പുന്റ കാന: ഭരണ സംവിധാനത്തിലെ അനീതി തുറന്നു കാട്ടാന്‍ ശ്രമിച്ചപ്പോള്‍ എതിരാളികളില്‍ നിന്നു രൂക്ഷമായി ആക്രമണം നേരിടേണ്ടി വന്നുവെന്ന് മൂവാറ്റുപുഴ എംഎല്‍എയും കേരളാ നിയമസഭയിലെ കോണ്‍ഗ്രസിന്റെ യുവ പോരാളിയുമായ അഡ്വ. ഡോ. മാത്യു കുഴല്‍നാടന്‍.
അമേരിക്കന്‍ മലയാളികളുടെ മാതൃ സംഘടനയായ ഫോമയുടെ അന്തര്‍ദേശീയ സമ്മേളനത്തിന്റെ ഭാഗമായി പുന്റ കാനയിലെത്തിയപ്പോഴായിരുന്നു മാത്യു ഇത്തരത്തില്‍ പ്രതികരിച്ചത്. ഫോമ കണ്‍വെന്‍ഷനോട് അനുബന്ധിച്ച് മൂവാറ്റുപുഴ- കോതമംഗലം സ്വദേശികളുടെ കൂടിച്ചേരലിലും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായുള്ള സംവാദത്തിലും മാത്യു തന്റെ നിലപാടും വീക്ഷണവും വിശദീകരിച്ചു.
പരമ്പരാഗത രീതിയിലുള്ള രാഷ്ട്രീയ ശൈലിയോടൊപ്പം യുവാക്കള്‍ ഉള്‍പ്പെടെയുള്ളവരെ ആകര്‍ഷിക്കുന്ന രീതിയിലാവണം ഇന്നത്തെ രാഷ്ട്രീയ പ്രവര്‍ത്തനമെന്നതാണ് ആഗ്രഹം. അതിന് അനുസരിച്ചുള്ള രാഷ്ട്രീയ രീതിയാണ് താന്‍ അവലംബിച്ചത്. നിയമസഭയില്‍ ഭരണപക്ഷത്തിന്റെ ജനാധിപത്യ വിരുദ്ധമായ നിലപാടുകളെ ചോദ്യം ചെയ്തപ്പോള്‍ കൂട്ടമായ ആക്രമണങ്ങള്‍ക്ക് ഇരയാകേണ്ടിവന്നു. എത്ര പ്രതിസന്ധിയുണ്ടായാലും മുന്നോട്ടുവെച്ച നിലപാടുകളില്‍ നിന്നും ഒരു പിന്നോട്ടുപോക്കില്ലെന്നതാണ് തന്റെ അഭിപ്രായം.
തന്നോട് സ്‌നേഹമുള്ള പലരും പറഞ്ഞത് കേരള രാഷ്ട്രീയത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരിക എളുപ്പമല്ലെന്നായിരുന്നു. ശക്തമായ പ്രതികരണങ്ങള്‍ നടത്തിയാല്‍ ചെറിയ പ്രായത്തില്‍ സ്വന്തം രാഷ്ട്രീയ ഭാവി അവസാനിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ പോയേക്കുമെന്ന് മുന്നറിയിപ്പുപോലും ഒരുഘട്ടത്തില്‍ ലഭിച്ചു.
നിയമസഭയില്‍ കരിമണല്‍ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ള വിവാദവിഷയങ്ങള്‍ അവതരിപ്പിച്ചപ്പോള്‍, ഭരണപക്ഷത്തെ ഒരു മന്ത്രി തന്നെ ഭീഷണിയുടെ സ്വരത്തില്‍ സംസാരിച്ചു. മുഖ്യമന്ത്രിക്കെതിരെ കഴിഞ്ഞ മന്ത്രിസഭയില്‍ സംസാരിച്ചവര്‍ ഇന്നിവിടെ ഇല്ല എന്നായിരുന്നു ആ മന്ത്രിയുടെ താക്കീത്.
