ബിനോയി സ്റ്റീഫന്‍ കിഴക്കനടി (പി. ആര്‍. ഓ.)
ഷിക്കാഗോ: സെപ്റ്റംബര്‍ 19 ഞായറാഴ്ച്ച രാവിലെ 9:45 ന്, പ്രവാസി ക്‌നാനായക്കാരുടെ പ്രഥമ ദൈവാലയമായ ഷിക്കാഗോ തിരുഹ്യദയ ഫൊറോനാ ദൈവാലയത്തിന്റെ പതിനഞ്ചാം വാര്‍ഷികം ക്യതജ്ഞതാബലി അര്‍പ്പിച്ച് ആഘോഷിച്ചു. തദവസരത്തില്‍, ഷിക്കാഗോ സെന്റ്. തോമസ് രുപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ സേവനങ്ങളെ ആദരിച്ച് മൊമെന്റോ നല്‍കി.
വി. കുര്‍ബാനക്ക് ഒരുക്കമായുള്ള പ്രദക്ഷിണത്തിനു ശേഷം ജെയിസണ്‍ & നീതു ഐക്കരപ്പറമ്പില്‍ എന്നിവര്‍ തങ്ങളുടെ വിവാഹ സമ്മാനമായി സ്‌പോണ്‍സര്‍ ചെയ്ത പുതിയ വചനവേദികള്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവ് ആശീര്‍വദിച്ചു. തുടര്‍ന്ന് ഫൊറോനാ വികാരി വെരി. റെവ. ഫാ. ഏബ്രഹാം മുത്തോലത്ത്, മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവിനെ ദൈവാലത്തിലേക്ക് സ്വാഗതം ചെയ്തു. മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ മുഖ്യകാര്‍മ്മികത്വത്തിലും, ക്‌നാനായ റീജിയണ്‍ ഡയറക്ടറും വികാരി ജനറാളുമായ മോണ്‍. റവ. ഫാ. തോമസ് മുളവനാല്‍, റവ. ഫാ. മുത്തോലത്ത് എന്നിവരുടെ സഹകാര്‍മ്മികത്വത്തിലും ക്യതജ്ഞതാബലി അര്‍പ്പിച്ചു.
പിതാവിന്റെ അനുഗ്രഹപ്രഭാഷണത്തില്‍, ദൈവപുത്രനായി പിറന്ന് കുരിശുമരണത്തിലൂടെ രക്ഷ നേടിത്തന്ന ഈശോയുടെ കാരുണ്യത്തിലാണ് നമ്മള്‍ എപ്പോഴും ആശ്രയം വെക്കേണ്ടതെന്നും ഉദ്‌ബോധിപ്പിച്ചു. അതോടൊപ്പം തന്നെ കുടുംബാംങ്ങള്‍ തമ്മില്‍ സ്‌നേഹത്തിലധിഷ്ഠിതമായ നല്ല ബന്ധമുണ്ടാകണമെന്നും, നമുക്ക് ലഭിച്ച വിശ്വാസം മക്കള്‍ക്ക് പകര്‍ന്ന് നല്‍കി പാരമ്പര്യങ്ങള്‍ കാത്ത് സൂക്ഷിച്ച് സഭയേയും സമുദായത്തെയും മാത്രമല്ല രാഷ്ട്രത്തേയും വളര്‍ത്തണമെന്നും ഓര്‍മ്മപ്പെടുത്തി.
കഴിഞ്ഞ 20 വര്‍ഷങ്ങളായി മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവ് സീറോ മലബാര്‍ സഭക്കും, ക്‌നാനായ സമുദായത്തിനും ചെയ്ത പ്രവര്‍ത്തനങ്ങളെ റെവ. ഫാ. ഏബ്രഹാം മുത്തോലത്ത് അനുസ്മരിച്ച് നന്ദി പ്രകാശിപ്പിച്ചു. റവ. ഫാ. തോമസ് മുളവനാല്‍ നോര്‍ത്ത് അമേരിക്കയിലെ ക്‌നാനായ റീജിയണിന്റെ വളര്‍ച്ചക്ക് പിതാവിലുടെ ലഭിച്ച എല്ലാ അനുഗ്രഹങ്ങള്‍ക്കും ക്യതഞ്ജത അര്‍പ്പിച്ചു. പിതാവ് 1984 ല്‍ നോര്‍ത്ത് അമേരിക്കയില്‍ വന്നതിനുശേഷമുള്ള സഭാ ശുശ്രുഷ പ്രവര്‍ത്തനങ്ങള്‍ അനുസ്മരിച്ചു.
2001 ല്‍ മെത്രാനായി ഉയര്‍ത്തിയപ്പോള്‍ പുതിയാതായി രൂപം കൊണ്ട രൂപതയുടെ ബാലാരിഷ്ഠതകളില്‍ ഒപ്പം നിന്ന് സഹായിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത തന്റെ വികാരി ജനറാളായിരുന്ന റവ. ഫാ. മുത്തോലത്തിനെ പ്രശംസിക്കുകയും നന്ദി പറയുകയും ചെയ്തു. തുടര്‍ന്ന് ഇപ്പോള്‍ വികാരി ജെനറാളായ മുളവനാലച്ചന്‍ സഭാല്മകമായി സമുദായത്തെ വളര്‍ത്തികൊണ്ടിരിക്കുന്നതിനെ അഭിനന്ദിക്കുകയും, രൂപതക്കുവേണ്ടി ക്‌നാനായ വൈദികരും, സിസ്‌റ്റേഴ്‌സും, സമുദായാംഗങ്ങളും ചെയ്ത നന്മകള്‍ക്ക് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
കഴിഞ്ഞ 15 വര്‍ഷങ്ങളിള്‍ സേവനം ചെയ്ത കൈക്കാരന്മാര്‍, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍, റവ. ഫാ. തോമസ് മുളവനാല്‍, റവ. ഫാ. മുത്തോലത്ത് എന്നിവര്‍ ചേര്‍ന്ന് മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവിന് മൊമെന്റോ കൊടുത്ത് ബഹുമാനിച്ചു.
എക്‌സിക്കൂട്ടീവ് അംഗങ്ങളായ എബ്രാഹം അരീച്ചിറയില്‍, റ്റിജോ കമ്മാപറമ്പില്‍, സണ്ണി മൂക്കേട്ട്, സാബു മുത്തോലം, ലെനിന്‍ കണ്ണോത്തറ, മേഴ്‌സി ചെമ്മലക്കുഴി, സണ്ണി മുത്തോലം, ബിനോയി കിഴക്കനടി എന്നിവരാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്.