ട്, വിസ തുടങ്ങി വിവിധ തരത്തിലുള്ള സേവനങ്ങള്‍ കോര്‍ഡിനേറ്റ് ചെയ്യാം.

4 ഫൊക്കാനയും ഫോമയും ഒരേ വര്‍ഷം കണ്‍വെന്‍ഷനുകള്‍ നടത്താതെ ഒന്നിടവിട്ട വര്‍ഷങ്ങളില്‍ അവരുടെ കണ്‍വന്‍ഷനുകള്‍ നടത്തുകയാണെങ്കില്‍ കൂടുതല്‍ പേര്‍ക്ക് ഈ രണ്ട് കണ്‍വെന്‍ഷനുകളിലും ഒരു വെക്കേഷനായി പങ്കെടുക്കാന്‍ സാധിക്കും. ഇതില്‍ ഒരു സംഘടന രണ്ടായിരത്തിയിരുപത്തിയഞ്ചില്‍ അമേരിക്കയില്‍ കണ്‍വെന്‍ഷന്‍ നടത്തുകയും രണ്ടായിരത്തിയിരുപത്തിയാറില്‍ കേരളത്തില്‍ പരിപാടി നടത്തുകയും ചെയ്താല്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കെടുക്കാന്‍ സാധിക്കും. രണ്ടു കണ്‍വെന്‍ഷനുകളും ഒരേ വര്‍ഷം വരുന്നതുകൊണ്ട് രണ്ടിലും പങ്കെടുക്കാന്‍ ആഗ്രഹമുള്ള എല്ലാവര്ക്കും സാധിക്കില്ല. പ്രേത്യകിച്ചു വെക്കേഷന്‍ പ്ലാന്‍ ചെയ്യാന്‍ ഇത് സഹായിക്കും. ഇത് പങ്കാളിത്തം വര്‍ദ്ധിപ്പിക്കും.

കേരളത്തിന്റെയും ഭാരതത്തിന്റെയും സംസ്‌കാരങ്ങളുടെ ആത്മാവ് കണ്ടറിയാന്‍ പഠിപ്പിക്കുന്ന സമ്മര്‍ ഹെറിറ്റേജ് അവധിക്കാല യാത്രകള്‍ എല്ലാ വര്‍ഷവും സംഘടിപ്പിക്കാം.

നിലവില്‍ കണ്ടുവരുന്ന ഒരു വിഷയം ഈ സംഘടകനളൊക്കെ ഏതാനും സാംസ്‌കാരിക പദ്ധതികള്‍ കാലാകാലങ്ങളായി നടത്തിയിട്ടുണ്ട്. എന്നാല്‍ ഈ പരിപാടികളുടെയൊക്കെ കണ്ടിന്യൂയിറ്റി ഇല്ലായ്മ തത്വത്തില്‍ തക്കതായ ഫലം കൊണ്ടുവരില്ല. ഓരോ ടീമും വരുമ്പോള്‍ ആരംഭശൂരത്തെ പദ്ധതികള്‍ കൊണ്ടുവരും അതൊക്കെ വന്നതുപോലെ കാറ്റത്ത് പറന്നുപോകയും ചെയ്യുന്നു.

ദീര്‍ഘകാല പദ്ധതികള്‍ വിഭാവനം ചെയ്യാന്‍ നേതാക്കള്‍ക്ക് കഴിയണം. അതിനു കഴിവുള്ളവരെയാണ് തിരഞ്ഞെടുക്കേണ്ടത്. ഏറ്റെടുക്കുന്ന സ്ഥാനങ്ങളുടെ മഹിമയറിയാതെ കളങ്കിതമായ പെരുമാറ്റം സംഘടനയുടെതന്നെ നാശത്തിന് കാരണമാകുന്നു.

‘കുങ്കുമത്തിന്റെ ഗന്ധമറിയാതെ കുങ്കുമം ചുമക്കും പോലെ ഗര്‍ദ്ദഭം’

എന്തുകൊണ്ട് കഴിവും പ്രാപ്തിയും ഉള്ളവര്‍ സംഘടനാതലത്തില്‍ മുന്നോട്ട് വരുന്നില്ല എന്നൊരു ചോദ്യം നില നിലവിലുണ്ട്. ആ ചോദ്യം നമ്മുടെ സംഘടനകളില്‍ മാത്രമല്ല. അമേരിക്കന്‍ രാഷ്ട്രീയത്തിലും ഇന്ത്യന്‍ രഷ്ട്രീയത്തിലും പ്രസക്തമാണ്.

