അജു വാരിക്കാട്
ഹൂസ്റ്റണ്‍: ഫോമായേ സ്‌നേഹിക്കുന്ന ഹൂസ്റ്റണിലുള്ള സമൂഹത്തിന്റെ ഒത്തുചേരല്‍ ഓഗസ്റ്റ് 25 ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് റോയല്‍ റസ്റ്റോറന്റില്‍ വച്ച് നടത്തപ്പെട്ടു. സതേണ്‍ റീജിയന്‍ ആര്‍.വി.പി മാത്യൂസ് മുണ്ടക്കല്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ പൂന്താക്കാനയില്‍ വച്ച് നടന്ന ഫോമാ നാഷണല്‍ കണ്‍വന്‍ഷനില്‍ വച്ച് ഫോമാ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ബേബി മണക്കുന്നേല്‍ മുഖ്യാതിഥി ആയി പങ്കെടുത്തു.
മീറ്റിങ്ങില്‍ ബേബി മണക്കുന്നേലിന് സ്വീകരണം നല്‍കുകയും പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു. മലയാളി സമൂഹത്തിലെ വ്യത്യസ്ത മേഖലയിലുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. ”ഫോമാ ഒരു സംഘടന മാത്രമല്ല, നമ്മുടെ പൈതൃകവും മൂല്യങ്ങളും പങ്കിടുന്ന ഒരു വലിയ കുടുംബമാണ്, ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുവാനുള്ള നമ്മുടെ പ്രചോദനമാണ്. ബേബി മണക്കുന്നലിന്റെ വിജയം നമുക്ക് ഒരുപാട് ആവേശമാണ് നല്‍കുന്നത്. അദ്ദേഹം ഉയര്‍ത്തിപ്പിടിക്കുന്ന ക്ഷമയും സംഘടനാ പ്രതിബദ്ധതയും എല്ലാവര്‍ക്കും മാതൃകാപരമാണ്…” മുണ്ടയ്ക്കല്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. ഫോമായുടെ സ്ഥാപക പ്രസിഡന്റായി സേവനം അനുഷ്ഠിച്ച ശശിധരന്‍ നായരും ഫോമാ നാഷണല്‍ കമ്മിറ്റി മെമ്പറായ രാജന്‍ യോഹന്നാനും ചേര്‍ന്നാണ് പുതിയ പ്രസിഡന്റിനെ പൊന്നാട അണിയിച്ച് സ്വീകരിച്ചത്.
ജഡ്ജ് സുരേന്ദ്രന്‍ കെ പാട്ടേല്‍, സ്റ്റാഫോര്‍ഡ് സിറ്റി മേയര്‍ കെന്‍ മാത്യു എന്നിവരും മലയാളി സമൂഹത്തിലെ നിരവധി പ്രമുഖരും സ്വീകരണ യോഗത്തില്‍ പങ്കെടുത്ത് പുതിയ പ്രസിഡന്റിന് ആശംസകള്‍ അറിയിച്ചു. സ്വീകരണം ഏറ്റുവാങ്ങിയ ബേബി മണക്കുന്നേല്‍ ഹൂസ്റ്റണ്‍ സമൂഹത്തിന് നന്ദി അറിയിച്ചു. തന്നില്‍ ഏല്‍പ്പിച്ചിരിക്കുന്ന ഉത്തരവാദിത്വം ഒരു വലിയ ഉത്തരവാദിത്വമാണ് എന്ന് താന്‍ മനസ്സിലാക്കുന്നു. എന്നാല്‍ തന്റെ കഴിവിന്റെ പരമാവധി അര്‍പ്പിച്ചുകൊണ്ട് ഫോമായെ മുന്നോട്ടു നയിക്കുവാനായി ഒരുമിച്ച് ശ്രമിക്കും എന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
നൂതനമായ പുതിയ ആശയങ്ങള്‍ പല ഭാഗങ്ങളില്‍ നിന്നും വരുന്നുണ്ടെന്നും അതെല്ലാം കേട്ട് മനസ്സിലാക്കി പഠിച്ച് ആവശ്യമുള്ളത് ഹോമായുടെ മുന്‍പോട്ടുള്ള വളര്‍ച്ചയ്ക്ക് പ്രയോജനപ്പെടും വിധം ഉപയോഗിക്കും എന്നും അദ്ദേഹം മറുപടി പ്രസംഗത്തില്‍ പറയുകയുണ്ടായി. ഐ.പി. സി.എന്‍.എ പ്രസിഡന്റ് സൈമണ്‍ വളാച്ചേരില്‍, പിയര്‍ ലാന്‍ഡ് അസോസിയേഷന്‍ പ്രസിഡന്റ് റോയ് മാത്യു, മാഗ് സെക്രട്ടറി സുബിന്‍ കുമാരന്‍ എന്നിവരും ആശംസകള്‍ അറിയിച്ചു.
ഫോമ എന്ന മലയാളി സംഘടനയ്ക്ക് ഒരു പുത്തന്‍ ഉണര്‍വാണ് ബേബി മണക്കുന്നേല്‍ പ്രസിഡന്റ് ആയതിലൂടെ മലയാളി സമൂഹത്തിന് ലഭിച്ചത് എന്ന് സെക്രട്ടറി വര്‍ഗീസ് മാത്യു യോഗത്തിനുശേഷം പറഞ്ഞു.
—–Photos by Lalmediaus