വാഷിംഗ്ടണ്‍: ലോക്‌സഭാ പ്രതിപക്ഷ നേതാവായ ശേഷം രാഹുല്‍ ഗാന്ധിയുടെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനം സെപ്റ്റംബര്‍ എട്ടു മുതല്‍ പത്തുവരെ.
വാഷിംഗ്ടണ്‍ ഡിസി, ഡാളസ്, ടെക്‌സസ് എന്നിവിടങ്ങളിലാണ് ഹ്രസ്വ സന്ദര്‍ശനം നടത്തുന്നത്. ഇന്ത്യന്‍ വിദ്യാര്‍ഥി സമൂഹവുമായും നിയമനിര്‍മാണ വിദഗ്ധരുമായും മാധ്യമപ്രവര്‍ത്തര്‍ ഉള്‍പ്പെടെയുള്ളവരുമായും ഈ സന്ദര്‍ശനത്തിനിടെ രാഹുല്‍ സംവാദം നടത്തും.
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് രാഹുലിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിന് ചുക്കാന്‍ പിടിക്കും. രാഹുലുമൊത്ത് ഭാരജ് ജോഡോ യാത്രയില്‍ പങ്കാളികളായ പ്രവാസി സമൂഹത്തിന്റെ അഭ്യര്‍ഥന കൂടി മാനിച്ചാണ് അമേരിക്കയിലേയ്ക്കുള്ള ഈ ഹ്രസ്വ സന്ദര്‍ശനം.
രാഹുല്‍ പ്രതിപക്ഷ നേതാവായതിനു ശേഷം, രാഹുല്‍ഗാന്ധിയുമായി സംവാദം നടത്തണമെന്ന് ഇന്ത്യന്‍ പ്രവാസികള്‍, നയതന്ത്രജ്ഞര്‍, അക്കാദമിക് വിദഗ്ധര്‍, വ്യവസായികള്‍, നേതാക്കള്‍, തുടങ്ങി ഒരുപാടു പേര്‍ തന്നോട് ആവശ്യപ്പെട്ടിരുന്നതായി ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാന്‍ സാം പിട്രോഡ പറഞ്ഞു. സെപ്റ്റംബര്‍ എട്ടിന് രാഹുല്‍ ഡാളസില്‍ എത്തും. തുടര്‍ന്ന് അദ്ദേഹം ടെക്‌സ്സ് സര്‍വകലാശാലയിലെ വിദ്യാര്‍ഥകള്‍, പ്രാദേശിക ഇന്ത്യന്‍ കമ്മ്യൂണിറ്റി അംഗങ്ങള്‍ എന്നിവരുമായി സംവദിക്കും. അവിടെ ഇന്ത്യന്‍ കമ്യൂണിറ്റിയുടെ വലിയ ഒത്തുചേരലുണ്ടാവും. അവരുമായുള്ള സമ്മേളനത്തിനു ശേഷം ടെക്‌നോക്രാറ്റ്‌സുമായും ഡാളസ്, പ്രദേശത്തെ നേതാക്കളുമായും കൂടിക്കാഴ്ച നടത്തും, അവരൊത്ത് അത്താഴം കഴിക്കും.
സെപ്റ്റംബര്‍ 9, 10 തീയതികളില്‍ വാഷിംഗ്ടണ്‍ ഡിസിയില്‍ രാഹുല്‍ നിരവധി സമ്മേളനങ്ങളില്‍ പങ്കെടുക്കും. ഇന്ത്യന്‍ ഓവര്‍സീസ് കോണഗ്രസിന്റെ പല സംസ്ഥാനങ്ങളിലെ പ്രതിനിധികള്‍ അദ്ദേഹവുമായി കൂടിക്കാഴ്ച്ച നടത്തും. . ഇന്ത്യന്‍ പ്രവാസികളുടെ നിരവധി ഗ്രൂപ്പുകളുമായും സംവദിക്കും.
2023 മേയിലായിരുന്നു രാഹുല്‍ ഗാന്ധി അവസാനമായി യുഎസില്‍ പര്യടനം നടത്തിയത്.