വാഷിംഗ്ടണ്‍: ഇസ്രായേല്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ നല്‍കുന്നത് ഇറാന്‍ ആണെന്ന് ആരോപിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യാനെത്തിയതായിരുന്ന നെതന്യാഹു.
’’ ഇസ്രായേല്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണയും സഹായവുമെത്തിക്കുന്നത് ഇറാന്‍ ആണെന്ന് എല്ലാവര്‍ക്കുമറിയാം. ആ പ്രതിഷേധങ്ങളാണ് ഈ കെട്ടിടത്തിന് പുറത്തും അലതല്ലുന്നത്. ഈ പ്രക്ഷോഭകരോട് ഒന്നേ പറയാനുള്ളു. സ്വവര്‍ഗ്ഗ അനുരാഗികളെ ക്രെയിനില്‍ കെട്ടിത്തൂക്കിയ, ശിരോവസ്ത്രമിടാത്തത്തിന്റെ പേരില്‍ പെണ്‍കുട്ടികളെ കൊല്ലുന്നവരാണ് നിങ്ങളെ പിന്തുണയ്ക്കുന്നത് എന്ന് ഓര്‍ക്കണം. നിങ്ങള്‍ ഇറാന്‍റെ കെണിയിൽ വീണ വിഡ്ഢികളായി മാറിയിരിക്കുന്നു,’’ നെതന്യാഹു പറഞ്ഞു.
ഇസ്രായേലിനെ കൊളോണിയല്‍ രാജ്യമെന്ന് വിളിക്കുന്നവര്‍ക്ക് ആ രാജ്യത്തിന്റെ ചരിത്രവും പാരമ്പര്യവും എന്തെന്ന് അറിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മിഡില്‍ ഈസ്റ്റിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഇറാന്‍ ആണെന്നും അദ്ദേഹം പറഞ്ഞു.
’’ അതില്‍ അതിശയിക്കാനൊന്നുമില്ല. തങ്ങളുടെ ഇസ്ലാമിക് വിപ്ലവം ലോകത്തിലാകമാനം എത്തിക്കുമെന്ന് ആയത്തുള്ള ഖൊമേനി പറഞ്ഞിരുന്നു. ഇറാന്റെ തീവ്ര ഇസ്ലാമിക വാദത്തെ എതിര്‍ത്ത് നില്‍ക്കുന്ന രാജ്യമേതാണ്? അതെ, അമേരിക്കയാണത്. പാശ്ചാത്യ സംസ്‌കാരത്തിന്റെ കാവല്‍ക്കാരനും ലോകത്തിലെ ഏറ്റവും വലിയ ശക്തിയുമാണ് അമേരിക്ക. അതുകൊണ്ടാണ് ഇറാന്‍ തങ്ങളുടെ ശത്രുവായി അമേരിക്കയെ കാണുന്നത്,’’ നെതന്യാഹു പറഞ്ഞു.
അമേരിക്കയ്ക്ക് വെല്ലുവിളി തീര്‍ക്കാന്‍ ആദ്യം മധ്യേഷ്യ കീഴടക്കണമെന്ന് ഇറാന്‍ കരുതുന്നു. ഈ ലക്ഷ്യം നേടിയെടുക്കാന്‍ അവര്‍ ഹൂതി, ഹിസ്ബുള്ള, ഹമാസ് എന്നിവരെ പിന്തുണയ്ക്കുന്നുവെന്നും നെതന്യാഹു പറഞ്ഞു.
ഹമാസിനെ തങ്ങള്‍ പരാജയപ്പെടുത്തുമെന്നും അതിലൂടെ ഒരു പുതിയ ഗാസ പിറവിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭാവിയില്‍ ഇസ്രായേലിന് ഭീഷണിയാകാത്ത വിധം ഗാസയെ പുനര്‍നിര്‍മ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു.’’ ഗാസയില്‍ പാലസ്തീനികള്‍ നയിക്കുന്ന ഒരു സിവിലിയന്‍ ഭരണകൂടം ഉണ്ടാകും. ഇസ്രായേലിന് ഭീഷണിയാകാത്തവരായിരിക്കും അവര്‍. പാലസ്തീനിലെ പുതിയ ജനത ജൂതവിരോധമുള്ളവരായിരിക്കില്ല. ജൂതന്‍മാരുമായി സമാധാനത്തോടെ ജീവിക്കാന്‍ പഠിച്ചവരായിരിക്കണം. സൈന്യത്തെ പിന്‍വലിക്കലൂടെയും സാമൂഹികവും,രാഷ്ട്രീയവും മതപരവുമായ മാറ്റത്തിലൂടെ ഇത് സാധ്യമാകും. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ജര്‍മനിയ്ക്കും ജപ്പാനിനും മേല്‍ ഉപയോഗിച്ച ആശയമാണിത്,’’ നെതന്യാഹു പറഞ്ഞു.