ന്യൂയോർക്ക്: ഗൂഗിളിന് ശക്തമായ മുന്നറിയിപ്പുമായി ഇലോണ്‍ മസ്‌ക്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇടപെടുകയാണെങ്കില്‍ വലിയ പ്രശ്‌നം നേരിടേണ്ടി വരുമെന്ന് മസ്‌ക് ഗൂഗിളിന് മുന്നറിയിപ്പ് നല്‍കുന്നു. ഗൂഗിള്‍ സെര്‍ച്ചില്‍ പ്രസിഡന്റ് ഡോണള്‍ഡ് എന്ന് ടൈപ്പ് ചെയ്യുമ്പോള്‍ പ്രസിഡന്റ് ഡോണള്‍ഡ് ഡക്ക് എന്ന നിര്‍ദേശം വരുന്നുവെന്ന് കാണിക്കുന്ന സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചുകൊണ്ടാണ് മസ്‌കിന്റെ വിമര്‍ശനം.
പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് എന്ന സെര്‍ച്ചിന് ഗൂഗിളില്‍ വിലക്കുണ്ടെന്നും ഇത് തിരഞ്ഞെടുപ്പിലെ ഇടപെടല്‍ അല്ലേ എന്നും മസ്‌ക് ചോദിക്കുന്നു. ഗൂഗിള്‍ ഡെമോക്രാറ്റുകളുടെ ഉടമസ്ഥതയിലാണെന്ന് ഈ പോസ്റ്റിന് കീഴില്‍ ഒരു എക്‌സ് ഉപഭോക്താവ് അഭിപ്രായപ്പെട്ടു.
പരസ്യമായ ഒരു ട്രംപ് അനുകൂലിയാണ് ഇലോണ്‍ മസ്‌ക്. ട്രംപിന് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന അദ്ദേഹത്തിന്റെ ഈ വിമര്‍ശനം തീര്‍ത്തും രാഷ്ട്രീയ താല്‍പര്യങ്ങളോടെയാണെന്ന വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. ട്രംപ് അധികാരത്തിലെത്തിയാല്‍ ഉപദേശക സ്ഥാനം വരെ മസ്‌കിന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.