ഷിക്കാഗോ: ഡെമോക്രാറ്റിക് കണ്‍വെന്‍ഷനെ അഭിസംബോധന ചെയ്ത് മുന്‍ പ്രഥമ വനിത മിഷേല്‍ ഒബാമ. വേദിയില്‍ മിഷേല്‍ പ്രത്യക്ഷപ്പെട്ടതും നിറഞ്ഞ കയ്യടിയായിരുന്നു മിഷേലിനെ സ്വീകരിച്ചത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ‘ഏറ്റവും യോഗ്യതയുള്ളവരില്‍ ഒരാള്‍’ എന്നാണ് കമലാ ഹാരിസിനെ മിഷേല്‍ ഒബാമ വിശേഷിപ്പിച്ചത്. കമലാ ഹാരിസിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു മിഷേല്‍ സംസാരിച്ചത്.
”കമലാ ഹാരിസ് ഈ നിമിഷത്തിനായി കൂടുതല്‍ തയ്യാറാണ്. പ്രസിഡന്റ് പദവി തേടിയെത്തിയ ഏറ്റവും യോഗ്യരായ ആളുകളില്‍ ഒരാളാണ് അവര്‍.” കൂടാതെ, അവര്‍ ഏറ്റവും മാന്യയായ ഒരാളാണെന്നും മിഷേല്‍ പറഞ്ഞു.
“അമേരിക്ക, പ്രതീക്ഷ ഒരു തിരിച്ചുവരവ് നടത്തുകയാണ്,” മിഷേല്‍ കണ്‍വെന്‍ഷനില്‍ പറഞ്ഞു. മിഷേല്‍ ഒബാമ തന്റെ പ്രസംഗം ആരംഭിച്ചപ്പോള്‍ അനിശ്ചിതത്വത്തില്‍ മുങ്ങിയ അമേരിക്കയെക്കുറിച്ച് സംസാരിച്ചു. ട്രംപിന്റെ കാലഘട്ടത്തെക്കുറിച്ച് പേരെടുത്ത് പറയാതെ അവര്‍ വിമര്‍ശനമുന്നയിക്കുകയായിരുന്നു.
കമലാ ഹാരിസിനും മറ്റ് ചില ഡെമോക്രാറ്റുകളെയും ചൂണ്ടി യഥാര്‍ത്ഥ അമേരിക്കക്കാരല്ലെന്ന ട്രംപിന്റെ വാദത്തിന്റെ മുന ഒടിച്ചും മിഷേലിന്റെ വാക്കുകള്‍ എത്തി. ഒരു അമേരിക്കക്കാരന് എന്നതിന്റെ പേരില്‍ ആര്‍ക്കും ഒന്നും കുത്തകയല്ലെന്ന് എടുത്തുപറഞ്ഞാണ് മിഷേല്‍ തന്റെ പ്രസംഗം തുടര്‍ന്നത്.
ബരാക് ഒബാമ അമേരിക്കയില്‍ ജനിച്ചിട്ടില്ലെന്നും അതിനാല്‍ പ്രസിഡന്റ് സ്ഥാനത്തിന് യോഗ്യനല്ലെന്നുമുള്ള അടിസ്ഥാനരഹിതമായ ഗൂഢാലോചന സിദ്ധാന്തം പ്രചരിപ്പിക്കുന്നതിനായി ഡോണള്‍ഡ് ട്രംപ് ഏറെ സമയം ചിലവഴിച്ചെന്നും മിഷേല്‍ കുറ്റപ്പെടുത്തി. അത്തരലുള്ള പ്രചരണം കൊണ്ട് ആളുകളെ ഞങ്ങള്‍ക്കെതിരെ തിരിക്കാനും ട്രംപ് ശ്രമിച്ചെന്നും ലോകത്തെക്കുറിച്ചുള്ള ട്രംപിന്റെ പരിമിതവും ഇടുങ്ങിയതുമായ വീക്ഷണം കാരണമാണതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കഠിനാധ്വാനികളും ഉയര്‍ന്ന വിദ്യാസമ്പന്നരും കറുത്തവരുമായവരുടെ വിജയം ട്രംപിനെ ഭയപ്പെടുത്തുന്നുവെന്നും മിഷേല്‍ ഒബാമ പറഞ്ഞു.