കരിമണല്‍ പോലെ പൊളിറ്റിക്കല്‍ ഫണ്ടിംഗ് നടത്തുന്ന ഉന്നതര്‍ ഉള്‍പ്പെടുന്ന വിഷയം കൈകാര്യം ചെയ്യുക ഒട്ടും എളുപ്പമല്ല. മുമ്പ് സമാനമായ രീതിയിലെ ഇടപെടലാണ് വി.എം.സുധീരനെ പരാജയപ്പെടുത്തിയത് എന്നതുകൊണ്ട് തനിക്കും ആ അനുഭവം ഉണ്ടായേക്കാം എന്ന് പലരും ഓര്‍മിപ്പിച്ചതായും എംഎല്‍എ പറഞ്ഞു. നിയമസഭയിലെ നിലപാടുകളുടെ പേരില്‍ തന്നെ ചുറ്റിപ്പറ്റി എല്ലാം അരിച്ചുപെറുക്കിയിട്ടും എതിരായി തെളിവുകള്‍ ഒന്നും ഉണ്ടായില്ല.
മുന്നില്‍ വരുന്ന ഭീഷണികള്‍ക്കു വഴങ്ങാതെ മുന്നോട്ട് നീങ്ങുമ്പോഴും തെരഞ്ഞെടുപ്പ് വരുമ്പോള്‍ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് തനിക്കെതിരെ വലിയ ശക്തിയായി നിലകൊള്ളുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പരമ്പരാഗത രാഷ്ട്രീയ കാഴ്ച്ചപ്പാടില്‍ മാറ്റം വേണമെന്നാഗ്രഹിക്കുന്ന വ്യക്തിത്വവും ഒരു ഉറച്ച പോരാളിയുമാണ് അഡ്വ. ഡോ. മാത്യു കുഴല്‍നാടനെന്നു ഫോമയുടെ നിയുക്ത പ്രസിഡന്റ് ബേബി മണക്കുന്നേല്‍ പറഞ്ഞു. രാഷ്ട്രീയ രംഗത്ത് ഉള്‍പ്പെടെ നിലവിലുള്ള ചില ആശാവഹമല്ലാത്ത പ്രവണതകള്‍ക്കെതിരേ ശക്തമായ പ്രതികരണം നടത്തുന്ന വ്യക്തി. യുവത്വത്തിനു പ്രതീക്ഷ നലകുന്ന നിലപാടുകള്‍ കൈക്കൊള്ളുന്നതിലൂടെ പുതു തലമുയ്ക്കിടയില്‍ ഏറെ സ്വീകാര്യന്‍.
ഇരട്ടപൗരത്വം, ചാരിറ്റി ഫണ്ട് മാനേജ്‌മെന്റ്, ഗുണമേന്മയുള്ള തൊഴിലിന്റെയും വിദ്യാഭ്യാസത്തിന്റെയും പ്രധാന്യം എന്നിവയില്‍ കൃത്യമായ അറിവും നിലപാടുമുള്ള വ്യക്തി. മികച്ച ഒരു നേതാവായ മാത്യു കുഴല്‍നാടില്‍ നിന്ന്
ഏറെ പഠിക്കാനുമുണ്ട്. സമൂഹത്തില്‍ മാറ്റങ്ങള്‍ ഉണ്ടാവാന്‍ ഉറച്ച നിലപാടുകള്‍ വേണം. യുവജനങ്ങളുടെ ഐക്കണായി മാറിയ മാത്യു മികച്ച ഒരു എംഎല്‍എ ആയി ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്റെ പ്രവര്‍ത്തനമികവ് തെളിയിച്ചു. ഭാവിയില്‍ കേരള മന്ത്രിസഭയില്‍ ഇടം നേടാനും സാധ്യതയുള്ള വ്യക്തിത്വമാണ് അഡ്വ. ഡോ. മാത്യു കുഴല്‍നാടനെന്നും നിയുക്ത ഫോമാ പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. നിയുക്ത ഫോമാ സെക്രട്ടറി ബിജു വര്‍ഗീസ്, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഹൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രസിഡന്റ് തോമസ് ഒലിയാം കുന്നേല്‍, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പെന്‍സില്‍വാനിയ ചാപ്റ്റര്‍ ചെയര്‍മാന്‍ സാബു സ്‌കറിയ തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.