വാഷിങ്‌ടൺ: ഡമോക്രാറ്റിക് പ്രസിഡന്‍റ് സ്ഥാനാർഥിയായിരുന്ന ജോ ബൈഡൻ സ്ഥാനാർഥിത്വം പിൻവലിച്ച തീരുമാനം എടുത്തത് ശനിയാഴ്ച. ഇതോടെ ആഴ്ചകൾ നീണ്ട പ്രതിസന്ധിക്കാണ് വിരാമം ആയിരിക്കുന്നത്. നേരത്തെ തന്നെ ഡമോക്രാറ്റിക് പാർട്ടിയിൽ നിന്നുള്ള നിരവധി നേതാക്കളും പ്രവർത്തകരും ബൈഡൻ മത്സരത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതേസമയം, താൻ മത്സരത്തിൽ തുടരുമെന്ന് ആവർത്തിച്ചിരുന്ന ബൈഡന് പിന്തുണ നഷ്ടപ്പെടുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
മത്സരത്തിൽ യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ തോൽപ്പിക്കാൻ ബൈഡന് കഴിയില്ലെന്ന പോളിങ് ഡാറ്റ അദ്ദേഹത്തിന് ലഭിച്ചതായിട്ടാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഡെലവെയറിലെ റെഹോബോത്ത് ബീച്ചിലെ ഹോളിഡേ ഹോമിൽ കഴിയുന്ന ബൈഡൻ ഈ റിപ്പോർട്ട് ലഭിച്ചതോടെയാണ് സ്ഥാനാർഥിത്വം പിൻവലിക്കുന്നതിന് തീരുമാനം എടുത്തതെന്നാണ് സൂചന.
സംവാദത്തിലെ മോശം പ്രകടനത്തിന് ശേഷം ഫണ്ടിങ്ങിനും ബൈഡന് പ്രതിസന്ധി നേരിട്ടിരുന്നു. ഫണ്ട് ഇനത്തിൽ ലഭിക്കുമെന്ന് കരുതിയ ദശലക്ഷക്കണക്കിന് ഡോളർ ദാതാക്കൾ പിൻവലിച്ചു. ഇത് ബൈഡൻ മത്സരത്തിൽ പരാജയപ്പെടുമെന്ന് പ്രതീതി കാരണമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ബൈഡൻ നിർണായക തീരുമാനം എടുക്കുമ്പോൾ പ്രഥമ വനിത ജിൽ ബൈഡൻ പിന്തുണ നൽകിയതായി പ്രഥമ വനിതയുടെ വക്താവ് അറിയിച്ചു.
വൈറ്റ് ഹൗസിലെ ചില ജീവനക്കാരെയും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രവർത്തിക്കുന്ന ഭൂരിഭാഗം ആളുകളെയും ഞെട്ടിച്ച അസാധാരണമായ തീരുമാനം എടുക്കുന്നതിന് മുൻപ് ബൈഡൻ ഉപദേശകരായ സ്റ്റീവ് റിച്ചെറ്റിയെയും മൈക്ക് ഡോണിലോണെയും വിളിച്ചുവരുത്തി. സെനറ്ററെന്ന നിലയിൽ ബൈഡൻ ശോഭിച്ചിരുന്ന കാലത്തും 2015-ൽ മകൻ ബ്യൂ ബൈഡൻ മരിച്ച വേളയിലുമെല്ലാം ജോ ബൈഡന് ഒപ്പമുണ്ടായിരുന്നവരാണ് ഇവർ.
