ഫോണിന്റെ പാസ്‌വേഡ് തന്റെ കാമുകിയ്ക്ക് നൽകാൻ വിസമ്മതിച്ച് കടലിൽ ചാടി ഫ്ലോറിഡ സ്വദേശിയായ യുവാവ്. എജെ എന്ന യുവാവാണ് പാസ് വേഡ് പങ്കിടാൻ മടിച്ച് കടലിൽ ചാടിയത്. കാമുകിയുമൊത്തുള്ള ബോട്ട് യാത്രയിൽ പോലീസുകാരുമായി ഉണ്ടായ തർക്കത്തിനിടെയാണ് സംഭവം. ഇരുവരുടെയും ബോട്ടിൽ നിയമലംഘനം നടത്തിയതിനെത്തുടർന്ന് ഫ്ലോറിഡ ഫിഷ് ആൻഡ് വൈൽഡ് ലൈഫ് കമ്മീഷൻ ഉദ്യോഗസ്ഥർ യാത്ര തടയുകയും ഔദ്യോഗിക രേഖകൾ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ പോലീസുമായി എജെ തർക്കത്തിൽ ഏർപ്പെട്ടു. മറ്റൊരാളെ ബന്ധപ്പെടാനായി എജെയുടെ ഫോൺ പാസ് വേഡ് യുവതി ചോദിച്ചപ്പോഴാണ് യുവാവ് കടലിൽ ചാടിയത്. ഉദ്യോഗസ്ഥരുടെ ശരീരത്ത് ഘടിപ്പിച്ച ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ മൂന്നാഴ്ചകൾക്ക് മുൻപാണ് യൂട്യൂബിൽ പങ്ക് വയ്ക്കപ്പെട്ടത്.
പെട്രോളിംഗിനിടെയാണ് എജെയും കാമുകിയും സഞ്ചരിക്കുന്ന ബോട്ട് പോലീസ് തടയുന്നത്. ഇവരുടെ കയ്യിൽ മതിയായ രേഖകൾ ഉണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. നിയമലംഘനത്തിന്റെ പേരിൽ ബോട്ട് തടഞ്ഞ പോലീസ് യുവാവിനോട് തിരിച്ചറിയൽ രേഖ ആവശ്യപ്പെടുന്നതും യുവാവ് ക്ഷുഭിതനാകുന്നതും വീഡിയോയിൽ കാണാം. തന്നെ അറസ്റ്റ് ചെയ്യാൻ വാറന്റുണ്ടോ എന്ന് യുവാവ് ചോദിക്കുമ്പോൾ തങ്ങളുടെ കയ്യിലിരുന്ന സ്‌ക്രീനിൽ പോലീസുകാർ വാറന്റ് കാണിക്കുന്നതും വീഡിയോയിൽ ദൃശ്യമാണ്.
ഇതിനിടയിൽ പലതവണ യുവതി എജെയെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും യുവാവ് അതിന് വഴങ്ങിയില്ല. ഒടുവിൽ എജെയുടെ മേലുദ്യോഗസ്ഥന്റെ നമ്പർ നൽകാം എന്ന് പോലീസിനോട് യുവതി പറയുകയും നമ്പറിനായി എജെയുടെ ഫോൺ പാസ് വേഡ് ചോദിക്കുകയും ചെയ്തു. എന്നാൽ അത് നൽകാൻ എജെ തയ്യാറായില്ല. താൻ ജെയിലിൽ പോകാൻ തയ്യാറല്ലെന്നും താൻ കടലിലേക്ക് ചാടുമെന്നും എജെ ഭീഷണിമുഴക്കി. കടലിൽ ചാടിയാൽ ബന്ധം അവസാനിപ്പിക്കുമെന്ന് യുവതി പറഞ്ഞെങ്കിലും എജെ അതിലും ശാന്തനായില്ല. താൻ കടലിൽ ചാടി നീന്തിപോയാൽ എന്ത് സംഭവിക്കുമെന്ന് എജെ പോലീസിനോട് ചോദിക്കുന്നതും വീഡിയോയിൽ കാണാം. പിന്തുടർന്ന് അറസ്റ്റ് ചെയ്യേണ്ടി വരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞോതോടെ പാസ് വേഡ് നൽകാൻ തയ്യാറാകാതെ യുവാവ് കടലിലേക്ക് ചാടി.
ഏഴ് മിനിറ്റോളം കടലിൽ എജെയെ പിന്തുടർന്ന പോലീസ് തീരത്ത് വച്ച് ഇയാളെ അറസ്റ്റ് ചെയ്തു. തുടർ നടപടികളുടെ വിശദാംശങ്ങൾ പോലീസ് പുറത്ത് വന്നിട്ടില്ല.