വാഷിംഗ്ടണ്‍: 19 കാരനായ കാര്‍ലോസ് അല്‍കാരെസ് യുഎസ് ഓപ്പണ്‍ നേടി ചരിത്രം സൃഷ്ടിച്ചു. ഇതോടെ ഒന്നാം റാങ്ക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി അദ്ദേഹം മാറി. ഫൈനലില്‍ നോര്‍വേയുടെ കാസ്പര്‍ റൂഡിനെ 6-4, 2-6, 7-6(1), 63 എന്ന സ്‌കോറിന് തോല്‍പിച്ചാണ് കാര്‍ലോസ് തന്റെ ആദ്യ ഗ്രാന്‍ഡ് സ്ലാം കിരീടം സ്വന്തമാക്കി ആദ്യമായി ലോക ഒന്നാം നമ്പര്‍ താരമായത്.
ന്യൂയോര്‍കില്‍ നടന്ന രണ്ടാഴ്ചത്തെ ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കൊണ്ട് ആരാധകരെ ആകര്‍ഷിച്ച അല്‍കാരെസ്, റഷ്യയുടെ ഡാനില്‍ മെദ്വദേവിന് പിന്തള്ളിയാണ് ഒന്നാം സ്ഥാനത്തെത്തിയത്. അമേരികന്‍ ഇതിഹാസം പീറ്റ് സാംപ്രാസിന് ശേഷം കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമാണ് അല്‍കാരെസ്. 1990-ല്‍ 19-ാം വയസിലാണ് പീറ്റ് സാംപ്രാസ് യുഎസ് ഓപണ്‍ കിരീടം നേടിയത്.
ഇതോടെ 1973ല്‍ ആരംഭിച്ച എടിപി റാങ്കിങ്ങിലെ ഏറ്റവും പ്രായം കുറഞ്ഞ ഒന്നാം നമ്പര്‍ താരമായി അല്‍കാരെസ് മാറി. നിലവില്‍ ഓസ്ട്രേലിയയുടെ ലൂടണ്‍ ഹെവിറ്റിന്റെ പേരിലാണ് ഈ റെകോര്‍ഡ്. 2001 നവംബര്‍ 19-ന് 20 വയസും എട്ട് മാസവും 23 ദിവസവും പ്രായമുള്ളപ്പോള്‍ ഹെവിറ്റ് ഏറ്റവും പ്രായം കുറഞ്ഞ ഒന്നാം നമ്പര്‍ താരമായി. അല്‍കാരെസ്, റാഫേല്‍ നദാലിന് ശേഷം ഒരു ഗ്രാന്‍ഡ്സ്ലാം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ്.