വാഷിങ്ടണ്‍ ഡിസി: കമല ഹാരിസിന് പിന്തുണയുമായി അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമ. ശക്തിയേറിയ മത്സരമാണ് നടക്കാന്‍ പോകുന്നതെന്ന് പറഞ്ഞ ഒബാമ, പുതിയ പ്രസിഡന്റായി കമല ഹാരിസിനെ സ്വീകരിക്കാന്‍ അമേരിക്ക തയ്യാറായിരിക്കുന്നുവെന്നും പറഞ്ഞു. ചിക്കാഗോയില്‍ നടക്കുന്ന ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നാഷണല്‍ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രോസിക്യൂട്ടറായിരിക്കെ കമല ഹാരിസ് നടത്തിയ ഇടപെടലുകളെ കുറിച്ച് പരാമര്‍ശിച്ച ഒബാമ, അവര്‍ വന്‍കിട ബാങ്കുകള്‍ക്കെതിരെയും കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തവര്‍ക്കെതിരെ നടത്തിയ ഇടപെടലുകളും ചൂണ്ടിക്കാട്ടി. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെതിരെ പരോക്ഷമായ വിമര്‍ശനമാണ് അദ്ദേഹം നടത്തിയത്. ജനങ്ങളുടെ പ്രശ്നങ്ങളില്‍ കമല ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും, സ്വന്തം വോട്ടര്‍മാര്‍ക്ക് വേണ്ടിയായിരിക്കില്ല അവരുടെ പ്രവര്‍ത്തനമെന്നും, തനിക്ക് മുന്നിൽ മുട്ടുമടക്കാത്തവരെ കമല ശിക്ഷിക്കില്ലെന്നും ഒബാമ പറഞ്ഞു.
അമേരിക്കക്കാര്‍ അവരുടെ ഭാവിക്ക് വേണ്ടി വോട്ട് ചെയ്യണമെന്നാണ് അദ്ദേഹം വാഗ്ദാനം ചെയ്തത്. നിലവിലെ പ്രസിഡന്റായ ജോ ബൈഡനില്‍ താന്‍ അഭിമാനിക്കുന്നു. വലിയ വെല്ലുവിളി നേരിട്ട ഘട്ടത്തില്‍ ജനാധിപത്യത്തെ സംരക്ഷിച്ച ബൈഡനെ ഏറ്റവും മികച്ച പ്രസിഡന്റായി ചരിത്രം അടയാളപ്പെടുത്തും. ‘അദ്ദേഹത്തെ എന്റെ പ്രസിഡന്റ് എന്ന് വിളിക്കാന്‍ സാധിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു, അദ്ദേഹമെൻ്റെ സുഹൃത്തായതില്‍ ഞാന്‍ അതിലേറെ അഭിമാനിക്കുന്നു’, ഒബാമ പറഞ്ഞു.
കഴിഞ്ഞ ദിവസം ആരംഭിച്ച ഡെമോക്രാറ്റിക് ദേശീയ കണ്‍വെന്‍ഷനില്‍ ജോ ബൈഡനും ഹിലരി ക്ലിന്റനും അടക്കമുള്ളവര്‍ കമല ഹാരിസിന് പിന്തുണ അറിയിച്ചിരുന്നു.