വാഷിംങ്ടൺ: ട്രംപിനെതിരേ നടന്ന അക്രമണം വധശ്രമമായിരുന്നുവെന്ന് എഫ്ബിഐ ഉദ്യോഗസ്ഥൻ കെവിൻ റോജക് സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പെൻസിൽവേനിയയിൽ തിരഞ്ഞെടുപ്പ് റാലിക്കിടെ പ്രസംഗിക്കുകയായിരുന്ന മുന്‍ യു.എസ്.പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നേരെ ഉണ്ടായത് അപ്രതീക്ഷിത ആക്രമണമായിരുന്നുവെന്നും നടപടികൾ വേഗത്തിലാക്കുമെന്നും. കെവിൻ റോജക് പറഞ്ഞു.
വേദിയിൽ സംസാരിക്കുന്നതിനിടെയാണ് അക്രമി ട്രംപിന് നേരേ വെടിയുതിർത്തത്. തുടരെത്തുടരെ മൂന്ന് തവണ അക്രമി വെടിയുതിർത്തതോടെ ട്രംപ് നിലത്തേക്ക് വീണു. ഉടൻ തന്നെ രക്ഷാപ്രവർത്തകർ എത്തി ട്രംപിനെ വലയം ചെയ്തു. ഇതിനിടെ തുടരെ അക്രമി വെടിയുതിർത്തു കൊണ്ടേയിരുന്നുവെന്നാണ് ദൃക്സാക്ഷികളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പിന്നീട് നിലത്ത് നിന്ന് ചോരയൊലിക്കുന്ന മുഖവുമായാണ് ട്രംപ് എഴുന്നേറ്റത്.