ഫ്രാന്‍സിസ് തടത്തില്‍
ഫൊക്കാനയുടെ പുതിയ ഭരണസമിതി (2022- 2024) അധികാരമേറ്റ് ഒരു മാസം പിന്നിടുമ്പോള്‍ പ്രവര്‍ത്തന കര്‍മ്മ മണ്ഡലത്തിലേക്ക് സജീവമായി രംഗത്ത്. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയ ഫൊക്കാന നേതാക്കന്മാര്‍ കേന്ദ്ര വിദേശകാര്യ – പാര്‍ല്യമെന്ററി കാര്യ വകുപ്പ് മന്ത്രി വി.മുരളീധരനെ സന്ദര്‍ശിച്ച് അമേരിക്കന്‍ മലയാളികളുടേതുള്‍പ്പെടെയുള്ള പ്രവാസികളുടെ വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു. ഫൊക്കാന പ്രസിഡണ്ട് ഡോ. ബാബു സ്റ്റീഫന്‍, സെക്രെട്ടറി ഡോ. കല ഷഹി, ട്രഷറര്‍ ബിജു ജോണ്‍ കൊട്ടരക്കര എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് കേന്ദ്ര മന്ത്രി വി. മുരളീധരനെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയത്.
കേരളത്തിലെ വിമാനത്താവളങ്ങളില്‍ ഒ.സി.ഐ കാര്‍ഡ് ഉടമകള്‍ക്കായി പ്രത്യേക ഒ.സി.ഐ. കൗണ്ടര്‍ ആരംഭിക്കണമെന്നും അമേരിക്കയിലെ വിവിധ നഗരങ്ങളില്‍നിന്ന് കേരളത്തിലെ പ്രധാനപ്പെട്ട വിമാനത്താവളങ്ങളെ ബന്ധിപ്പിക്കുന്ന വിമാന സര്‍വീസുകള്‍ ആഴ്ചയില്‍ കുറഞ്ഞത് ഒരു ദിവസമെങ്കിലും ആരംഭിക്കണമെന്നും നേതാക്കന്മാര്‍ മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.
അമേരിക്കന്‍ മലയാളികളുടെ നാട്ടിലുള്ള സ്വത്തുക്കള്‍ ക്രയവിക്രയം ചെയ്യന്നതിനുള്ള സംരക്ഷണത്തിനായി രൂപം നല്‍കിയ പ്രവാസി പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷന്‍ ആക്ട് നിയമം പ്രാബല്യത്തില്‍ വരുത്താനും അത് വഴി പ്രവാസികള്‍ ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിപഹാരം കാണാനും മന്ത്രിയുടെ ഇടപെടല്‍ വേണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.
മന്ത്രിയുമായി ഏതാണ്ട് അര മണിക്കൂറിലേറെ നീണ്ടു നിന്ന കൂടിക്കാഴ്ച്ചയില്‍ വച്ച് 2024 ല്‍ വാഷിംഗ്ടണ്‍ ഡി.സി.യില്‍ നടക്കുന്ന ഫൊക്കാനയുടെ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനുള്ള ക്ഷണവും നേതാക്കന്മാര്‍ കേന്ദ്ര മന്ത്രിക്ക് മുന്‍കൂട്ടി നല്‍കി. രണ്ടു വര്‍ഷം കഴിഞ്ഞു നടക്കുന്ന കണ്‍വെന്‍ഷനിലെ ആദ്യത്തെ ക്ഷണിതാവാണ് അദ്ദേഹമെന്നും ഫൊക്കാന പ്രസിഡണ്ട് ഡോ. ബാബു സ്റ്റീഫന്‍ മന്ത്രിയെ അറിയിച്ചു. സമയം ക്രമപ്പെടുത്തി കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ ശ്രമിക്കുമെന്ന് മന്ത്രി നേതാക്കളോട് പറഞ്ഞു. കേന്ദ്ര മന്ത്രിയുമായുളള കൂടിക്കാഴ്ച്ച വന്‍ വിജയകരമായിരുന്നുവെന്ന് ഫൊക്കാന നേതൃസംഘം കൂടിക്കാഴ്ചകള്‍ക്ക് ശേഷം പറഞ്ഞു.
ഡോ. ബാബു സ്റ്റീഫന്റെ നേതൃത്വത്തിലുള്ള സംഘം പിന്നീട് നാട്ടിലേക്ക് തിരിച്ചു. പിന്നീട് തിരുവന്തപുരത്ത് വച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായും മറ്റു വിവിധ വകുപ്പ് മന്ത്രിമാരുമായും സംഘം അമേരിക്കന്‍ പ്രവാസികളെ സംബന്ധിക്കുന്ന വിവിധ വിഷങ്ങളേക്കുറിച്ച് ചര്‍ച്ച ചെയ്യും. മന്ത്രിമാര്‍,ഉദ്യോഗസ്ഥ പ്രമുഖര്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ചുകൊണ്ട് തിരുവന്തപുരത്ത് ഫോക്കാന നേതാക്കന്മാര്‍ക്ക് സ്വീകരണവും നല്‍കുന്നുണ്ട്.