അനിൽ ആറന്മുള
ഹ്യൂസ്റ്റൺ: പുതിയ തലമുറയുടെ ആത്മീയ വികാസത്തിനായി ഒരു സൺഡേ സ്കൂൾ കെട്ടിടം പണിയുക എന്ന ആവശ്യം മുൻനിർത്തിയാണ് സെന്റ്മേരീസ് മലങ്കര ഓർത്തഡോക്സ് ഇടവകാംഗങ്ങൾ ആരവം എന്ന പരിപാടിയുമായി മുന്നോട്ടുവന്നിട്ടുള്ളത്. അമേരിക്കയിൽ ഈവർഷം നടക്കുന്ന പരിപാടികളിൽ ഏറ്റവും മികച്ച ഒന്നാണ് രമേശ് പിഷാരടി നേതൃത്വം നൽകുന്ന ‘ആരവം’. പ്രമുഖ ഗായിക മഞ്ജരി, വിവേകാനന്ദൻ, പ്രദീപ് ബാബു, സുമി അരവിന്ദ് എന്നിവരും മറ്റു ധാരാളം സ്റ്റേജ് കലാകാരൻമാർ സാങ്കേതിക വിദഗ്ദ്ധർ എന്നിവരടങ്ങുന്ന സംഘമാണ് ആരവത്തിനു പിന്നിലുള്ളത്.
സെപ്റ്റംബർ 13 നു വെള്ളിയാഴ്ച്ച സ്റ്റാഫോർഡിലെ ഇമ്മാനുവേൽ സെന്ററിൽ ആണ് പരിപാടി അരങ്ങേറുക.
പരിപാടിക്ക് മുന്നോടിയായി നടക്കുന്ന സമ്മേളനത്തിൽ സി പി ഐ സംസ്ഥാന സെക്രട്ടറി ശ്രി ബിനോയ് വിശ്വം എം പി മുഖ്യാതിഥി ആയിരിക്കും. കൂടാതെ ജന പ്രതിനിധികളായ ഫോട്ബെൻഡ് കൗണ്ടി ജഡ്ജ് കെ പി ജോർജ്, ടെക്സാസ് ഡിസ്ട്രക്ട 76 ഹൗസ് ഓഫ് റെപ്രെസെന്ററ്റീവ് ഡോ. സുലൈമാൻ ലലാനി സ്റ്റാഫോർഡ് മേയർ കെൻ മാത്യു, മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട്, ജഡ്ജ് സുരേന്ദ്രൻ പട്ടേൽ, ജഡ്ജ് ജൂലി മാത്യു, ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ എന്നിവർ അതിഥികളായിരിക്കും.
പള്ളി വികാരി റവ. ഫാദർ ജോൺസൻ പുഞ്ചക്കോണം, ട്രസ്റ്റീ എറിക് മാത്യു, സെക്രട്ടറി സുബിൻ ജോൺ, ജനറൽ കൺവീനെർ ജിക്സിൽ ജോൺസൻ, ജോയിന്റ് കൺവീനർ ജോസഫ് ചെറിയാൻ എന്നിവരാണ് പരിപാടികൾക്ക് നേതൃത്വം കൊടുക്കുന്നത്.