ന്യൂജേഴ്‌സി: അമേരിക്കന്‍ മലയാളികളുടെ സംഘചേതനയുടെ നേര്‍സാക്ഷ്യമായ ഫോമായുടെ ചരിത്രത്തില്‍ തങ്കലിപികളാല്‍ അടയാളപ്പെടുത്തുന്ന ഏഴാമത് ഫാമിലി കണ്‍വന്‍ഷന് മെക്‌സിക്കോയിലെ കാന്‍കൂണില്‍ വര്‍ണ്ണക്കൊടി ഉയരാന്‍ ഇനി എട്ട് ദിനരാത്രങ്ങള്‍ മാത്രം. മൂണ്‍ പാലസ് റിസോര്‍ട്ടിലെ വിസ്മയ വേദികളിലെ യവനിക ഉയരുമ്പോള്‍ ആദരണീയനായ കേരളത്തിന്റെ ജലവിഭവശേഷി മന്ത്രി റോഷി അഗസ്റ്റിന്റെ മഹനീയ സാന്നിധ്യമുണ്ടാവും.

ജന്മംകൊണ്ടല്ലെങ്കിലും കര്‍മ്മംകൊണ്ട് തനി ഇടുക്കിക്കാരനായ റോഷി അഗസ്റ്റിന്‍ അമേരിക്കന്‍ മലയാളികളുമായി ഹൃദയബന്ധമുള്ള പൊതുപ്രവര്‍ത്തകനാണ്. പാലാ ചക്കാമ്പുഴയില്‍ ചെറുനിലത്തുചാലില്‍ അഗസ്റ്റിന്റെയും ലീലാമ്മയുടെയും പ്രിയ പുത്രനാണ്. ഇടുക്കി ജില്ലയുടെ അതേ പേരിലുള്ള മണ്ഡലത്തില്‍ നിന്ന് ആദ്യമായി ഒരു മന്ത്രിയുണ്ടാവുന്നത് റോഷിയിലൂടെയാണ്. നിറചിരിയുമായി നാട്ടിലെവിടെയും ഓടിയെത്തുകയും ആരെയും സ്‌നേഹത്തോടെ വിളിക്കുകയും ചെയ്തു നേടിയെടുത്ത ജനപിന്തുണയുടെ അടുത്ത പടിയായാണ് റോഷി മന്ത്രി സ്ഥാനത്തെത്തിയത്.
കെ.എസ്.സി (എം) സംസ്ഥാന പ്രസിഡന്റായിരിക്കെ 1995 ല്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ 43 ദിവസം നീണ്ടുനിന്ന വിമോചന പദയാത്രയും 2001 ലെ വിമോചന യാത്രയും സംസ്ഥാന സംസ്ഥാന തലത്തില്‍ അടയാളപ്പെടുത്തി. 1996 ല്‍ 26-ാം വയസ്സില്‍ സി.പി.എം കോട്ടയായ പേരാമ്പ്രയില്‍ എന്‍.കെ രാധയോടു പരാജയപ്പെട്ടത് വെറും 1358 വോട്ടിനാണ്. 2001 ല്‍ കെ.എം മാണി ഇടുക്കിയിലേക്കു കൊണ്ടുവന്നു. പിന്നെ തിരിഞ്ഞു നോക്കിയിട്ടില്ല. 5 തിരഞ്ഞെടുപ്പുകളിലും വിജയം. ജനങ്ങളുടെ മനസ്സറിഞ്ഞ് അവരില്‍ ഒരാളായി മാറാന്‍ കഴിഞ്ഞതാണ് ഇടുക്കിയിലെ ജനങ്ങള്‍ റോഷിയെ നെഞ്ചോടു ചേര്‍ക്കാനുള്ള കാരണം.
ഭാര്യ: റാണി. വിദ്യാര്‍ഥികളായ ആന്‍ മരിയ, എയ്ഞ്ചല്‍, അഗസ്റ്റിന്‍ എന്നിവര്‍ മക്കള്‍. ‘കെ എം മാണി പൊതുപ്രവര്‍ത്തകര്‍ക്ക് ഒരു മാതൃക…’ എന്ന പുസ്തകത്തിന്റെ രചയിതാവ് കൂടിയാണ് റോഷി.
കാന്‍കൂണ്‍ കണ്‍വന്‍ഷന്റെ ദിനങ്ങള്‍ അടുത്തെത്തിക്കഴിഞ്ഞ പശ്ചാത്തലത്തില്‍ ഫോമാ കുടുംബാംഗങ്ങളും അഭ്യുദയകാംക്ഷികളുമെല്ലാം വലിയ ആവേശത്തിലാണ്. കോവിഡ് ദുരിതങ്ങള്‍ക്ക് ശേഷം കാനഡയ്ക്കും യു.എസ്.എയ്ക്കും പുറത്ത് നടക്കുന്ന ഒരു ഫെഡറേഷന്റെ ഏറ്റവും വലിയ കണ്‍വന്‍ഷനെന്ന നിലയില്‍ അവിസ്മരണീയമായ ഒരു അവധിക്കാലം ആസ്വദിക്കാനുള്ള ഒരുക്കത്തിലാണേവരും. പാന്‍ഡെമിക്കിനെ തുടര്‍ന്ന് വളരെക്കാലം നേരില്‍ കാണാതിരുന്ന ബന്ധുമിത്രാദികളോടൊത്ത് ഒരവധിക്കാലം ചെലവഴിക്കാനുള്ള സുവര്‍ണാവസരമാണ് മറ്റൊരു രാജ്യത്ത് ഫോമാ ഒരുക്കുന്നത്.
കുടുംബങ്ങളുടെ പങ്കാളിത്തത്തിന് പുറമെ പരിപാടികളുടെ വ്യത്യസ്തതയാലും അവതരണ മികവുകൊണ്ടും ഈ മലയാളി മാമാങ്കം ഏറ്റവും ആകര്‍ഷകമാകുമെന്ന കാര്യത്തില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ, പ്രസിഡന്റ് അനിയന്‍ ജോര്‍ജ്, ജനറല്‍ സെക്രട്ടറി ടി ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ പോള്‍ ജോണ്‍ (റോഷന്‍) തുടങ്ങിയവര്‍ക്ക് സംശയമില്ല.