വാഷിങ്ടൺ: നാസയുടെ ബഹിരാകാശ പേടകം ബോയിങ് സ്റ്റാര്‍ലൈനറില്‍ ബഹിരാകാശത്തെത്തിയ സുനിതാ വില്ല്യംസും ബച്ച് വിൽമോറും ഇപ്പോഴും ബഹിരാകാശത്ത് തുടരുകയാണ്. ഒന്‍പത് ദിവസം മാത്രം നീണ്ടു നില്‍ക്കേണ്ടിയിരുന്ന ബഹിരാകാശ ദൗത്യം ഇപ്പോള്‍ 50 ദിവസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. ദൗത്യത്തിനിടെയുണ്ടായ പേടകത്തിലെ ഹീലിയം വാതക ചോര്‍ച്ചയാണ് ഇവരുടെ മടക്കം അനിശ്ചിതത്വത്തിലാക്കിയത്. ജൂണ്‍ 14 ന് തിരിച്ചെത്തേണ്ടിയിരുന്ന ദൗത്യം പിന്നീട് ജൂണ്‍ 26 ലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ തകരാര്‍ പരിഹരിക്കാനാവാത്തതിനാല്‍ മടങ്ങി വരവ് വീണ്ടും വൈകുകയായിരുന്നു. ജൂണ്‍ ആറിനാണ് ഇരുവരും ബഹിരാകാശത്ത് എത്തിയത്. ദൗത്യം അനിശ്ചിതമായി തുടരുന്നതിനിടെ സുനിതാ വില്ല്യംസിന്‍റെ ആരോഗ്യ പ്രശ്നങ്ങളും വര്‍ധിക്കുന്നുവെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. മൈക്രോഗ്രാവിറ്റി കാരണം അസ്ഥിക്ഷയം സംഭവിക്കുന്നതാണ് സുനിത വില്യംസ് നേരിടുന്ന പ്രധാന പ്രശ്നം.
ബഹിരാകാശത്തെ അന്തരീക്ഷം യാത്രികരുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കാമെന്ന് നേരത്തെ തന്നെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. മൈക്രോഗ്രാവിറ്റി, റേഡിയേഷന്‍ എക്‌സ്‌പോഷര്‍, പരിമിതമായ ജീവിത സാഹചര്യങ്ങള്‍, ഒറ്റപ്പെടല്‍ എന്നിവയാണ് ബഹിരാകാശ യാത്രക്കാര്‍ക്ക് നേരിടേണ്ടി വരുന്ന പ്രധാന വെല്ലുവിളി. മൈക്രോഗ്രാവിറ്റിയാലുണ്ടാകുന്ന ഫ്ലൂയിഡ് റീഡിസ്ട്രിബ്യൂഷനാണ് ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടത്.
ബഹിരാകാശത്ത് ഗുരുത്വാകര്‍ഷണ ശക്തി ഇല്ലാത്തതിനാല്‍ത്തന്നെ ഫ്ലൂയിഡ് ശരീരത്തിന്‌റെ മുകള്‍ഭാഗത്തേക്ക് മാറുകയും ഇത് മുഖത്തെ വീക്കത്തിനും കാലുകളിലും പാദത്തിലും ഫ്ലൂയിഡ് കുറയുന്നതിനും കാരണമാകും.