ബൈഡനും പ്രഥമ വനിതയ്ക്കും ഒപ്പം ഏറ്റവും അടുത്ത സഹായികളായ ആനി തോമാസിനിയും ആന്‍റണി ബെർണലും ഉണ്ടായിരുന്നു. ബൈഡന്‍റെ മനസ്സ് മാറ്റിയ നിർണായകമായ ഡാറ്റ കൊണ്ടുവന്നത് റിച്ചെറ്റിയും ഡോണിലോണും ആയിരുന്നു. സംവാദത്തിന് ശേഷം ഏറ്റവും പുതിയ സർവേ ഫലം കാണിച്ച് അവർ ബൈഡൻ മത്സരത്തിൽ ജയിക്കാൻ സാധ്യതയില്ലെന്ന് വെളിപ്പെടുത്തി. ഇതോടെ പിന്മാറുന്നതിന് ബൈഡൻ തീരുമാനിച്ചു. 81 വയസ്സുകാരനായ ബൈഡന്‍ ഡമോക്രാറ്റിക് പാർട്ടിയുടെ ഭാവിക്കായി മാറിനിൽക്കേണ്ട സമയമായെന്ന് അദ്ദേഹത്തോടെ അടുപ്പമുള്ളവർ കത്ത് നൽകി. ഇതും ബൈഡൻ നിർണായക തീരുമാനം എടുക്കുന്നതിന് കാരണമായി.
തീരുമാനം അറിയിക്കുന്നതിനുള്ള കത്ത് തയ്യാറാക്കാൻ ആരംഭിക്കാനും പൊതു പ്രഖ്യാപനം എങ്ങനെ നടത്താമെന്നതിനെക്കുറിച്ചുള്ള പ്രക്രിയ ആരംഭിക്കാനും അദ്ദേഹം റിച്ചെറ്റിയോടും ഡോണിലോണിനോടും ആവശ്യപ്പെട്ടു. ട്രംപിനെതിരെ കമല ഹാരിസ് തന്നെക്കാൾ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് തെളിയിക്കുന്ന സർവേ ഫലം കാണിക്കുകയോ അനാരോഗ്യമൂലമോ മാത്രമെ താൻ പിന്മാറൂ എന്നാണ് ബൈഡൻ നിലപാട് സ്വീകരിച്ചിരുന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ബൈഡൻ ശനിയാഴ്ച രാത്രി തന്നെ തീരുമാനം അന്തിമയായി. ഞായറാഴ്ച അമേരിക്കൻ സമയം ഉച്ചയ്ക്ക് 1:45 ന് അദ്ദേഹം വൈറ്റ് ഹൗസിലെ തന്‍റെ മുതിർന്ന ജീവനക്കാരെയും പ്രചാരണ സംഘത്തെയും അദ്ദേഹം വിളിച്ചുവരുത്തി. അപ്പോഴേക്കും മത്സരത്തിൽ നിന്ന് പിന്മാറുന്ന വിവരം കമല ഹാരിസിനോടും സെനറ്റ് നേതാവ് ചക്ക് ഷൂമറോടും പറഞ്ഞിരുന്നു. ഉച്ചയ്ക്ക് 1:46 ന്, അദ്ദേഹത്തിന്‍റെ സമൂഹ മാധ്യമ അക്കൗണ്ടിൽ നിന്ന് തീരുമാനം അറിയിച്ചുകൊണ്ടുള്ള പ്രസിഡന്‍റിന്‍റെ കത്ത് പുറത്ത് വന്നു.
അപ്രതീക്ഷിത പ്രഖ്യാപനത്തിൽ മിക്ക സ്റ്റാഫുകളും വൈറ്റ് ഹൗസിലെ പ്രചാരണ സംഘവും അതിശയിച്ചു. ശനിയാഴ്ച രാത്രി അദ്ദേഹം അന്തിമ തീരുമാനമെടുത്തതിന്, പിന്നാലെ ബാക്കിയുള്ള കാര്യങ്ങൾ വേഗത്തിലായിരുന്നു നടന്നതെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ശനിയാഴ്ച്ച തന്നെ കമല ഹാരിസിനെ ബൈഡൻ നേരിട്ട് വിളിച്ച് വിവരം പറഞ്ഞു.വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ജെഫ് സിയന്‍റസ്, ക്യാംപെയ്ൻ ചെയർ ജെൻ ഒമാലി ഡിലൺ എന്നിവരെയും ബൈഡൻ നേരിട്ട് വിളിച്ച് വിവരം അറിയിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.