നേതൃത്വത്തിലുള്ളവര്‍, ധാര്‍ഷ്ട്യം, സ്വാര്‍ത്ഥത, സ്വജനപക്ഷപാതം, അലസത, കൃത്യതയില്ലായ്മ എന്നിവ ഉള്ളവരാകരുത്. പണവും മറ്റ് പ്രമാണിത്തവും അല്ല ലീഡര്‍ഷിപ്പിന്റെ യോഗ്യത. നിര്‍ഭാഗ്യവശാല്‍ നമ്മുടെ സമൂഹത്തില്‍ കഴിഞ്ഞ കുറെ കാലങ്ങളായി അത്തരം ദുഷിച്ച ചില രീതികള്‍ നിലനിന്നിരുന്നു. അഥവാ നിലനില്‍ക്കുന്നുണ്ട്.

അതിനേക്കാള്‍ ഗുരുതരമാണ് ജാതിയുടെയും മതത്തിന്റെയും സമുദായത്തിന്റെയും പേരിലുള്ള സംഘം ചേരല്‍, സാംസ്‌കാരികമായി ഒത്തുകൂടുമ്പോള്‍ കേരളീയന്‍ എന്ന ഒരു വികാരമായിരിക്കണം ഓരോ മലയാളിയെയും നയിക്കേണ്ടത്. ആവശ്യത്തിലേറെ മത സമുദായ സംഘടനകള്‍ നിലവിലുള്ളപ്പോഴാണ് സാംസ്‌കാരിക സംഘടനകള്‍ക്കുള്ളിലും ഈ വിഷം കലര്‍ത്തി കളങ്കിതമാക്കുന്നത്. ഒരു മരം അത് നന്മയുടേതാണോ അതോ പാഴാണോ എന്ന് തിരിച്ചറിയേണ്ടത് പ്രവര്‍ത്തിയിലൂടെയാണ്.

തൊണ്ണൂറ്റിയെട്ടില്‍ ഏഴായിരത്തിലധികം മലയാളികള്‍ പങ്കെടുത്ത, റോചെസ്റ്ററില്‍ നടന്ന ഫൊക്കാന സമ്മേളനം ഹൃദ്യമായി ഓര്‍ക്കുന്നു. ഇന്ന് ഏറിയാല്‍ ആയിരം അല്ലെങ്കില്‍ ആയിരത്തിയഞ്ഞൂറ് ആളുകള്‍ കണ്‍വെന്‍ഷനുകള്‍ക്കെത്തിയാല്‍ ഭാഗ്യം. പങ്കാളിത്തംകൊണ്ട് കണക്കാക്കിനോക്കിയാല്‍ ആറ് ലക്ഷം മലയാളികളുടെ എത്ര ശതമാനം ആളുകള്‍ ഈ കേന്ദ്രസംഘടനയുടെ കണ്‍വെന്‍ഷനുകളിലോ അല്ലെങ്കില്‍ അസ്സോസ്സിയേഷന്‍ സംഘടനാപ്രവര്‍ത്തനങ്ങളിലോ പങ്കെടുക്കുന്നുണ്ട് ? ഏറിയാല്‍ 33 ശതമാനം മാത്രം (അര ശതമാനത്തില്‍ താഴെ). എന്നുവച്ചാല്‍ മൊത്തം അമേരിക്കന്‍ മലയാളി ജനസംഖ്യയുടെ ഒരു ശതമാനം പോലും പങ്കെടുക്കുന്നില്ല. എന്നാല്‍ മതസ്ഥാപനങ്ങളുടെ ദേശിയ കണ്‍വെന്‍ഷനുകളില്‍ പതിനായിരം പേര്

പങ്കെടുക്കുന്നത് സാധാരണം. ഇന്നും ഭൂരിപക്ഷം മലയാളികളും ആരാധനാലയങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്. ‘എന്തുകൊണ്ട്’ എന്നൊരു ചോദ്യം എന്നെയും നിങ്ങളെയും തുറിച്ചു നോക്കിക്കൊണ്ട് മുന്നില്‍ നില്‍ക്കുന്നുണ്ട്, അതിനുള്ള ഉത്തരവും ഉത്തരം കണ്ടെത്തി ഒരു തിരുത്തല്‍പ്രക്രിയയിലൂടെ മലയാളിസംഘടനകള്‍ വളരട്ടെ സാംസ്‌കാരിക മലയാളി ഉണരണം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments