പി.പി. ചെറിയാൻ
ന്യൂയോർക്ക് : ന്യൂയോർക്ക് ക്വീൻസിലെ തുളസി മന്ദിറിനു മുമ്പിലുള്ള മഹാത്മാ ഗാന്ധിയുടെ പ്രതിമ തകർത്തതിനെ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ അപലപിച്ചു. ഓഗസ്റ്റ് 16 നു രാത്രിയിലായിരുന്നു പ്രതിമ തകർക്കപ്പെട്ടത്.
ഈ മാസം തന്നെ റിച്ച്‌മണ്ട് ഹില്ലിലെ തുളസിമന്ദിറിൽ നടന്ന രണ്ടാമത്തെ അക്രമം ആണിത്. ഓഗസ്റ്റ് 3 നായിരുന്നു ആദ്യ സംഭവം. ഇന്ത്യയുടെ സ്വാതന്ത്ര്യദിന പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന ഈ വേളയിൽ, ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിതത്തിൽ അഹിംസയുടെ പ്രതീകമായി ലോകത്തിലെ എല്ലാ രാജ്യങ്ങൾക്കും മാതൃക പുരുഷനായി മാറിയ,ലോക സമാധാനത്തിന്റെ പ്രവാചകനായ ഗാന്ധിജിയുടെ ശില്പം തകർക്കപ്പെടുന്നത് ഒരു വിധത്തിലും ന്യായീകരിക്കുവുന്നതല്ല.
ചരിത്രത്തെ വളച്ചൊടിക്കാനും, ഗാന്ധിജി എന്ന വലിയ മനുഷ്യനെ അവഹേളിക്കുവാനും നടത്തുന്ന ശ്രമങ്ങളെ പറ്റി ഗൗരവമായ അന്വേഷണം വേണം. കുറ്റക്കാരെ കണ്ടെത്തി ഏറ്റവും ഉചിതമായ ശിക്ഷ കൊടുക്കണം. സ്വാതന്ത്ര്യ സമര ചരിത്രത്തിൽ നിന്നും ഗാന്ധിജിയെ ഇല്ലാതാക്കി ചരിത്രത്തെ വളച്ചൊടിക്കുവാനുള്ള ശ്രമത്തെ മുളയിലേ നുള്ളി കളയണം. മതവിധ്വേഷം നടത്തുവാൻ ശ്രമിക്കുന്ന ശ്രമങ്ങളെ സംഘടന അപലപിക്കുന്നു
ഗാന്ധിപ്രതിമ തകർത്തതിനെയും തുളസി മന്ദിർ ആരാധനാലയത്തിലെ അക്രമസംഭവങ്ങളെയും ഒഐസിസി യൂഎസ്എ ശക്തമായി അപലപിക്കുന്നുവെന്ന് നാഷണൽ ചെയർമാൻ ജെയിംസ് കൂടലും പ്രസിഡണ്ട് ബേബി മണക്കുന്നേലും പറഞ്ഞു.